പാലക്കാട് ∙ ‘നിങ്ങളൊരു നടനാകണമെന്ന് നിങ്ങൾ ആഗ്രഹിച്ചാൽ, നിങ്ങൾ അതായിരിക്കും’ സിനിമാ മോഹമുള്ളവർ മനസ്സിൽ കുറിച്ചിട്ട, ‘ബെസ്റ്റ് ആക്ടർ’ സിനിമയിലെ ഡയലോഗാണിത്. നടന്റെ മാത്രമല്ല, തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയുമൊക്കെ പിറവിയും അങ്ങനെ തന്നെ.
ഉള്ളിലെ അടങ്ങാത്ത മോഹമാണ് അവരെ സിനിമയിലെത്തിക്കുക. മലയാള മനോരമ ഹോർത്തൂസിന്റെ ഭാഗമായി പാലക്കാട് അഹല്യ ക്യാംപസിന്റെ സഹകരണത്തോടെ നടത്തിയ ‘കഥ, തിരക്കഥ, സംഭാഷണം, സംവിധാനം’ സിനിമാ ശിൽപശാലയിൽ നിന്നു വിദ്യാർഥികൾ സിനിമയെ അടുത്തറിഞ്ഞു.
തിരക്കഥാകൃത്തുക്കളും എഴുത്തുകാരുമായ ജി.ആർ.ഇന്ദുഗോപൻ, ബിപിൻ ചന്ദ്രൻ, അബിൻ ജോസഫ്, സംവിധായകൻ ജോഫിൻ ടി.ചാക്കോ എന്നിവരാണു സിനിമാ മോഹത്തെക്കുറിച്ചും സിനിമയിലേക്കു വന്ന വഴികളെക്കുറിച്ചും അനുഭവങ്ങൾ പങ്കുവച്ചത്.
‘സിനിമയിലെത്താൻ നല്ല നിരീക്ഷണപാടവം വേണം. ചുറ്റുമുള്ളവയിലും ചുറ്റുമുള്ളവരിലും സിനിമയും കഥാപാത്രങ്ങളുമുണ്ടാകും.
അവരുടെ ജീവിതാനുഭവങ്ങളിൽ, ഭാവനയിൽ, അവർ പറയുന്ന കഥകളിലെല്ലാം ത്രെഡ് ഉണ്ടാകും. അതു സിനിമയായി മാറാൻ വലിയ ശ്രമം വേണം എന്നാണു മൂവരും ഒരേസ്വരത്തിൽ വിദ്യാർഥികളോടു പറഞ്ഞത്.
ബിപിൻ ചന്ദ്രൻ മോഡറേറ്ററായി.
മലയാള മനോരമ സീനിയർ കോഓർഡിനേറ്റിങ് എഡിറ്റർ സുരേഷ് ഹരിഹരൻ, അഹല്യ ഹെറിറ്റേജ് വില്ലേജ് ഡയറക്ടർ ഡോ.ആർ.വി.കെ.വർമ എന്നിവരും ശിൽപശാല നയിച്ചവരും ചേർന്നു പങ്കെടുത്ത വിദ്യാർഥികൾക്കു സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ജിജീഷ് കൂട്ടാലിട
പ്രസംഗിച്ചു.
അബിൻ ജോസഫ് ∙ ‘നരിവേട്ട’ സിനിമയുടെ പിറവി ?
അനുരാജ് സഹസംവിധായകനായി പ്രവർത്തിച്ചു വന്നിരുന്ന കാലത്ത് ഒരു സിനിമ ചെയ്യാനായി കഥകൾ അന്വേഷിച്ചു വിളിച്ച എഴുത്തുകാരിൽ ഒരാളാണ് ഞാൻ. അന്നു സിനിമയ്ക്കു വേണ്ടി എഴുതാനുള്ള പദ്ധതികളോ ശ്രമങ്ങളോ ഒന്നും ഇല്ലാതിരുന്ന കാലം.
അതുകൊണ്ട് അനുരാജിന്റെ അന്വേഷണത്തെ ഗൗരവമായി കണ്ടിരുന്നില്ല. പിന്നീടു വളരെ യാദൃച്ഛികമായി എന്റെയൊരു കഥ കണ്ട് അതു സിനിമയാക്കിയാലോ എന്ന് അനുരാജ് വിളിച്ചു.
