
ദേശീയപാത 544; സർവീസ് റോഡും ശോച്യാവസ്ഥയിൽ
ആലത്തൂർ ∙ ദേശീയപാത 544ൽ ആലത്തൂർ സ്വാതി ജംക്ഷനു സമീപം റോഡ് ഇടിഞ്ഞുതാഴ്ന്ന ഭാഗത്ത് സർവീസ് റോഡുകളുടെ സ്ഥിതിയും മോശമാണ്. പാലക്കാട് നിന്നു തൃശൂരിലേക്കുള്ള ദിശയിലെ സർവീസ് റോഡിൽ നിറയെ കുഴികളാണ്. നാലുവരി പാത നിർമാണത്തിൽ ബാക്കി വന്ന കല്ലും മണ്ണും സർവീസ് റോഡിന്റെ അരികിൽ കൂട്ടിയിട്ടിരിക്കുന്നു.തൃശൂർ–പാലക്കാട് പാതയിൽ കൾവർട്ട് നിർമാണം തുടങ്ങിയതോടെ ഈ വഴിക്കുള്ള ഗതാഗതം തിരിച്ച് വിട്ടിരുന്നു. ഇപ്പോൾ ബാങ്ക് റോഡ് ജംക്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മെയിൻ റോഡിൽ കയറി കിണ്ടിമൊക്കിലെത്തി വേണം പാലക്കാട്ടേക്കു പോകാൻ. ഇത് ഗതാഗതക്കുരുക്കിനും സമയനഷ്ടത്തിനും കാരണമാകുന്നുണ്ട്.
ദേശീയപാത ഇടിഞ്ഞതോടെ ഈ സ്ഥിതി തുടരാനാണു സാധ്യത. പാലക്കാട് – തൃശൂർ ദേശീയപാതയിൽ ആലത്തൂർ സ്വാതി ജംക്ഷനു സമീപം കലുങ്ക് നിർമാണം നടക്കുന്നതിനിടെ റോഡ് ഇടിഞ്ഞുതാഴ്ന്നതിനെത്തുടർന്ന് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നു. റോഡിൽ 7 അടിയോളം നീളത്തിൽ മണ്ണ് താഴ്ന്നു കുഴി രൂപപ്പെട്ടു.
മറുഭാഗത്ത് കലുങ്ക് നിർമാണം പൂർത്തിയായതും കാണാം. ചിത്രം: മനോരമ
സ്വാതി ജംക്ഷനിൽ അടിപ്പാത നിർമിക്കുന്നതിന്റെ ഭാഗമായി സർവീസ് റോഡുകൾ നിർമിക്കുന്നതും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു.
വാനൂർ ആയുർക്കുളത്ത് തോടിനു വേണ്ടിയുള്ള ബണ്ടിനും ദേശീയപാതയ്ക്കും ഇടയിലുള്ള വിടവ് അപകടസാധ്യത ഉയർത്തുന്നു. നിലവിൽ മണ്ണിട്ടാണ് ഈ വിടവ് നികത്തിയിട്ടുള്ളത്. മഴയത്ത് മണ്ണൊലിച്ച് പോകാനുള്ള സാധ്യതയുമുണ്ട്.
ആലത്തൂർ ആയർകുളത്ത് ദേശീയപാതയ്ക്കും ബണ്ടിനുമിടയിലുള്ള അപകടഭീഷണിയായ വിടവ് മണ്ണിട്ട് നിറച്ചിരിക്കുന്നത് കെ.രാധാകൃഷ്ണൻ എംപി പരിശോധിക്കുന്നു.
നിർമാണ കമ്പനികൾക്കു സാമർഥ്യം ടോൾ പിരിക്കുന്നതിൽ മാത്രം: എംപി
ടോൾ പിരിക്കുന്നതിൽ കാണിക്കുന്ന സാമർഥ്യം ദേശീയപാതയുടെ അടിസ്ഥാന സൗകര്യം ഒരുക്കുന്ന കാര്യത്തിൽ നിർമാണ കമ്പനികൾക്കില്ലെന്ന് കെ.രാധാകൃഷ്ണൻ എംപി പറഞ്ഞു. ആലത്തൂരിൽ തകർന്ന ദേശീയപാത സന്ദർശിക്കുകയായിരുന്നു എംപി.
ബദൽസൗകര്യം ഒരുക്കാതെയാണ് ദേശീയപാതയിൽ അറ്റകുറ്റപ്പണികൾ നടത്തിയതെന്നും നിർമാണ കമ്പനിയോട് ഒട്ടേറെ തവണ ഇക്കാര്യം ആവശ്യപ്പെട്ടിട്ടും അവർ ചെവിക്കൊണ്ടില്ലെന്നും എംപി പറഞ്ഞു. കലക്ടറുടെ സാന്നിധ്യത്തിൽ എംപിമാരും എംഎൽഎമാരും പങ്കെടുത്ത യോഗത്തിൽ ഈ റോഡിന്റെ കാര്യം പറഞ്ഞിരുന്നില്ലെന്നും ഇത് തികഞ്ഞ അനാസ്ഥയാണെന്നും എംപി കുറ്റപ്പെടുത്തി.
റോഡ് തകർന്ന സംഭവത്തിൽ ഉന്നതതല യോഗം വിളിക്കും. ഇപ്പോൾ ഇടിഞ്ഞ ഭാഗങ്ങൾ അടിയന്തരമായി പുനർനിർമിക്കുന്നതിന് എംപി നിർദേശം നൽകി.
സ്വാതി ജംക്ഷനു സമീപം ആയർകുളത്ത് ദേശീയപാതയ്ക്കും സർവീസ് റോഡിലെ ബണ്ടിനും ഇടയിലുള്ള അപകടഭീഷണിയായ വിടവ് മണ്ണിട്ടു നിറച്ചിരിക്കുന്നതും എംപി സന്ദർശിച്ചു. മഴക്കാലത്ത് മണ്ണ് ഒലിച്ചു പോയി അപകടമുണ്ടാകാനുള്ള സാധ്യത പരിശോധിച്ചു.
പി.പി.സുമോദ് എംഎൽഎയും ദേശീയപാത ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]