
വണ്ടിത്താവളം∙ തെങ്ങും കവുങ്ങും മാത്രമല്ല മറു രാജ്യങ്ങളിലെ ഫല വൃക്ഷങ്ങളും നമ്മുടെ മണ്ണിൽ വിളയും എന്ന് തെളിയിച്ച് യുവകർഷകൻ. പെരുമാട്ടി കൃഷിഭവന്റെ കിഴക്കേ അതിരായ മീനാക്ഷിപുരത്ത് രാമൻ പണൈയ്ക്ക് സമീപം യുവകർഷകനും മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയുമായ മഹേന്ദ്രൻ രവിശങ്കർ സ്വകാര്യ കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് കൃഷിയിലേക്ക് ഇറങ്ങുന്നത്.
6 ഏക്കർ വരുന്ന തോട്ടത്തിൽ തെങ്ങുകൃഷിക്കൊപ്പം ഒന്നര ഏക്കറിലെ കൃഷിയിടത്തിലാണ് ഇടവിളയായി അവക്കാഡോ വിളയുന്നത്. ജൈവകൃഷി അനുവർത്തിക്കുന്ന മഹേന്ദ്രൻ രവിശങ്കർ 3 വർഷം മുൻപാണ് ഐഐഎച്ച്ആർ ബാംഗ്ലൂരിൽ നിന്നു അർക്ക സുപ്രീം, അർക്കാ രവി എന്നീ രണ്ട് ഇനം അവക്കാഡോ എത്തിച്ച് കൃഷി ഇറക്കുന്നത്.
പരീക്ഷണ അടിസ്ഥാനത്തിൽ തെങ്ങിൻതോട്ടത്തിൽ ഇടവിളയായി നൂറോളം തൈകൾ നടുകയായിരുന്നു.
ഇപ്പോൾ ആ അവക്കാഡോ മരങ്ങൾ കായ്ച്ചു തുടങ്ങി. പോഷക ഗുണങ്ങളും ലഭ്യതക്കുറവുമാണ് അവക്കാഡോ തിരഞ്ഞെടുക്കാൻ കാരണം.
3 വർഷത്തിൽ ആദ്യ വിളവു ലഭിച്ചു. 5 വർഷത്തിനകം വ്യാവസായിക അടിസ്ഥാനത്തിൽ വിള ലഭിക്കും എന്നാണ് മഹേന്ദ്രൻ പറയുന്നത്.
ധാരാളം ഗുണങ്ങൾ അടങ്ങിയ ഈ ഫലം ക്രമേണ നമ്മുടെ വിപണിയിലും എത്തും എന്നതിൽ മഹേന്ദ്രന് സംശയം ഒന്നുമില്ല. എന്നാലും വിദേശ വിപണിയെ ലക്ഷ്യമിട്ടാണ് മഹേന്ദ്രൻ ഈ വിള തിരഞ്ഞെടുത്തിരിക്കുന്നത്.
തന്റെ 6 എക്കറിൽ തെങ്ങ്, കവുങ്ങ്, കുരുമുളക്, ജാതി, തേക്ക്, നാരകം തുടങ്ങിയ വിളകളും ഉണ്ട്. ചെറിയ തോതിൽ ജൈവവളം നിർമിക്കുന്ന ഒരു യൂണിറ്റും മഹേന്ദ്രൻ സ്ഥാപിച്ചിട്ടുണ്ട്.
അത് പ്രവർത്തനമാരംഭിക്കുന്നതേയുള്ളൂ. കൃഷിഭവന്റെ പദ്ധതികളായ, എസ്എച്ച്എം, ബിപികെപി, സിഎച്ച്എം തുടങ്ങിയവയിൽ അംഗം കൂടിയാണ് മഹേന്ദ്രൻ രവിശങ്കർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]