
എംഡിഎംഎയുമായി അമ്മയും മകനും ഉൾപ്പെടെ 4 പേർ അറസ്റ്റിൽ; 2 യുവാക്കൾ ഐടി പ്രഫഷനലുകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാളയാർ ∙കാറിൽ കടത്തിയ ലക്ഷങ്ങൾ വിലമതിക്കുന്ന 12 ഗ്രാം എംഡിഎംഎയുമായി അമ്മയും മകനും സുഹൃത്തുക്കളും അടങ്ങിയ 4 അംഗ സംഘം അറസ്റ്റിൽ. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ ഇന്നലെ രാത്രി ഏഴോടെയാണു സംഘം പിടിയിലായത്. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അശ്വതി (39), മകൻ ഷോൺ സണ്ണി (20), അശ്വതിയുടെ സുഹൃത്തുക്കളായ കോഴിക്കോട് എലത്തൂർ മുഖവൂർ സ്വദേശി മൃദുൽ (29), അശ്വിൻലാൽ (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ മൃദുലും അശ്വിൻലാലും ഐടി പ്രഫഷനലുകളാണ്. അശ്വതി ഉൾപ്പെട്ട ഈ സംഘം വർഷങ്ങളായി ലഹരിമരുന്ന് ഇടപാട് നടത്തുന്നവരാണെന്നാണ് എക്സൈസ് നൽകുന്ന വിവരം.
ബെംഗളൂരുവിൽ നിന്ന് എത്തിച്ച രാസലഹരി വസ്തുക്കൾ കോഴിക്കോട്ടെത്തിച്ചു കോളജ് വിദ്യാർഥികൾക്കിടയിലാണ് ഇവർ വിൽപന നടത്തിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ദേശീയപാതയിൽ വാഹന പരിശോധനയിലുണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട ഉടൻ കാർ അമിതവേഗത്തിൽ പാഞ്ഞുപോയെങ്കിലും ഉദ്യോഗസ്ഥർ ചന്ദ്രാപുരത്തു വച്ചു പിന്തുടർന്നു പിടികൂടി. ബെംഗളൂരുവിൽ നിന്നു കോഴിക്കോട്ടേക്കാണ് ഇവർ പോയിരുന്നത്.പാലക്കാട് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ വൈ.ഷിബുവിന്റെ നിർദേശപ്രകാരം വാളയാർ എക്സൈസ് ചെക്പോസ്റ്റ് ഇൻസ്പെക്ടർ എ.മുരുകദാസ്, അസി.ഇൻസ്പെക്ടർ സി.മേഘനാഥ്, പ്രിവന്റീവ് ഓഫിസർ കെ.വി.ദിനേഷ്, സിവിൽ എക്സൈസ് ഓഫിസർ ആർ.പ്രശാന്ത്, കെ.ശരവണൻ, എ.അജിത എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.