
പാലക്കാട് ∙ 15 വർഷമായി പണിതീരാത്ത പാലക്കാട് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം വീണ്ടും വൈകിച്ചു ഭരണത്തർക്കം. ഇതുവരെയുള്ള തടസ്സം ഫണ്ടില്ലാത്തതായിരുന്നു.
ഫണ്ട് എത്തിയപ്പോൾ സ്റ്റേഡിയത്തിന്റെ ചുമതല ആർക്കെന്ന തർക്കം വഴിമുടക്കി. ഇൻഡോർ സ്റ്റേഡിയത്തിന്റെ ബാക്കിയുള്ള പ്രവൃത്തികൾക്കു കിഫ്ബി ഫണ്ടിൽ നിന്നു 14.5 കോടി രൂപ അനുവദിച്ചിട്ടു വർഷം ഒന്നു കഴിഞ്ഞു. സ്റ്റേഡിയം, സൊസൈറ്റിയുടെ കീഴിലായതിനാൽ കിഫ്ബി ഫണ്ട് എടുക്കാനാവില്ല.
കിഫ്ബി ഫണ്ട് സൊസൈറ്റികൾക്ക് ഉപയോഗിക്കാനാവില്ല എന്നതാണു വ്യവസ്ഥയെന്നും ഇതു മാറ്റാൻ കഴിയില്ലെന്നും കായികമന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു.
സ്റ്റേഡിയത്തിന്റെ ചുമതല സൊസൈറ്റിയിൽ നിന്നു സ്പോർട്സ് കൗൺസിലിലേക്കു മാറ്റി ഫണ്ട് ചെലവഴിക്കാമെന്ന നിർദേശം മന്ത്രിയും കലക്ടറും മുന്നോട്ടു വച്ചെങ്കിലും സൊസൈറ്റി ഭരണസമിതി തയാറായില്ല. ഇതോടെ ഫണ്ട് നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണു ജില്ലയിലെ കായികപ്രേമികളും താരങ്ങളും.
വൈകിയാൽ ഫണ്ട് നഷ്ടപ്പെടുമെന്നു മന്ത്രിയും മുന്നറിയിപ്പു നൽകി. സിവിൽ ജോലികൾ, ശുചിമുറികളുടെയും മറ്റും സാനിറ്ററി പ്രവൃത്തികൾ, പൂർണമായ വൈദ്യുതീകരണം, തീ അണയ്ക്കാനുള്ള ഉപകരണങ്ങൾ സ്ഥാപിക്കൽ, പെയ്ന്റിങ് തുടങ്ങിയവയാണ് ഇനി ബാക്കിയുള്ളത്.
സ്റ്റേഡിയത്തിനകത്തു നിർമിച്ചിരിക്കുന്ന സ്റ്റേജ്, കായിക മത്സരങ്ങൾക്കും പരിശീലനത്തിനും തടസ്സമാകുമെന്നും ഇതു പൊളിച്ചുനീക്കണമെന്നും കായിക വിദഗ്ധർ ശുപാർശ നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇൻഡോർ സ്റ്റേഡിയം ഇപ്പോൾ രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധരുടെ താവളമാണ്. ഗവ.വിക്ടോറിയ കോളജിനു സമീപം സർക്കാർ നൽകിയ 2.44 ഏക്കറിൽ 2010 മേയ് മൂന്നിനാണു ഇൻഡോർ സ്റ്റേഡിയം നിർമാണം ആരംഭിച്ചത്.
കായികവകുപ്പിനു കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷനാണു നിർമാണച്ചുമതല. കലക്ടർ ചെയർപഴ്സനും സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് സെക്രട്ടറിയുമായ ഇൻഡോർ സ്റ്റേഡിയം സൊസൈറ്റിക്കാണു പരിപാലന ചുമതല.
13.25 കോടി രൂപ ചെലവിൽ പണി തുടങ്ങിയെങ്കിലും പല കാരണങ്ങളാൽ നിലച്ചു.
പദ്ധതിയുടെ 60% പൂർത്തിയായെങ്കിലും ഫണ്ട് തികയാത്തതിനാൽ നിർമാണം മുടങ്ങി. 2021ൽ ചേർന്ന മന്ത്രിതല യോഗത്തിൽ തുടർനിർമാണം തീരുമാനിച്ചു.
2024 ഓഗസ്റ്റ് 8നു മന്ത്രി വി.അബ്ദുറഹ്മാൻ തുടർ പ്രവൃത്തികളുടെ ഉദ്ഘാടനവും നിർവഹിച്ചു. ഒരു വർഷം കൊണ്ടു പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം.
മന്ത്രി പറഞ്ഞത് പാഴായി
2 024 ഓഗസ്റ്റ് 8ന് ആണ് ഇൻഡോർ സ്റ്റേഡിയത്തിന്റെ തുടർപ്രവൃത്തികളുടെ ഉദ്ഘാടനം നടന്നത്.
അന്നു കായികമന്ത്രി പറഞ്ഞത് ഇങ്ങനെ: ‘‘അടുത്ത വർഷം ഇതേ സമയം സ്റ്റേഡിയം പൂർത്തിയാക്കി പാലക്കാടിനു കൈമാറിയിരിക്കും. 12 മാസമാണു നിർമാണ കാലാവധി.
സ്റ്റേഡിയം വർഷങ്ങളായി ഇങ്ങനെ കിടക്കുന്നതിൽ പാലക്കാടിന് അതൃപ്തി ഉണ്ടെന്ന് അറിയാം. സാങ്കേതികത്വങ്ങളായിരുന്നു തടസ്സം.
അതെല്ലാം മാറ്റിയിട്ടുണ്ട്. ദേശീയ മത്സരങ്ങൾ ഉൾപ്പെടെ ഇവിടെ നടത്തും.
ഇതിനു സമീപത്തായി ടർഫ് സ്ഥാപിക്കും.’’അൽപം പരിഹാസത്തോടെയാണ് ഇൻഡോർ സ്റ്റേഡിയത്തിന്റെ സ്തംഭനാവസ്ഥയെ എല്ലാവരും നോക്കിക്കണ്ടിരുന്നതെന്നും ഇനി അതു മാറി സ്റ്റേഡിയം യാഥാർഥ്യമാക്കുമെന്നും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കൂടിയായ കെ.പ്രേംകുമാർ എംഎൽഎയും പറഞ്ഞിരുന്നു. പക്ഷേ തർക്കം പരിഹരിക്കാൻ ഇവർക്കാർക്കും സാധിച്ചില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]