ചിറ്റൂർ ∙ തമിഴ്നാട്ടിൽ നിന്നു കരിങ്കല്ലു കയറ്റി വരുന്ന ടോറസ് ലോറികളിൽ അമിതഭാരമുണ്ടെന്നു ഒറ്റനോട്ടത്തിൽ മനസ്സിലാകുമെങ്കിലും നടപടിയില്ല; ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെതിരെ നാട്ടുകാർ. പ്രതിദിനം നൂറുകണക്കിനു ടോറസ് വാഹനങ്ങളാണ് കയറ്റാവുന്നതിന്റെ ഇരട്ടിയിലധികം കരിങ്കല്ലു കയറ്റി അതിർത്തി കടന്നെത്തുന്നത്.
ഒഴലപ്പതി– മേനോൻപാറ റോഡ് തകർത്തുകൊണ്ടു കടന്നുവരുന്ന ഇത്തരം വാഹനങ്ങൾ നിയന്ത്രിക്കണമെന്ന പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ഒഴലപ്പതിയിൽ ആർടിഒ ചെക്പോസ്റ്റ് സ്ഥാപിച്ചത്.
എന്നാൽ, കരിങ്കല്ല് മാഫിയയെ സഹായിക്കുന്ന തരത്തിലാണ് പ്രവർത്തനമെന്ന് നാട്ടുകാർ ആരോപിച്ചു. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണിവരെയാണ് ചെക്പോസ്റ്റ് പ്രവർത്തിക്കുന്നത്.
ഇതിനിടെ ചെറിയ ഇടവേളകളിൽ ഒട്ടേറെ ടോറസ് വാഹനങ്ങളാണ് അമിതഭാരം കയറ്റിപ്പോകുന്നത്. ഒരുവാഹനം പോലും ചെക്പോസ്റ്റിൽ തടഞ്ഞുനിർത്തി പരിശോധിക്കുന്നില്ലെന്നാണു പരാതി.
ഇക്കാര്യം പലതവണ ചൂണ്ടികാണിച്ചിട്ടും ഉദ്യോഗസ്ഥർ കേട്ടഭാവം പോലും കാണിക്കാതെ വന്നതോടെയാണ് യുവാക്കൾ ഉദ്യോഗസ്ഥനെതിരെ തിരിഞ്ഞത്.
ഒരാൾ മാത്രമാണ് ഡ്യൂട്ടിയിലുള്ളതെന്നും വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കാനോ ഭാരം നോക്കാനോ ഉള്ള സംവിധാനമില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ വാദം. അമിതഭാരം കയറ്റിപ്പോകുന്ന ലോറികളുടെ നമ്പർ എടുത്ത് നിയമനടപടിക്കു ശുപാർശ ചെയ്യുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ ഇവർ പരിശോധനയില്ലാതെ ലോറികളെ കടത്തിവിടുന്നതിനു ഡ്യൂട്ടി കഴിഞ്ഞു പോകുന്ന സമയത്ത് ലോറിക്കാരുടെ ഏജന്റിൽ നിന്നും പ്രതിഫലം വാങ്ങുന്നുണ്ടെന്നുള്ള ആരോപണവുമുണ്ട്.
ലോറികളിൽ അമിതഭാരം കയറ്റിയിട്ടുണ്ടെന്നു തെളിഞ്ഞാൽ ചുരുങ്ങിയത് 20000 രൂപയാണ് പിഴയീടാക്കുന്നത്. അങ്ങനെ നോക്കിയാൽ തന്നെ പ്രതിദിനം ലക്ഷങ്ങളുടെ നഷ്ടമാണ് സർക്കാരിനുണ്ടാകുന്നത്.
ഇത്തരത്തിൽ ചെക്പോസ്റ്റിലെ അനധികൃത വിഷയങ്ങളും ചെക്പോസ്റ്റ് മുഴുവൻ സമയം പ്രവർത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യം മന്ത്രി ഗണേഷ്കുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]