പാലക്കാട് ∙ എക്സൈസ് വകുപ്പിന്റെ സെമിനാറിൽ പങ്കെടുത്തശേഷം ഓഡിറ്റോറിയത്തിനു പുറത്തിറങ്ങിയ വിദ്യാർഥിക്കു ദേശീയപാതയോടു ചേർന്നുള്ള നടപ്പാതയുടെ സ്ലാബ് തകർന്നു പരുക്ക്. പരുക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിലെത്തിക്കാൻ പൊലീസും എക്സൈസും സഹായിച്ചില്ലെന്നു സഹപാഠികൾ ആരോപിച്ചു.കുളപ്പുള്ളി അൽ അമീൻ കോളജിലെ ഒന്നാം വർഷ നിയമ വിദ്യാർഥി പട്ടാമ്പി സ്വദേശി രഹത ഫർസാനയ്ക്കാണു (28) പരുക്ക്.
ഇന്നലെ ഉച്ചയ്ക്കു രണ്ടോടെയാണ് അപകടം.
ദേശീയപാതയ്ക്കു സമീപത്തെ കോസ്മോപൊളിറ്റൻ ക്ലബ് ഓഡിറ്റോറിയത്തിൽ എക്സൈസ് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു രഹതയും സഹപാഠികളും. ക്ലബ്ബിനു മുന്നിലുള്ള സർവീസ് റോഡിലെ നടപ്പാതയിലെ സ്ലാബ് തകർന്ന് രഹത 3 അടി താഴ്ചയുള്ള ഓവുചാലിലേക്കു വീഴുകയായിരുന്നു.
നട്ടെല്ലിനും കാലിനും പരുക്കുണ്ട്. ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
‘പൊലീസും എക്സൈസും നോക്കിനിന്നു’
രഹത ഓവുചാലിൽ വീഴുന്നതു പൊലീസിലെയും എക്സൈസിലെയും മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ നോക്കിനിന്നതായി സഹപാഠികൾ ആരോപിച്ചു.
സഹായം ചോദിച്ചപ്പോൾ പറ്റില്ലെന്നും മന്ത്രിക്ക് അകമ്പടി പോകാനുള്ളതാണെന്നുമായിരുന്നു മറുപടി.ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസ് സഹായം ആവശ്യപ്പെട്ടു വിളിച്ചപ്പോഴും ലഭിച്ചില്ല. ആംബുലൻസ് ഇല്ലെന്നായിരുന്നു മറുപടി.
രഹതയെ ഓട്ടോ വിളിച്ചാണ് ആശുപത്രിയിലെത്തിച്ചതെന്നു വിദ്യാർഥികൾ പറഞ്ഞു.
സ്ഥിരം അപകട മേഖല
കാടാങ്കോട് ഭാഗത്ത് ഓവുചാലിനു സ്ലാബുകളില്ലാത്തതിനാൽ അപകടം പതിവാണ്.
ഉള്ള സ്ലാബുകൾക്കു ബലക്ഷയമുണ്ട്. ദേശീയപാത അതോറിറ്റിയാണു സ്ലാബുകൾ നന്നാക്കേണ്ടത്.പലതവണ കത്തു നൽകിയിട്ടും ദേശീയപാത അതോറിറ്റി നടപടി സ്വീകരിക്കുന്നില്ലെന്നു പാലക്കാട് നഗരസഭ അധികൃതർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