മലയാളത്തിലെ ഒരു സൂപ്പർതാരത്തോടു പിച്ച് ചെയ്യുകയും അദ്ദേഹത്തിന് കഥ ഇഷ്ടപ്പെടുകയുമൊക്കെ ചെയ്തിരുന്നു. ഇതിനിടയിലാണു ‘നരിവേട്ട’യുടെ ചിന്തയും കഥാപാത്ര രൂപീകരണവും നടക്കുന്നത്.
പെട്ടെന്നു കാര്യങ്ങൾ നടന്നു. അത് ആദ്യം സിനിമയായെന്നു മാത്രം.
∙ ‘നരിവേട്ട’ മുന്നോട്ടുവയ്ക്കുന്നതു മാനവികതയുടെ രാഷ്ട്രീയമാണോ ?
നരിവേട്ട വേദനിക്കപ്പെടുകയും അരികുവൽക്കരിക്കപ്പെടുകയും ചെയ്യുന്നവരുടെ രാഷ്ട്രീയം സംസാരിക്കുന്ന സിനിമയാണ്.
സിനിമ മുന്നോട്ടുവയ്ക്കുന്നത് മാനവീകതയാണ്. നരിവേട്ടയുടെ എഴുത്തിലും ആശയത്തിലും എന്റെ കുടിയേറ്റ പശ്ചാത്തലത്തിന്റെ സ്വാധീനമുണ്ട്.
കണ്ണൂർ ജില്ലയിലെ ഇരിട്ടിക്ക് അടുത്തുള്ള കീഴ്പ്പള്ളി എന്ന ഗ്രാമത്തിലാണു ഞാൻ ജനിച്ചത്. എന്റെ നാട് കാടുമായി അടുത്തുകിടക്കുന്ന ഒരു പ്രദേശമാണ്.
ആദിവാസി ഊരുകൾ മുൻപ് ഉണ്ടായിരുന്നു. അത് എന്റെ കൺമുന്നിലുള്ള ഒരു ജീവിതമാണ്.
ജി.ആർ.ഇന്ദുഗോപൻ ∙ മനസ്സിൽ ഒരു കഥയുണ്ട്, എങ്ങനെയാണ് ഒരു സംവിധായകനെ സ്വാധീനിക്കാൻ കഴിയുക ?
നിങ്ങളുടെ കഥ സിനിമയാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് ഒരു വരിയിലോ രണ്ടുവരിയിലോ പറഞ്ഞു ഫലിപ്പിക്കാൻ കഴിയണം.
ഉദാഹരണത്തിന്, ‘മൃഗയ’ സിനിമയുടെ പിന്നാമ്പുറത്തേക്കു പോകാം. തിരക്കഥാകൃത്ത് ലോഹിതദാസ് സംവിധായകൻ ഐ.വി.ശശിയോട് ഒരു ത്രെഡ് ഉണ്ടെന്നു പറഞ്ഞു, ‘പെട്ടെന്ന് പറയൂ’ എന്നായി സംവിധായകൻ.
ലോഹിതദാസ് പറഞ്ഞു: ഒരിടത്തു പുലിയിറങ്ങുന്നു, പുലിയെ പിടിക്കാനായി ഒരാൾ വരുന്നു, അയാൾ പുലിയേക്കാൾ ശല്യക്കാരനായി മാറുന്നു…! ഐ.വി ശശിയുടെ പ്രതികരണം: ഭയങ്കരമായൊരു ത്രെഡ്!
നിങ്ങൾ എഴുതൂ. എഴുതിത്തീർന്നാലുടൻ സിനിമയാക്കാം.
മമ്മൂട്ടിയോട് ഇപ്പോൾത്തന്നെ പറയാം. നോക്കൂ എത്ര പെട്ടെന്നാണ് ഒരു പ്രൊജക്ട് ഓൺ ആയത്.
∙ വിലായത്ത് ബുദ്ധയെ വായനക്കാർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
സിനിമയും ഇറങ്ങാൻ പോകുന്നു.എങ്ങനെ കിട്ടി ഈ ത്രെഡ് ?
വിലായത്ത് ബുദ്ധ എന്റെ ചിന്താശകലമല്ല. അടുത്ത സുഹൃത്തു പറഞ്ഞ കഥയാണ്.
എപ്പോഴും നമ്മൾ ശ്രദ്ധിക്കേണ്ടതു കഥയിലെ സൂക്ഷ്മതയാണ്. അതാണ് കഥയുടെ ശക്തി.
