
പാലക്കാട് ∙ കാഴ്ചക്കുറവുള്ള പി.ടി അഞ്ചാമൻ കാട്ടാനയെ മയക്കുവെടിവച്ചു പിടികൂടി ചികിത്സ നൽകാൻ തീരുമാനം. ഇന്നലെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും മന്ത്രി എ.കെ.ശശീന്ദ്രനും ചേർന്നു നടത്തിയ ചർച്ചയിലാണു തീരുമാനം.
മയക്കുവെടിവച്ചു പിടികൂടി കാട്ടിനകത്തു തന്നെ ചികിത്സ നൽകാനാണു തീരുമാനമെന്നു മന്ത്രി മനോരമയോടു പറഞ്ഞു. ഇന്നലെ മുതൽ കാട്ടാനയെ നിരീക്ഷിച്ചു തുടങ്ങി.
മയക്കുവെടി വയ്ക്കാനുള്ള സംഘം അടുത്ത ദിവസം പാലക്കാട്ടെത്തും. കാട്ടിനകത്തു വാഹനം എത്തിപ്പെടാൻ കഴിയുന്ന സ്ഥലത്ത് ആന എത്തിയാൽ മയക്കുവെടി വയ്ക്കും.
പിന്നീട് അവിടെ തന്നെ ചികിത്സ നൽകും. കണ്ണിനല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടോയെന്നും പരിശോധിച്ച് ചികിത്സ നടത്തും.
മന്ത്രി എ.കെ.ശശീന്ദ്രൻ ഇന്നലെ പാലക്കാട്ടെത്തി വാളയാർ റേഞ്ച് ഓഫിസറിൽ നിന്നു കാട്ടാനയുടെ ആരോഗ്യസ്ഥിതി ചോദിച്ചുമനസ്സിലാക്കി. ആനയുടെ ചിത്രങ്ങളും മന്ത്രി പരിശോധിച്ചു.
മരുന്നു ചേർത്തുള്ള പഴങ്ങൾ കഴിക്കാത്തതിനാൽ മയക്കുവെടിവച്ചു പിടികൂടി ചികിത്സ നൽകുന്നതാണു നല്ലതെന്നു വിദഗ്ധസമിതി കഴിഞ്ഞ ദിവസം ഫോറസ്റ്റ് ചീഫ് കൺസർവേറ്റർക്കു റിപ്പോർട്ട് നൽകിയിരുന്നു.
നിലവിൽ കാട്ടാനയ്ക്കു മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. ശരീരത്തിൽ മുറിവുകളോ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടോയില്ല.
വലതു കണ്ണിൽ നീരുണ്ട്. കണ്ണിൽ നിന്നു വെള്ളം വരുന്നുണ്ട്.
ഇടതു കണ്ണിനു നേരത്തെ തന്നെ കാഴ്ചയില്ല. ആനപ്പിണ്ടം പരിശോധിച്ചതിൽ അണുബാധയോ, ദഹനപ്രശ്നങ്ങളോയില്ലെന്നു കണ്ടെത്തി.
അതേസമയം, ആന നടക്കുന്നതിൽ വേഗക്കുറവുണ്ട്.
ഓടാനും ശ്രമിക്കുന്നില്ല. ഇതു കാഴ്ചക്കുറവു കൊണ്ടാണെന്നാണു നിഗമനം.
വലതു കണ്ണിന്റെ കാഴ്ചക്കുറവ് പരിഹരിക്കാനും കണ്ണിലെ നീരൊഴുക്ക് തടയാനും വേദന കുറയ്ക്കാനുമുള്ള മരുന്നുമാണു നൽകാൻ ശ്രമിക്കുന്നത്. കൈതച്ചക്കയിൽ മരുന്നു കലർത്തി കാട്ടിൽ നിക്ഷേപിക്കുകയാണ്.
പക്ഷേ, ആന ഒരു തവണ മാത്രമേ മരുന്നു കഴിച്ചുള്ളൂ. തമിഴ്നാട്ടിലെ കാടുകളിൽ നിന്നു തിരിച്ചെത്തിയപ്പോഴാണു ഇക്കഴിഞ്ഞ 12നു പി.ടി അഞ്ചാമനു വലതു കണ്ണിനും കാഴ്ച കുറവുള്ളതായി ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
പി.ടി അഞ്ചാമനെ കാണ്മാനില്ല ?
മയക്കുവെടി വച്ചു പിടികൂടി ചികിത്സ നൽകാൻ തീരുമാനിച്ച പി.ടി അഞ്ചാമനെ ഇന്നലെ രാവിലെ മുതൽ കാണ്മാനില്ലെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ.
ഇത്രയും ദിവസം നിരീക്ഷണ സംഘത്തിന്റെ കൺവെട്ടത്തു നിന്നു മാറിയിരുന്നില്ല. ഇന്നലെ രാവിലെ മുതൽ സംഘം പലയിടത്തായി തേടിയെങ്കിലും കണ്ടെത്താനായില്ല.
കഴിഞ്ഞ ദിവസം രാത്രി മലമ്പുഴ മാന്തുരത്തിയിലെ വീടിനു സമീപത്തായി കാട്ടാന എത്തിയിരുന്നു. ഇവിടെ നിന്ന് എവിടെ പോയെന്നു വ്യക്തമല്ല.
ഇന്നു കണ്ടെത്താനാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]