
മലമ്പുഴ ∙ കഴിഞ്ഞ രണ്ടാംവിള നെല്ലിന്റെ സംഭരണ വില കിട്ടാത്തതിനെത്തുടർന്ന് ഇത്തവണ ഒന്നാംവിളയിറക്കാൻ തുകയില്ലാതെ കുനുപ്പുള്ളി തൂപ്പള്ളം പാടശേഖരത്തിൽ ഏക്കർ കണക്കിനു കൃഷി തരിശിട്ട് കർഷകർ. കടം പോലും വാങ്ങാൻ സാധിക്കാത്ത സ്ഥിതിയിലാണ് ആദ്യമായി നെൽപാടം തരിശിടേണ്ടി വന്നതെന്നു കർഷകൻ കെ.ബി.അജിത്ത് പറഞ്ഞു. കഴിഞ്ഞ രണ്ടാംവിളയിൽ മാർച്ചിൽ കൊയ്ത്തു കഴിഞ്ഞ് മേയ് മാസത്തിലാണ് ഇവരുടെ നെല്ല് സപ്ലൈകോ സംഭരിച്ച് രസീത് (പിആർഎസ്) നൽകിയത്.
നല്ല വിളവുലഭിച്ചെങ്കിലും ഇതുവരെ നെല്ലിന്റെ വില ലഭിച്ചില്ലെന്നു കർഷകർ പറയുന്നു. വില എന്നു ലഭിക്കുമെന്നും അറിയില്ല.
കെ.െക.രാമദാസ്, കെ.കെ.കൃഷ്ണദാസ്, രംഗസ്വാമി, മുത്തു, സ്വാമിനാഥൻ, കണ്ണൻ, വാസു ഉൾപ്പെടെ ഒട്ടേറെ കൃഷിക്കാർ ഇത്തവണ വിളയിറക്കിയിട്ടില്ല.
ഇതിൽ രാമദാസിന് 13 ഏക്കറോളം കൃഷിയുണ്ട്. റെയിൽവേ ട്രാക്ക് മുതൽ റോഡ് വരെയുള്ള ഭാഗത്തെ ഏക്കർ കണക്കിനു നെൽപാടങ്ങളാണു തരിശിട്ടിട്ടുള്ളത്. പ്രദേശത്തെ കർഷകരുടെ ആകെയുള്ള വരുമാന മാർഗം കൂടിയാണിത്.
രണ്ടാംവിള നെല്ലിന്റെ വില യഥാസമയം ലഭിച്ചിരുന്നെങ്കിൽ ഒന്നാംവിളയിറക്കാൻ പ്രതിസന്ധി ഉണ്ടാകില്ലായിരുന്നെന്നു കൃഷിക്കാർ പറയുന്നു. ഇനി തുക ലഭിച്ചാൽ തന്നെ ഒന്നാംവിളയിറക്കാനുള്ള സമയം തെറ്റി.
ഒന്നാംവിള കൃഷി നീണ്ടാൽ അതു രണ്ടാംവിള ജലസേചനത്തെയും ബാധിക്കും.
വിളവിറക്കാത്ത പാടങ്ങളിൽ നമ്പു വളർന്നു നിൽക്കുകയാണ്. രണ്ടാംവിള നെല്ലു സംഭരണത്തിൽ ഏപ്രിൽ 30 വരെ അംഗീകരിച്ച പിആർഎസുകളിലാണ് ഇപ്പോൾ വില നൽകുന്നത്.
മേയ് ഒന്നിനു ശേഷം അംഗീകരിച്ച പിആർഎസിൽ തുക നൽകാൻ ആദ്യം ഫണ്ട് അനുവദിക്കണം. ഇത് എന്നു ലഭിക്കുമെന്നു വ്യക്തമല്ല.
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കൊയ്ത്തു കഴിഞ്ഞ കർഷകർ വരെ ഇപ്പോഴും നെല്ലുവിലയ്ക്കായി കാത്തിരിക്കുകയാണ്.
വിലവിതരണത്തിൽ വീണ്ടും തടസ്സം
സപ്ലൈകോ നെല്ലു സംഭരണത്തിൽ വിലവിതരണം വീണ്ടും തടസ്സപ്പെട്ടു. എസ്ബിഐ മുഖേനയുള്ള വിലവിതരണമാണു തുക അധികരിച്ചതിനെത്തുടർന്നു തടസ്സപ്പെട്ടത്.
നെല്ലു വില നൽകാനായി എസ്ബിഐയ്ക്കു നൽകിയ തുക തീർന്നതോടെയാണു തുക വിതരണം സ്തംഭിച്ചത്. ഇനി കണക്ക് ഒത്തുനോക്കി എസ്ബിഐയ്ക്കു കൂടുതൽ തുക അനുവദിച്ചാൽ മാത്രമേ വില വിതരണം പുനഃരാരംഭിക്കാനാകൂ.
അതേ സമയം കനറാ ബാങ്ക് മുഖേനയുള്ള വില വിതരണം തുടരുന്നുണ്ട്. പരിധി കഴിയുന്നതോടെ ഈ വിതരണവും നിലയ്ക്കും.
ഏപ്രിൽ 30 വരെയുള്ള നെല്ലിന്റെ വില നൽകാൻ ധനവകുപ്പ് സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചതായാണ് സർക്കാർ അറിയിപ്പ്. തുക ലഭ്യമാക്കുന്നതിലെ സാങ്കേതികത്വങ്ങൾ കാരണം പല ഘട്ടങ്ങളിലായി നെല്ലുവില വിതരണം സ്തംഭിച്ചും പുനരാരംഭിച്ചുമാണു മുന്നോട്ടുപോകുന്നത്. ഇതേത്തുടർന്നു കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]