ഒരു കയ്യിൽ കടുകുമണിയും മറ്റേ കയ്യിൽ ആൽമരത്തിന്റെ വിത്തും വച്ചുതന്നാൽ കാണാൻ പറ്റുന്നത് ഏതാണ് ? തീർച്ചയായും കടുകുമണിയായിരിക്കും. അതിലും ചെറുതാണ് ആൽമരത്തിന്റെ വിത്ത്.
ഒരു വിത്തുകൂടയിൽ പതിനായിരക്കണക്കിന് വിത്തുകളെ ഒളിപ്പിക്കാൻ കഴിയും ആൽമരത്തിന്. ആൽ പോലെ വലുതാവുന്ന ഒരു വൃക്ഷത്തിന്റെ വിത്ത് അതിസൂക്ഷ്മമാണ്.
ബിപിൻ ചന്ദ്രൻ ∙ സിനിമ മുന്നിൽ കണ്ട് പുസ്തകങ്ങൾ എഴുതാറുണ്ടോ ?
സിനിമയും എഴുത്തും വ്യത്യസ്തമാണ്.
ഒരു എഴുത്തുകാരന്റെ കഥ സിനിമയാവാൻ പറ്റിയതാണോ എന്ന് ഏറ്റവും മികച്ച രീതിയിൽ തിരിച്ചറിയുന്നത് സിനിമാക്കാരാണ്. അവർക്കു വേണ്ടതു ഫ്രഷ് മെറ്റീരിയലാണ്.
അവരെ വിസ്മയിപ്പിക്കുക എളുപ്പമല്ല. കാരണം കോടികളുടെ മുതൽമുടക്കാണു സിനിമ.
∙ ഒരു സിനിമാക്കാരൻ ആകാൻ എത്രത്തോളം കഠിനാധ്വാനം വേണം ?
ഒരു സിനിമയിൽ നിന്ന്, ഡയലോഗിൽ നിന്ന്, സന്ദർഭങ്ങളിൽ നിന്നു വരെ മറ്റൊരു സിനിമ ഉണ്ടാകാം.
ഞാൻ നടനാകാൻ ആഗ്രഹിച്ചു സിനിമയിലെത്തിയ ആളാണ്. മനോരമ നടത്തിയ അഭിനയക്കളരിയിൽ പങ്കെടുത്തതോടെയാണു സിനിമാമോഹം തലയ്ക്കുപിടിച്ചത്.
കൂട്ടുകാരുടെ ജീവിതം പോലും സിനിമയാകും. എന്റെ കൂട്ടുകാരന്റെ ആഗ്രഹമായിരുന്നു അവന്റെ മകനെ ഇംഗ്ലണ്ടിലെ ലോഡ്സ് മൈതാനത്തു ക്രിക്കറ്റ് കളിപ്പിക്കണമെന്നത്.
അതിൽ നിന്നാണു 1983 എന്ന സിനിമ ജനിക്കുന്നത്. ആദ്യം ത്രെഡ് കണ്ടെത്തുക.
പിന്നെ എഴുതുക. അമിതാബച്ചന്റെ ശബ്ദം കൊള്ളില്ലെന്നു പറഞ്ഞ് ഓൾ ഇന്ത്യ റേഡിയോ നിരസിച്ചിട്ടുണ്ട്.
ഓംപുരിയെ ഓഡിഷനിൽ പുറത്താക്കിയ അഭിനയ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടായിരുന്നു. അങ്ങനെ ഒട്ടേറെ തിരസ്കാരങ്ങൾക്കു ശേഷമാണ് അവർ വലിയ സ്ഥാനത്ത് എത്തിയത്.
സിനിമയെന്ന പാഷൻ ഉണ്ടെങ്കിൽ പിന്നാലെ പോകുക. ജോലി ഉപേക്ഷിച്ച് പോകണമെന്ന് ഞാൻ പറയില്ല.
പക്ഷേ, കഠിനാധ്വാനം വേണം.
ജോഫിൻ ടി. ചാക്കോ ∙ സിനിമയിലേക്കുള്ള തുടക്കം ?
അച്ഛനും അമ്മയും മൂന്നു സഹോദരിമാരും അധ്യാപകരായിരുന്നു.
സിനിമയോട് ഒട്ടും താൽപര്യമില്ലാത്ത കുടുംബം. അച്ഛനും അമ്മയും ആദ്യമായി തിയറ്ററിൽ വന്നു സിനിമ കാണുന്നത് എന്റെ തന്നെ സിനിമയായ പ്രീസ്റ്റ് ആണ്.
