പാലക്കാട് ∙ നാട്ടുകാർ പലതവണ അറിയിച്ചിട്ടും ജല അതോറിറ്റി ഉദ്യോഗസ്ഥർ ശുദ്ധജല പൈപ്പിലെ ചോർച്ച അടച്ചില്ല; ഒടുവിൽ വെള്ളമിറങ്ങി ചുണ്ണാമ്പുതറ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു. വൈദ്യുതി പോസ്റ്റും തകർന്നു വീണു.
ഇതുവഴി കടക്കാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരൻ റോഡ് ഇടിഞ്ഞു സമീപത്തെ ചതുപ്പിലേക്കു വീണു. രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്.
ഇന്നലെ രാത്രി എട്ടോടെയാണു സംഭവം. മുണ്ടൂർ സ്വദേശി എ.ശരത് (31) ആണു ചെളി നിറഞ്ഞ ചതുപ്പിലേക്കു വീണത്.
ശരത്തിന്റെ നിലവിളി കേട്ട് അതുവഴിയെത്തിയ യാത്രക്കാരാണു രക്ഷിച്ചത്. കാലിനു നിസ്സാര പരുക്കേറ്റ ശരത് ഒലവക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ചുണ്ണാമ്പുതറ പാലത്തിനു താഴെ റാം നഗറിലേക്കു പോകുന്ന റോഡിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. പാലക്കാട് നഗരത്തിൽ നിന്നു ജൈനിമേട് വഴി ഒലവക്കോട്ടേക്കു പോകുന്ന റോഡാണിത്.
റോഡിനൊപ്പം വൈദ്യുതി പോസ്റ്റും വീണതോടെ തെരുവു വിളക്ക് കത്താതെയായി.
ഇരുട്ടത്തു റോഡ് ഇടിഞ്ഞതറിയാതെ ഒട്ടേറെ വാഹനങ്ങൾ ഇതുവഴി കടന്നു പോകാൻ ശ്രമിച്ചെങ്കിലും വൈദ്യുതിലൈൻ പൊട്ടി റോഡിൽ കിടക്കുന്നതു കണ്ടു പിൻമാറി. യാത്രക്കാർ മൊബൈൽ ടോർച്ച് തെളിച്ചു നോക്കിയപ്പോഴാണു റോഡ് ഇടിഞ്ഞതു കണ്ടത്.
ഉടനെ സമീപത്തെ കച്ചവടക്കാരെ അറിയിച്ചു. വിവരമറിഞ്ഞെത്തിയ നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.സ്മിതേഷ്, വാർഡ് കൗൺസിലർ കെ.ജയലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ റോഡ് കയർ ഉപയോഗിച്ച് അടച്ച് വാഹനങ്ങൾ വഴി തിരിച്ചുവിട്ടു.
നോർത്ത് പൊലീസും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
ഒരാഴ്ചയായി പ്രദേശത്തു പൈപ്പ് ലൈൻ പൊട്ടി ചോർച്ചയുണ്ട്. ഓരോ ദിവസവും ചോർച്ച കൂടി വന്നു.
വിവരം നഗരസഭാംഗവും നാട്ടുകാരും പലതവണ ജല അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണു പരാതി. വൈദ്യുതി പോസ്റ്റ് വീണതോടെ ചുണ്ണാമ്പുതറ, റാം നഗർ, പ്രാണംകുളം, ഇന്ദ്രാണിനഗർ എന്നിവിടങ്ങളിലെ മുന്നൂറിലേറെ വീടുകൾ ഇരുട്ടിലായി.
പലയിടത്തും രാത്രി വൈകിയും വൈദ്യുതി എത്തിക്കാനായില്ല. ഇന്നു പുലർച്ചയോടെ വൈദ്യുതി പുനഃസ്ഥാപിക്കുമെന്നു കെഎസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചു.
ശുദ്ധജല പദ്ധതിക്കായി പൊട്ടിപ്പൊളിച്ച നഗരത്തിലെ റോഡുകൾ നന്നാക്കണമെന്നാവശ്യപ്പെട്ട് നഗരസഭ അധ്യക്ഷ ഉൾപ്പെടെ അംഗങ്ങൾ ജല അതോറിറ്റി ഓഫിസിലെത്തി പ്രതിഷേധിച്ചിരുന്നു. ചുണ്ണാമ്പുതറ ഭാഗത്തെ പൈപ്പിലെ ചോർച്ച പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]