പാലക്കാട് ∙ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ 38 ദിവസത്തിനു ശേഷം ഓഫിസിലെത്തി. കാണാനെത്തിയവരിൽ നിന്നു നിവേദനങ്ങൾ സ്വീകരിക്കുകയും ഔദ്യോഗികമായ ചുമതലകൾ നിർവഹിക്കുകയും ചെയ്തു.
താൻ പാലക്കാട്ടു തന്നെ തുടരുമെന്നും ബാക്കി കാര്യങ്ങൾ പിന്നീടു പറയാമെന്നും രാഹുൽ മാധ്യമങ്ങളോടു പറഞ്ഞു. രാഹുലിനെ സ്വീകരിക്കാൻ ജനപ്രതിനിധികൾ ഉൾപ്പെടെ കോൺഗ്രസിന്റെയും ലീഗിന്റെയും ഭാരവാഹികൾ എത്തിയിരുന്നു. രാഹുലിനെ ഓഫിസിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞ് മാർച്ച് നടത്തിയ ബിജെപി പ്രവർത്തകരെ രാവിലെത്തന്നെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
രാഹുൽ പ്രവേശിക്കുന്നതിനെതിരെ പ്രതിഷേധ വിളംബരത്തിൽ ഒതുങ്ങി ഡിവൈഎഫ്ഐയുടെ പ്രതിഷേധം.
വൈകിട്ട് നാലോടെ രാഹുൽ ഓഫിസിലെത്തുമ്പോൾ പ്രതിഷേധക്കാരുണ്ടായിരുന്നില്ല.രാവിലെ ഒൻപതരയോടെയാണു പാലക്കാട് ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എസ്.സേവ്യറിന്റെ സഹോദരന്റെ നിര്യാണത്തിൽ അനുശോചനമറിയിക്കാൻ രാഹുൽ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. നഗരത്തിലെ പ്രാദേശിക കോൺഗ്രസ് ഭാരവാഹികൾ രാഹുലിനെ കാണാനെത്തി.
മറ്റു മരണവീടുകളും സന്ദർശിച്ച അദ്ദേഹം അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ.പൗലോസിന്റെ മണ്ണാർക്കാട്ടെ വീട്ടിലേക്കു പുറപ്പെട്ടു.
കെഎസ്യു ജില്ലാ പ്രസിഡന്റ് നിഖിൽ കണ്ണാടി, യൂത്ത് കോൺഗ്രസ് നേതാവ് പ്രശോഭ് വൽസൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
പൗലോസിന്റെ വീട്ടിലെത്തിയപ്പോൾ മാധ്യമങ്ങൾ ചോദ്യം ചോദിക്കുന്നത് ഒരുവിഭാഗം തടഞ്ഞതോടെ ചെറിയ വാഗ്വാദമുണ്ടായി. രാഹുൽ മാങ്കൂട്ടത്തിൽ പൗലോസിന്റെ വീട്ടിലെത്തുമ്പോൾ കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ബെന്നി ബഹനാൻ എംപി, ബി.എ.അബ്ദുൽ മുത്തലിബ് എന്നിവരും അവിടെ ഉണ്ടായിരുന്നു.
കാര്യമായ സംഭാഷണം ഇവരുമായി ഉണ്ടായില്ല.
പൗലോസിന്റെ ഭൗതികശരീരത്തിൽ കോൺഗ്രസ് പതാക പുതപ്പിക്കുമ്പോൾ രാഹുൽ മുറിക്കു പുറത്തു നിന്നു. വൈകുന്നേരം നാലോടെ ഓഫിസിലെത്തിയ രാഹുലിനെ മുദ്രാവാക്യത്തോടെയാണു പ്രവർത്തകർ സ്വീകരിച്ചത്. നിവേദനം നൽകാനെത്തിയവരിൽ നിന്ന് അതു വാങ്ങി.
മണ്ഡലത്തിലെ വികസന സംബന്ധമായ വിഷയങ്ങളിൽ മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് കത്ത് ഒപ്പിട്ടു നൽകി മടങ്ങി.
രാവിലെ രാഹുലിനെതിരെ ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്റെ നേതൃത്വത്തിൽ വനിതകൾ ചൂലുമായി നടത്തിയ പ്രതിഷേധത്തെത്തുടർന്ന് ഏറെ നേരം പാലക്കാട്–ചിറ്റൂർ റോഡിൽ ഗതാഗതം മുടങ്ങി. 20 പ്രവർത്തകർക്കെതിരെ കേസെടുത്തു.
10 പേരെ അറസ്റ്റ് ചെയ്തു. ഡിവൈഎസ്പിമാരായ എം.സന്തോഷ്കുമാർ, എൻ.മുരളീധരൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം നഗരത്തിലുണ്ടായിരുന്നു.
രാഹുൽ കടന്നുപോകുന്ന വഴികളെല്ലാം പൊലീസ് കാവലുണ്ടായിരുന്നു. എംഎൽഎ ഓഫിസിനടുത്തുള്ള വീടുകളിലും രാഹുൽ സന്ദർശനം നടത്തി.
രാഹുലിനെതിരായ പീഡനക്കേസ്: യുവതികളുടെ മൊഴിയെടുത്തില്ല
തിരുവനന്തപുരം ∙ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗികാരോപണ കേസിൽ , ഗർഭഛിദ്രത്തിന് ഇരയായതായി പറയപ്പെടുന്ന 2 യുവതികളുടെ മൊഴി രേഖപ്പെടുത്തുന്നതു വൈകുന്നു. കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് ഇവർ വ്യക്തമാക്കിയ സാഹചര്യത്തിൽ മൊഴിയെടുക്കുന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് സംഘം ഇനിയും തീരുമാനമെടുത്തിട്ടില്ല.
ഇവരുമായി രാഹുൽ സംസാരിക്കുന്ന ശബ്ദരേഖയിലാണു ഗർഭഛിദ്രം സംബന്ധിച്ച സൂചനയുള്ളത്.
പുറത്തുവന്ന സംഭാഷണങ്ങളിലുള്ള ശബ്ദം രാഹുലിന്റേതു തന്നെയെന്നു സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. രാഹുൽ അശ്ലീല സംഭാഷണം നടത്തിയെന്നതടക്കം പരാതികൾ നൽകിയവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതുവരെ 11 പേരുടെ മൊഴിയാണെടുത്തത്. ഇരകളാക്കപ്പെട്ട
സ്ത്രീകളുമായി സംസാരിച്ച 4 വനിതാ മാധ്യമപ്രവർത്തകരുടെ മൊഴിയും ഇക്കൂട്ടത്തിലുണ്ട്. അതേസമയം, രാഹുലിന്റെ മൊഴിയെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
നിർബന്ധിത ഗർഭഛിദ്രത്തിനു വിധേയനാക്കിയെന്ന ആരോപണം രാഹുൽ നേരിടുന്നുണ്ടെങ്കിലും കേസിൽ തുടർനടപടി സ്വീകരിക്കാൻ ഇരകളുടെ മൊഴി അനിവാര്യമാണ്. ഗർഭഛിദ്രം നടന്നതായി തെളിയിക്കുന്നതും വെല്ലുവിളിയാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]