അഗളി ∙ സിപിഎമ്മിനോട് പിണങ്ങി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന മുൻ ഏരിയ സെക്രട്ടറിയെ ‘തട്ടിക്കളയുമെന്ന് ’ സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി. അഗളി പഞ്ചായത്തിൽ 18-ാം വാർഡ് ഒമ്മലയിൽ സ്വതന്ത്രനായി മത്സരിക്കുന്ന വി.ആർ.രാമകൃഷ്ണനെ സിപിഎം അഗളി ലോക്കൽ സെക്രട്ടറി എൻ.എസ്.ജംഷീറാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.
സംഭവത്തിൽ രാമകൃഷ്ണൻ പൊലീസിൽ പരാതി നൽകി.
പാർട്ടിയിൽ വി.എസ്.അച്യുതാനന്ദനെ അനുകൂലിക്കുന്നയാളായിരുന്നു രാമകൃഷ്ണൻ. 7 വർഷം മുൻപ് പാർട്ടിയിൽ നിന്ന് അച്ചടക്കനടപടി നേരിട്ട
ഇദ്ദേഹം സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകിയിരുന്നു. ശനിയാഴ്ച വൈകിട്ട് രാമകൃഷ്ണനെ ഫോണിൽ വിളിച്ച ജംഷീർ മത്സരത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു.
നിരാകരിച്ച രാമകൃഷ്ണനോട് ‘ഞങ്ങൾ നിങ്ങളെ കൊല്ലേണ്ടി വരുമെന്ന്’ പറയുന്നതു കേൾക്കാം. നിങ്ങൾ എന്നെ എന്തുചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന ചോദ്യത്തിന് തട്ടിക്കളയാനാണു തീരുമാനമെന്നു ജംഷീർ പറയുന്നു.
ഇത്രയും ഭാഗമാണ് ആദ്യം പുറത്തുവന്നതെങ്കിലും 8 മിനിറ്റിലേറെ ദൈർഘ്യമുള്ള പൂർണ സംഭാഷണത്തിൽ ഇരുവരും തമ്മിലുള്ള സൗഹൃദവും പാർട്ടിക്കകത്തുണ്ടായിരുന്ന പ്രശ്നങ്ങളും പങ്കുവയ്ക്കുന്നുണ്ട്.ലോക്കൽ സെക്രട്ടറി ജംഷീറിന്റെ ഫോൺ സംഭാഷണം ഇരുവരും തമ്മിലുള്ള ദീർഘകാല ബന്ധത്തിന്റെയും സൗഹൃദത്തിന്റെയും അടിസ്ഥാനത്തിലായിരുന്നുവെന്നും പദപ്രയോഗങ്ങളിൽ തെറ്റുപറ്റിയെന്നും സിപിഎം അട്ടപ്പാടി ഏരിയ സെക്രട്ടറി എ.പരമേശ്വരൻ പറഞ്ഞു.
എൽഡിഎഫ് അഗളി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കൂടിയാണ് ജംഷീർ.
ലോക്കൽ സെക്രട്ടറിയെ തള്ളി ജില്ലാനേതൃത്വം
അട്ടപ്പാടിയിൽ നാമനിർദേശപത്രിക നൽകിയ പാർട്ടി മുൻ ഏരിയ സെക്രട്ടറിക്കെതിരെ വധഭീഷണി മുഴക്കിയ അഗളി ലോക്കൽ സെക്രട്ടറിയെ തള്ളി സിപിഎം ജില്ലാനേതൃത്വം.ഇതുപോലൊരു വാചകം സിപിഎം നേതാക്കളിൽ നിന്നു വരാൻ പാടില്ലാത്തതാണ്.തിരഞ്ഞെടുപ്പുകാലത്ത് ഇത്തരം കാര്യങ്ങളിൽ നേതാക്കൾ ജാഗ്രത പാലിക്കണം .വിഷയത്തെക്കുറിച്ചു കൂടുതൽ അറിയില്ലെന്നും വസ്തുത പരിശോധിക്കുമെന്നും ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു പറഞ്ഞു.ജില്ലയിൽ സിപിഐയുമായി സൗഹൃദത്തിലാണു പോകുന്നത്. എല്ലാ തരത്തിലും വിട്ടുവീഴ്ച ചെയ്തു മണ്ണൂരിൽ ഒരു മുന്നണിയായി പോകാനാണ് ആഗ്രഹമെങ്കിലും ചില ആളുകളുടെ പിടിവാശി മൂലമാണ് അതു നടക്കാത്തത്.
ചിറ്റൂരിൽ പ്രശ്നങ്ങളില്ലെന്നും സുരേഷ് ബാബു പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

