
നാലാം വയസ്സിൽ തുടങ്ങിയ സൗഹൃദം, മരണത്തിലും ഒരുമിച്ച്; കണ്ണീരോർമയായി ആ കൂട്ടുകാർ
ചിറ്റൂർ ∙ എൽകെജി മുതൽ ആരംഭിച്ച സൗഹൃദം കൈവിടാതെ മരണത്തിലേക്കും ഒരുമിച്ചു പോയ സുഹൃത്തുക്കൾക്ക് നാട് കണ്ണീരോടെ വിടചൊല്ലി. നാലു വയസ്സുള്ളപ്പോൾ വിജയമാതാ ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങിയതാണ് വിഷ്ണുപ്രസാദിന്റെയും കാർത്തിക്കിന്റെയും സൗഹൃദം. പ്ലസ് വണ്ണിൽ വ്യത്യസ്ത വിഷയങ്ങൾ എടുത്തപ്പോഴാണ് രണ്ടുപേരും ആദ്യമായി ക്ലാസ് മാറിയത്.
രണ്ടു കോളജുകളിൽ പഠിച്ചിട്ടും ഒഴിവുസമയങ്ങളിൽ എപ്പോഴും ഒരുമിച്ചായിരുന്നു. അവധി ആഘോഷിക്കാനാണ് കഴിഞ്ഞ ദിവസം വിഷ്ണുവും കാർത്തിക്കും മറ്റു സുഹൃത്തുക്കളും ചേർന്ന് കന്നിമാരിയിലെ സുഹൃത്തിന്റെ വീട്ടിലെത്തുന്നത്.
അവിടെനിന്നാണു കമ്പാലത്തറ ഏരിയിലേക്കു പോയത്.
കമ്പാലത്തറ ഏരിയിൽ മുങ്ങിമരിച്ച എം.കാർത്തിക്കിന്റെ മൃതദേഹം പുതുനഗരത്തെ വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്നവർ.
കുളിക്കാനിറങ്ങിയ വിഷ്ണു ഒഴുക്കിന്റെ ശക്തിയിൽ ഏരിയുടെ ആഴങ്ങളിലേക്കു താഴുന്നതു കണ്ടുനിൽക്കാനാവാതെയാണ് രക്ഷിക്കാനായി കാർത്തിക് വെള്ളത്തിലേക്കു ചാടിയത്. എന്നാൽ ഇരുവരും ഒരുമിച്ചു മരണത്തിന്റെ ആഴക്കയത്തിലേക്കു താഴുകയായിരുന്നു.
നീന്തലറിയാത്തതിനാൽ ഇറങ്ങരുതെന്നു പറഞ്ഞ് തന്നെ അവർ വിലക്കുകയായിരുന്നുവെന്നു സുഹൃത്തായ വിഗ്നേഷ് നിറകണ്ണുകളോടെ പറഞ്ഞു. വിഷ്ണുപ്രസാദിന്റെ മൃതദേഹം പുഴപ്പാലം ശോകശാന്തിവനം വാതകശ്മശാനത്തിലും കാർത്തിക്കിന്റെ മൃതദേഹം പട്ടഞ്ചേരി വാതക ശ്മശാനത്തിലും സംസ്കരിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിയ മന്ത്രി കെ.കൃഷ്ണൻകുട്ടി കമ്പാലത്തറ ഏരിയിൽ മുങ്ങിമരിച്ച വിഷ്ണുപ്രസാദിന്റെയും കാർത്തിക്കിന്റെയും ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു.
ചിത്രം: മനോരമ
കണ്ണീരാഴത്തിൽ കുടുംബം
ചിറ്റൂർ ∙ ‘ടീ ചേച്ചി’ എന്നെന്നെ വിളിക്കാൻ ആരുണ്ടെടാ.. വിഷ്ണുപ്രസാദിന്റെ മൃതദേഹം സംസ്കാരത്തിനായി വീട്ടിൽ നിന്നെടുക്കുമ്പോൾ സഹോദരി ചൈതന്യയുടെ കരച്ചിൽ ചുറ്റും നിന്നവരെയും കണ്ണീരിലാഴ്ത്തി.