രണ്ടാമത്തെ ചേച്ചിക്കാണു കുറച്ചെങ്കിലും സിനിമാ താൽപര്യമുണ്ടായിരുന്നത്. ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണു ചേച്ചിയുടെ വാശിയിൽ വീട്ടിൽ ടിവിയും വിസിആറും വാങ്ങുന്നത്.
വിസിആറിനൊപ്പം സൗജന്യമായി കിട്ടിയ സൈന്യം എന്ന മമ്മൂട്ടി സിനിമ കണ്ടാണു സിനിമാമോഹങ്ങൾ തുടങ്ങുന്നത്. എന്നും സ്കൂൾ വിട്ടു വന്നാൽ സൈന്യം സിനിമ കാണും.
ഏതാണ്ട് ഒരു വർഷക്കാലം അതു തുടർന്നു. അങ്ങനെ മമ്മൂട്ടി ഫാൻ ആയി.
കുറച്ചു വർഷങ്ങൾക്കുശേഷം, ഉത്തമൻ എന്ന സിനിമ ഷൂട്ട് ചെയ്യാൻ തിരഞ്ഞെടുത്ത് എന്റെ ചേച്ചിയുടെ നല്ലേപ്പിള്ളിയിലെ വീട്ടിലായിരുന്നു.
ഏതാണ്ട് 15 ദിവസത്തോളം ഷൂട്ടിങ് ഉണ്ടായിരുന്നു. ഞാനും പോയി.
ജയറാം, സിദ്ധിഖ് ഉൾപ്പെടെ നടൻമാരോട് അടുത്തിടപഴകാൻ കഴിഞ്ഞു. അങ്ങനെ സിനിമയിലെത്താനുള്ള ആഗ്രഹം തുടങ്ങി.
എൻജിനീയറിങ് പഠനശേഷം സിനിമ മാർക്കറ്റ് ചെയ്യാൻ മുയൽ മീഡിയ എന്ന പേരിൽ സ്ഥാപനം തുടങ്ങി. അതോടെ കുറച്ചു സിനിമാക്കാരുമായി അടുത്തു.
മമ്മൂട്ടിയുടെ പേര് സംവിധായകൻ പി.ജി.വിശ്വംഭരൻ സജിൻ എന്നു മാറ്റിയെന്ന് എവിടെയോ വായിച്ചിരുന്നു. ഇതു ഞാൻ മുയൽ മീഡിയയിൽ എഴുതി.
പക്ഷേ, സാജൻ എന്നാണു ഞാൻ അറിയാതെ എഴുതിയത്. ഇതു വായിച്ചാണു മമ്മൂട്ടിയുടെ മാനേജർ എന്നെ വിളിച്ചത്.
മമ്മൂട്ടിയെ ഒന്നു വന്നു കാണണമെന്നു പറഞ്ഞു. മമ്മൂട്ടി തെറ്റു ചൂണ്ടിക്കാട്ടി.
അങ്ങനെ മമ്മൂട്ടിയുമായി അടുത്തു. സിനിമാ പഠനത്തിനു കൊച്ചിയിൽ ചേർന്നു.
∙ രേഖാചിത്രം എന്ന സിനിമ പിറന്നത് ?
ആദ്യം മനസ്സിലുണ്ടായിരുന്ന കഥ രേഖാചിത്രത്തിന്റേതായിരുന്നുവെങ്കിലും അതു മാറ്റിവയ്ക്കേണ്ടിവന്നു. ആ സിനിമയിൽ മറ്റൊരു സിനിമയുടെ കഥാ സന്ദർഭം വരുന്നതുകൊണ്ട് അതിന് ഒട്ടേറെ അനുമതികൾ വേണമായിരുന്നു.
അങ്ങനെ രണ്ടാമത്തെ ചിത്രമായ പ്രീസ്റ്റ് ആദ്യം ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു. ഒരു സിനിമ കാണുന്നതിനിടെ കൂട്ടുകാരൻ ചോദിച്ചു, സിനിമകളിലെ ജൂനിയർ ആർട്ടിസ്റ്റുകളെ നീ ശ്രദ്ധിച്ചിട്ടുണ്ടോ ? ജൂനിയർ ആർട്ടിസ്റ്റുകൾ മരിച്ചാൽ, കൊല്ലപ്പെട്ടാൽ അതു സിനിമയെ ബാധിക്കുമോ ? എന്നായിരുന്നു ചോദ്യം.
അങ്ങനെയാണു രേഖാചിത്രം എന്ന സിനിമ പിറന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

