വാളയാർ ∙ സംസ്ഥാന അതിർത്തിയിലുള്ള എക്സൈസ് ചെക്പോസ്റ്റ് ടീമിന്റെയും ടാസ്ക് ഫോഴ്സ് ടീമിന്റെയും വാഹന പരിശോധനയ്ക്കിടെ 2 കേസുകളിലായി കുഴൽപണമെന്നു സംശയിക്കുന്ന 2.54 കോടി രൂപയും നികുതി വെട്ടിച്ചു കടത്തിയ 4.350 കിലോഗ്രാം വെള്ളിക്കട്ടികളും പിടികൂടി. സംഭവത്തിൽ രാജസ്ഥാൻ സ്വദേശി ഉൾപ്പെടെ 2 പേരെ അറസ്റ്റ് ചെയ്ത ശേഷം ഉപാധികളോടെ ജാമ്യത്തിൽ വിട്ടയച്ചു.
കാറിൽ കടത്തിയ പണവുമായി രാജസ്ഥാൻ പാലി സൺഡേറാവു രാജ്പുട്ടൻ കിഗാലി സ്വദേശി ഭവാനി സിങ് (33) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ പത്തോടെ നടത്തിയ പരിശോധനയിൽ കോയമ്പത്തൂരിൽ നിന്നു പാലക്കാട്ടേക്ക് കടത്തിയ പണമാണു പിടിച്ചത്.
ഇതു കുഴൽപണമാണെന്നാണ് സംശയിക്കുന്നെന്നും കോയമ്പത്തൂർ വിമാനത്താവളം വഴി കൊണ്ടു വന്ന പണം പാലക്കാട്ടേക്കാണു കൊണ്ടുപോയിരുന്നതെന്നും എക്സൈസ് പറഞ്ഞു.
പിടികൂടിയ പണവും പ്രതിയെയും ഇൻകംടാക്സ് വകുപ്പിനു കൈമാറി. പിന്നീട് ഭവാനി സിങ്ങിനെ ഉപാധികളോടെ ജാമ്യത്തിൽ വിട്ടയച്ചു.
2,54,50000 രൂപയാണ് കാറിന്റെ പിൻ സീറ്റിനടിയിൽ ബാഗുകളിലാക്കി ഒളിപ്പിച്ചു സൂക്ഷിച്ചിരുന്നത്. ഒരിടവേളയ്ക്കു ശേഷമാണ് ഇത്രയേറെ അളവിൽ പണം വാളയാറിൽ പിടികൂടുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു മുന്നിൽ കണ്ടു കുഴൽപണ കടത്തിനു സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് വിഭാഗത്തിന്റ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ വാളയാറിൽ എക്സൈസും പൊലീസും പരിശോധന കർശനമാക്കിയിട്ടുണ്ട്.
കേസെടുത്ത ശേഷം തുടരന്വേഷണം ആരംഭിച്ചെന്ന് ഇൻകംടാക്സ് വകുപ്പ് ജില്ലാ ഓഫിസ് അധികൃതർ അറിയിച്ചു. ഒറ്റപ്പാലം എക്സൈസ് റേഞ്ചിന്റെ ടാസ്ക് ഫോഴ്സ് പരിശോധനയിലാണു കെഎസ്ആർടിസി ബസ് യാത്രക്കാരനായ കോഴിക്കോട് കല്ലായി സ്വദേശി അബ്ദുൽ മുനീറിൽ (32) നിന്നു രേഖകളില്ലാതെ കടത്തിയ 4.350 കിലോഗ്രാം വെള്ളിക്കട്ടികൾ പിടികൂടിയത്. ഇതു നികുതി വെട്ടിച്ചു കടത്തിയതാണെന്നു കണ്ടെത്തിയതിനാൽ ജിഎസ്ടി വിഭാഗത്തിനു കൈമാറി 4 ലക്ഷം രൂപയോളം നികുതിയും പിഴയുമായി ഈടാക്കി.
ചെക്പോസ്റ്റ് ടീമിലെ അസി.എക്സൈസ് ഇൻസ്പെക്ടർമാരായ കെ.പി.അനീഷ്, പി.സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എം.മുഹമ്മദ് ഫിറോസ്, സി.വിവേക്, എസ്.സജീവ്, ടാസ്ക് ഫോഴ്സ് ടീമിലെ ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.വിപിൻദാസ്, പ്രിവന്റീവ് ഓഫിസർ എം.െക.പ്രേംകുമാർ, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ കെ.ജെ.ലൂക്കോസ് എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