കുടുംബത്തിനു തണലാകുമെന്നു കരുതിയ മകന്റെ വിയോഗം ഉൾക്കൊള്ളാനാകാതെ കരഞ്ഞു തളർന്നിരുന്നു അമ്മ ശോഭയും അച്ഛൻ മുരളിയും. കഴിഞ്ഞ ദിവസം കമ്പാലത്തറ ഏരിയിലെ ഒഴുക്കിൽപെട്ടു മുങ്ങിമരിച്ച വിഷ്ണുപ്രസാദിനെ അവസാനമായി ഒരുനോക്കു കാണാൻ അണിക്കോട് തറക്കളത്തെ വീട്ടിൽ സുഹൃത്തുക്കളും സഹപാഠികളും എത്തിയിരുന്നു. എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്ന, എന്നും നിറപുഞ്ചിരിയോടെ മാത്രം കാണുമായിരുന്ന വിഷ്ണുവിനെ ചലനമറ്റു കിടക്കുന്നതു കാണാനാവാതെ ചുറ്റുമുണ്ടായിരുന്നവർ വിതുമ്പി.വീട്ടിലും നാട്ടിലും ഏതു കാര്യത്തിനും മുൻപന്തിയിലുണ്ടായിരുന്ന പ്രിയപ്പെട്ടവന്റെ അവസാന യാത്ര നാടിനു തേങ്ങലായി. പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിയ മന്ത്രി കെ.കൃഷ്ണൻകുട്ടി കമ്പാലത്തറ ഏരിയിൽ മുങ്ങിമരിച്ച വിഷ്ണുപ്രസാദിന്റെയും കാർത്തിക്കിന്റെയും ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു.
ചിത്രം: മനോരമ
പാതിവഴിയിൽ നിലച്ച സ്വപ്നങ്ങൾ
പുതുനഗരം ∙ ജീവിതത്തിൽ വെളിച്ചമായി കണ്ട ഏക മകന്റെ അപ്രതീക്ഷിത വേർപാട്.
എന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചു നിൽക്കുകയായിരുന്നു കമ്പാലത്തറ ഏരിയിൽ വെള്ളത്തിൽ മുങ്ങി മരിച്ച കാർത്തിക്കിന്റെ അച്ഛൻ പി.മുരളീധരനും അമ്മ വിനോദിനിയും. അവരെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കളും നാട്ടുകാരും കണ്ണീരിലാഴ്ന്നു.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി പുതുനഗരം കുളത്തുമേട്ടിലെ വീട്ടിലേക്ക് കാർത്തിക്കിന്റെ മൃതദേഹം എത്തുമ്പോൾ ഒരു നാടുമുഴുവൻ വേദന കടിച്ചമർത്തി നിൽക്കുകയായിരുന്നു. വീട്ടിലേക്കു മൃതദേഹമെടുത്തതോടെ ഉറ്റവരും സഹപാഠികളും അലമുറയിട്ടു കരഞ്ഞു. കൊഴിഞ്ഞാമ്പാറ ആർട്സ് ആൻഡ് സയൻസ് കോളജിലെ ബിരുദ വിദ്യാർഥിയായ കാർത്തിക് കായിക രംഗത്തും ഏറെ മികവു പുലർത്തിയ താരമാണ്.
ജൂഡോ, റെസ്ലിങ് എന്നിവയിൽ ജില്ലാ–സംസ്ഥാനതല മത്സരങ്ങളിൽ വിജയിച്ചു വരുന്ന കാർത്തിക്കിന്റെ മുഖത്തെ തിളക്കം സഹതാരങ്ങൾ ഓർക്കുന്നു. കായികരംഗത്തെ മികവിന്റെ സാക്ഷ്യപ്പെടുത്തലായി ഒട്ടേറെ സർട്ടിഫിക്കറ്റുകൾ കൂട്ടുകാരുടെ കയ്യിലുണ്ടായിരുന്നു.
കുടുംബത്തിന്റെ അത്താണിയായി മാറണമെന്ന വീട്ടുകാരുടെ അഭിലാഷം സാക്ഷാൽക്കരിക്കുന്നതിനു നാഷനൽ ഡിഫൻസ് അക്കാദമിയുടെ പരീക്ഷയ്ക്ക് തയാറെടുക്കുകയും സേനകളിലൊന്നിന്റെ ഭാഗമായി മാറണമെന്ന ആഗ്രഹത്തിൽ പരിശീലനം നടത്തുകയും ചെയ്തിരുന്നുവെന്നു നാട്ടുകാർ പറയുന്നു. എന്നാൽ ആ കുടുംബത്തിന്റെ സ്വപ്നങ്ങളെ ഇരുട്ടിലാക്കുന്നതായി കാർത്തിക്കിന്റെ അപ്രതീക്ഷിത വേർപാട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]