പാലക്കാട് ∙ കേര പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള 200 കോടി രൂപയുടെ മലമ്പുഴ ഇടതുകനാൽ ജലസേചന, കാർഷിക നവീകരണ പ്രോജക്ടിൽ വനവൽക്കരണത്തിനും പദ്ധതി. നവീകരണത്തിന്റെ ഭാഗമായി മുറിച്ചു മാറ്റുന്ന മരങ്ങൾക്കു പകരം 25,000 തൈകൾ നട്ടുപിടിപ്പിക്കും.കനാൽത്തീരത്തെ മരങ്ങൾ കനാലിന്റെ തകർച്ചയ്ക്കു കാരണമാകുന്നുണ്ട്.
ഈ സാഹചര്യത്തിൽ തീരത്തു മരങ്ങൾ നടില്ല.
പകരം ജലസേചന വകുപ്പിന്റെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിലാകും ഇവ നടുക. ലോകബാങ്ക് സഹായത്തോടെ സംസ്ഥാന സർക്കാരാണു കേര (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യു ചെയിൻ മോഡേണൈസേഷൻ) പദ്ധതി നടപ്പാക്കുന്നത്.
മലമ്പുഴ കനാൽ നവീകരണത്തിന് അനുവദിക്കുന്ന ഉയർന്ന തുകയാണിത്. മാർച്ചിൽ പ്രവൃത്തികൾ ആരംഭിക്കും.
കനാൽ നവീകരണം
മലമ്പുഴ ഇടതുകര കനാൽ, തിരഞ്ഞെടുക്കപ്പെട്ട
ശാഖാ കനാലുകൾ, പാടങ്ങളിലേക്കുള്ള ഫീൽഡ് കനാലുകൾ ഉൾപ്പെടെ 130 കിലോമീറ്ററിലധികം ദൂരത്തിലുള്ള ജലസേചന ശൃംഖലയാണു നവീകരിക്കുക. കൊട്ടേക്കാടും കരിങ്കരപ്പുള്ളിയിലും ഉള്ള ബ്രിട്ടിഷ് പാലങ്ങളുടെ അറ്റകുറ്റപ്പണിയും ഇതിൽ ഉൾപ്പെടും.
റഗുലേറ്ററുകളുടെയും ഷട്ടറുകളുടെയും അറ്റകുറ്റപ്പണി, മലിനജലം കനാലിലേക്കു കലരുന്നതു തടയൽ, ജല അതോറിറ്റി പൈപ്പുകൾ, വൈദ്യുതി പോസ്റ്റ് തുടങ്ങിയ തടസ്സങ്ങൾ നീക്കൽ എന്നിവയും നടപ്പാക്കും.
9,020 ഹെക്ടർ നെൽപാടം
മലമ്പുഴ ഇടതുകര കനാൽ കടന്നുപോകുന്ന പാലക്കാട് നഗരസഭയിലും 19 പഞ്ചായത്തുകളിലും ഉള്ള 9,020 ഹെക്ടർ നെൽപാടത്തിനു പദ്ധതിയുടെ പ്രയോജനം ലഭിക്കും.വെള്ളത്തിന്റെ ദുരുപയോഗം തടഞ്ഞു വാലറ്റങ്ങളിലേക്കടക്കം ജലം എത്തിക്കും. ജലസംരക്ഷണം വഴി മൂന്നാംവിളയ്ക്കും സാധ്യത.
കാലാവസ്ഥ അനുകൂല കൃഷി
മാറുന്ന കാലാവസ്ഥ നേരിടാൻ കൃഷിക്കാരെ സജ്ജരാക്കും.
രാജ്യാന്തര നെല്ലു ഗവേഷണ സ്ഥാപനത്തിന്റെ സാങ്കേതിക സഹായത്തോടെയാണു പുതിയ രീതി നടപ്പാക്കുക.ഓൾട്ടർനേറ്റീവ് വെറ്റിങ് ആൻഡ് ഡ്രൈയിങ് (AWD) ആണു പുതിയ കൃഷിരീതി. നെൽപാടങ്ങളിൽ എപ്പോഴും വെള്ളം കെട്ടിനിർത്തുന്നതാണു നിലവിലെ രീതി.
ആവശ്യമുള്ളപ്പോൾ മാത്രം വെള്ളം നൽകി ഇടയ്ക്ക് പാടം ഉണങ്ങാൻ അനുവദിക്കുക വഴി 20–30% വെള്ളം ലാഭിക്കാനാകുമെന്നാണു കണ്ടെത്തൽ.
ഉൽപാദനത്തിൽ കുറവുണ്ടാകില്ല. പാടങ്ങളിൽ നിന്നുള്ള മീഥൈൻ വാതകത്തിന്റെ ബഹിർഗമനം വലിയ തോതിൽ കുറയ്ക്കാനും സാധിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

