
തെങ്ങിൻ പൊക്കത്തിൽ നാളികേര വില; ഉല്പാദനം കുറഞ്ഞതോടെ പ്രതിസന്ധിയിലായി കേര കര്‍ഷകര്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊപ്പം ∙ നാളികേര ഉല്പാദനം കുറഞ്ഞതോടെ പ്രതിസന്ധിയിലായി കേര കര്‍ഷകര്‍. വില കൂടിയപ്പോള്‍ വിളവു കുറഞ്ഞതാണു കര്‍ഷകരെ കണ്ണീരിലാഴ്ത്തുന്നത്. വിളവു കൂടിയ കാലത്ത് തേങ്ങയ്ക്കു വിലയില്ലായിരുന്നു. എന്നാല്‍, ഉല്പാദനം കുറഞ്ഞതോടെ വില കുതിച്ചുയരുകയാണ്. നാളികേരം കിലോഗ്രാമിന് 60 മുതല്‍ 64 വരെയെത്തിയിരുന്നു വില. കഴിഞ്ഞ ദിവസം 59 രൂപയ്ക്കു വില്പന നടത്തിയിരുന്ന തേങ്ങ 60 രൂപയ്ക്കാണ് ഇന്നലെ വിറ്റത്. ഓരോ ദിവസവും കൂടിയും കുറഞ്ഞുമാണ് അങ്ങാടി നിലവാരം.
പച്ചത്തേങ്ങയ്ക്കും 30 മുതല്‍ 40 വരെ കിട്ടുന്നുണ്ടെന്നാണു കര്‍ഷകര്‍ പറയുന്നത്. രോഗവ്യാപനമാണ് ഉല്പാദനം കുറയാന്‍ കാരണം. വലിയ തെങ്ങിന്തോപ്പുകള് ഉണ്ടായിരുന്ന പ്രദേശങ്ങളില്‍ രോഗം രൂക്ഷമാണ്. പച്ച ഓലകളാല്‍ സമ്പുഷ്ടമായിരുന്ന തെങ്ങിന്തോപ്പുകള് കരിഞ്ഞുണങ്ങിയ നിലയിലാണ്. വെള്ളപ്പാറ്റയുടെയും ചെള്ളിന്റെയും ശല്യം, മഞ്ഞളിപ്പുരോഗം എന്നിവയാണു തെങ്ങുകളെ വ്യാപകമായി ബാധിച്ചിരിക്കുന്നത്. കാറ്റുവീഴ്ച, വെള്ളീച്ചയുടെ ശല്യം എന്നിവയും ഉൽപാദനം കുറയാന്‍ കാരണമായി. രോഗബാധ മൂലം തെങ്ങിന് തോപ്പുകള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടെ നാളികേരത്തെ ആശ്രയിച്ചു കഴിയുന്ന കര്‍ഷകരുടെ ജീവിതമാര്‍ഗം കൂടിയാണ് ഇല്ലാതാകുന്നത്.
ഒരു വര്‍ഷം ഒരു കുലയില്‍ നിന്ന് 80 മുതല്‍ 100 വരെ തേങ്ങകള്‍ കിട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ 30 മുതല്‍ 40 വരെയായി കുറഞ്ഞു. തേങ്ങയിടാനും പൊതിക്കാനും കൂലിക്കു കുറവൊന്നുമില്ല. തേങ്ങയിടാന്‍ തെങ്ങൊന്നിന് 35ഉം 40ഉം രൂപ കൂലി കൊടുക്കണം. അഥിതിത്തൊഴിലാളിയാണെങ്കില് കുറഞ്ഞ കൂലി മതി. എന്നാല്‍, തെങ്ങുകയറ്റം സാഹസമാണെന്നും കൂലി കുറവാണെന്നുമാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. പൊതിക്കാന്‍ തേങ്ങയൊന്നിന് ഒരു രൂപയാണു നിലവില്‍ കൂലി. പതിനായിരവും അതിലധികവും തേങ്ങ പൊതിക്കാനുള്ള തോട്ടങ്ങളില്‍ ദിവസം ആയിരം തേങ്ങയാണു പൊതിക്കുക.
തേങ്ങ പൊതിക്കാനുള്ള കൂലിയും കുറവാണെന്നാണു തൊഴിലാളികളുടെ പരാതി. തേങ്ങയിടാനും പൊതിക്കാനും കയറ്റിറക്കിനും ഉള്‍പ്പെടെ എല്ലാ ചെലവുകളും കഴിഞ്ഞാല്‍ നഷ്ടം മാത്രമാണെന്നു കര്‍ഷകരും പറയുന്നു. മെച്ചപ്പെട്ട ഉല്പാദനം പ്രതീക്ഷിച്ചു നട്ട ചെന്തെങ്ങ് ഉള്‍പ്പെടെയുള്ള തെങ്ങുകളെ വെള്ളീച്ച ആക്രമിക്കുന്നതും ഭീഷണിയായി. മഞ്ഞളിപ്പ്, പോളചീയല്‍, വാട്ടരോഗം എന്നിവയും കര്‍ഷകരെ വലയ്ക്കുന്നു.
സർക്കാരിന്റെ ‘കേരഗ്രാമം’ പദ്ധതിയിൽ കേരക്കൃഷി തുടങ്ങിയവരും പ്രതിസന്ധിയിലാണ്. ഉൽപാദനം കുറഞ്ഞതോടെ കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ആയിരക്കണക്കിനു തെങ്ങുകളാണു മുറിച്ചു മാറ്റിയത്. എന്നാല്‍, തെങ്ങിന്തോപ്പുകളില് വ്യാപകമായി രോഗബാധ കണ്ടെത്തിയിട്ടും രോഗ പ്രതിരോധത്തിനു കൃഷി വകുപ്പ് നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.