
പട്ടാമ്പി ∙ ടൗണിലെത്തുന്നവർ ഒഴിവ് സമയം ചെലവഴിക്കാൻ ഇഎംഎസ് നിളയോരം പാർക്കിലെത്താൻ തുടങ്ങി. രാവിലെ 9 മണി മുതൽ രാത്രി 9 മണിവരെ പാർക്കിലെത്തുന്നവർക്ക് ഭാരതപ്പുഴയുടെ ഭംഗിയും ആസ്വദിച്ച് സമയം ചെലവഴിക്കാം.
ഈ മാസം 11നാണ് പട്ടാമ്പി ഇഎംഎസ് പാർക്ക് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തത്.മൈനർ ഇറിഗേഷൻ വകുപ്പിനു കീഴിലാണ് നിളയോരത്തെ പാർക്ക്. പാർക്കിൽ പ്രവേശന ഫീസ് ഏർപ്പെടുത്താത്തതിനാൽ പ്രവേശനം സൗജന്യമാണ്.
സ്ത്രീകളും കുട്ടികളുമാണ് പാർക്കിൽ കൂടുതലായും എത്തുന്നത്.
ദിവസേന 400നും 500നും ഇടയിൽ പേർ പാർക്കിലെത്തുന്നുണ്ട്. വൈകുന്നേരങ്ങളിലാണ് കൂടുതൽപേരും എത്തുന്നത്.
ടൗണിലെ കയ്യേറ്റ ഭൂമി നഗരസഭയും റവന്യു വകുപ്പും ചേർന്ന് തിരിച്ച് പിടിച്ചാണ് മുഹമ്മദ് മുഹസിൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ പാർക്ക് യാഥാർഥ്യമാക്കിയത്. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും ആദ്യഘട്ടമായി പാർക്കിന് 90 ലക്ഷം രൂപയാണ് അനുവദിച്ചത്.
പാർക്ക് വന്നതോടെ പുഴയിലേക്ക് ടൗണിലെ മാലിന്യം തള്ളുന്നത് ഒഴിവാക്കാനായി.
ടൗണിന്റെ തിരക്കിൽ നിന്നു മാറി പുഴയുടെ തീരത്ത് വിശ്രമിക്കാൻ എല്ലാവരും തിരഞ്ഞെടുക്കുന്ന ഇടമായി പാർക്ക് മാറി. പുഴയുടെയും പാർക്കിന്റെയും സംരക്ഷണം ഉറപ്പാക്കാനായി ചുറ്റുമതിലും പുഴയുടെ ഭാഗത്ത് ഭിത്തിക്ക് മുകളിൽ ഗ്രില്ലുകൾ സ്ഥാപിക്കുകയും ചെയ്തതോടെ പുഴയുടെ തീരത്തെ പാർക്കിൽ നിന്ന് പുഴയുടെ ഭംഗി ആസ്വദിക്കാനുള്ള അവസരമാണ് പാർക്കിലെത്തുന്നവർക്ക് ലഭിക്കുന്നത്.
പാർക്കിനകത്ത് കല്ലുകൾ വിരിച്ച് നടവഴിയൊരുക്കിയിട്ടുണ്ട്.
പട്ടാമ്പി കടവ് നമ്പ്രം റോഡിൽ ഇപി സ്മാരക മന്ദിരത്തിനടുത്താണ് പാർക്കിലേക്കുള്ള മനോഹരമായ പ്രവേശന കവാടം, അലങ്കാര വിളക്കുകൾ, മരങ്ങൾ, ചെടികൾ, ഇരിപ്പിടങ്ങൾ, കുട്ടികളുടെ പാർക്ക്, കളിയുപകരണങ്ങൾ എന്നിവയെല്ലാം അടങ്ങിയ പാർക്ക് കുട്ടികൾ ശരിക്കും പ്രയോജനപ്പെടുത്താൻ തുടങ്ങി.രണ്ടാംഘട്ടമായി അനുവദിച്ച 50 ലക്ഷം രൂപ ചെലവിട്ട് നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ കൂടി നടക്കുന്നതോടെ പാർക്കിലെ സൗകര്യങ്ങൾ വർധിക്കും.
പാർക്കിലെ സൗകര്യങ്ങൾ കൂടുന്നതോടെ ചെറിയ പ്രവേശ ഫീസ് ഏർപ്പെടുത്തുന്ന കാര്യം ജലസേചന വകുപ്പ് ആലോചിക്കുന്നുണ്ട്. പുഴയുടെ തീരത്ത് 74 സെന്റിൽ 252 മീറ്റർ നീളത്തിൽ നിർമിച്ച പാർക്ക് പട്ടാമ്പിയുടെ മുഖഛായ മിനുക്കുന്നതോടൊപ്പം ടൗണിൽ എത്തുന്നവർക്ക് ഒഴിവ് സമയം ചെലവഴിക്കാനുള്ള ഇടവുമായി മാറിയിരിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]