
കാട്ടാന, തെരുവുനായ കലി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെല്ലിയാമ്പതിയിൽ തൊഴിലാളികളുടെ പാടി കാട്ടാന തകർത്തു
നെല്ലിയാമ്പതി ∙ പോബ്സ് സീതാർകുണ്ട് എസ്റ്റേറ്റിലെ ഡയറി പാടിയിലെ തൊഴിലാളികളുടെ വീട് കാട്ടാന തകർത്തു. കഴിഞ്ഞ ദിവസം രാത്രിയെത്തിയ കാട്ടനയാണ് തൊഴിലാളികൾ താമസിച്ചിരുന്ന വീട്ടിലെ ജനലുകളും വാതിലുകളും തകർത്തത്. ഏതാനും മാസങ്ങൾ മുൻപ് വരെ ഈ വീട്ടിൽ ആൾത്താമസം ഉണ്ടായിരുന്നു. കൂടാതെ ഇന്നലെ മുതൽ പുതിയ തൊഴിലാളികൾ ഇവിടെ താമസിക്കാനെത്തിയിട്ടുണ്ട്.
ചക്ക തേടിയെത്തിയ കാട്ടാനയാണ് പാടിതകർത്തതെന്നു തൊഴിലാളികൾ പറഞ്ഞു. മഴക്കാലത്തും ചക്ക പഴുക്കുന്ന സമയത്തും കാട്ടാനകൾ ഈ പ്രദേശത്തു വരാറുണ്ടെങ്കിലും വീടുകൾ ആക്രമിക്കാതെ പോകുകയാണ് പതിവ്. തൊഴിലാളികൾ താമസിക്കുന്ന പാടികളുടെ ജനലും വാതിലും തകർക്കുന്നത് ആദ്യമായാണെന്നു തൊഴിലാളികൾ പറഞ്ഞു.
കഞ്ചിക്കോട്ട് കാട്ടാന ആക്രമണം; പശുത്തൊഴുത്തു തകർത്തു; കെട്ടിയിട്ട പശുക്കളെ ആക്രമിച്ചു
വാളയാർ ∙ കഞ്ചിക്കോട് ക്ഷീര കർഷകന്റെ വീടിനു മുന്നിലെ പശുത്തൊഴുത്ത് തകർത്ത ഒറ്റയാൻ കെട്ടിയിട്ട പശുക്കളെ ആക്രമിച്ചു. തുമ്പിക്കൈ കൊണ്ടു പശുക്കളെ തട്ടിയിട്ട ശേഷം കുത്താനായി പാഞ്ഞെടുത്തെങ്കിലും പശുക്കൾ ഒഴിഞ്ഞുമാറി. തൊഴുത്തിൽ മറിഞ്ഞുവീണ 2 പശുക്കൾ കയറുപൊട്ടിച്ച് ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ ആറരയോടെ പയറ്റുക്കാട്ട് മൈക്കിളിന്റെ വീടിനു മുന്നിലായിരുന്നു ഒറ്റയാന്റെ പരാക്രമണം. പശുക്കളുടെ പരുക്കു ഗുരുതരമല്ലെന്നു മൈക്കിൾ പറഞ്ഞു. തൊഴുത്തു പൂർണമായി പൊളിച്ചിട്ടുണ്ട്.
പ്രദേശത്തുള്ള കൃഷിയും ഒറ്റയാൻ ചവിട്ടി നശിപ്പിച്ചു. തമിഴ്നാട്ടിൽ നിന്നെത്തി കഞ്ചിക്കോട്–വാളയാർ മേഖലയിൽ തമ്പടിച്ച ഒറ്റയാൻ കൂടുതൽ ആക്രമകാരിയാവുകയാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം ചെല്ലങ്കാവിൽ കർഷകൻ സുന്ദരനെ ആക്രമിച്ചതും വ്യാപകമായി കൃഷി നശിപ്പിച്ചതും ഇതേ ആനയാണ്. ജനവാസമേഖലയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്കു നേരെയും മദപ്പാടുള്ള ആന പലതവണ പാഞ്ഞെടുത്തു. തമിഴ്നാട് വനംവകുപ്പ് വാളയാർ വഴി ഇതിനെ കേരളത്തിലേക്കു കയറ്റിവിട്ടതാണെന്നാണ് വിവരം.
ആനയെ ഉൾവനത്തിലേക്കു തുരത്താൻ ഇന്നലെ ഉച്ചവരെ വനംവകുപ്പ് സംഘത്തിനു പരിശ്രമിക്കേണ്ടി വന്നു. വാർഡ് മെംബർമാരായ പി.ബി.ഗിരീഷ്, കെ.സിദ്ധാർഥൻ എന്നിവരുടെ നേതൃത്വത്തിലുള്ള നാട്ടുകാരും വനംവകുപ്പ് സംഘത്തോടപ്പം രക്ഷാപ്രവർത്തനവുമായി മുന്നിട്ടിറങ്ങിയിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തിയ ആനയ്ക്കു പുറമേ പിടി–14, പിടി–5 എന്നീ ഒറ്റയാൻമാരും പ്രദേശത്തുണ്ട്. ഒറ്റയാൻമാരെ ഉൾവനത്തിലേക്കു മാറ്റിയില്ലെങ്കിൽ നാട്ടുകാരെ സംഘടിപ്പിച്ചു സമരവുമായി രംഗത്തിറങ്ങാനാണ് തീരുമാനമെന്ന് പി.ബി.ഗിരീഷും കെ.സിദ്ധാർഥനും പറഞ്ഞു.
പ്രഭാതസവാരിക്കിറങ്ങിയവരെ തെരുവുനായ ആക്രമിച്ചു
ഒറ്റപ്പാലം∙ നഗരത്തിൽ പ്രഭാതസവാരിക്കിറങ്ങിയവർക്കു നേരെ തെരുവുനായയുടെ ആക്രമണം. മായന്നൂർ മുല്ലപ്പള്ളി വീട്ടിൽ കോമളവല്ലി (74), ഈസ്റ്റ് ഒറ്റപ്പാലം ചുനങ്ങാട് റോഡ് പഴങ്കുളത്തിങ്കൽ മുഹമ്മദ് റഷീദ് (50) എന്നിവരെയാണു നായ കടിച്ചത്. സാരമായി പരുക്കേറ്റ ഇരുവരെയും താലൂക്ക് ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം കുത്തിവയ്പ്പുകൾക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. രാവിലെ ആറോടെ ഒറ്റപ്പാലം -മായന്നൂർ പാലത്തിനു മുകളിൽ നടക്കാൻ ഇറങ്ങിയവരെയാണു നായ കടിച്ചത്.
കോമളവല്ലിയുടെ ഇരുകാലുകളിലും തുടയിലുമാണ് ആഴത്തിൽ മുറിവുകൾ. മുഹമ്മദ് റഷീദിന്റെ വയറ്റിലും കൈകളിലും നെഞ്ചിലും കഴുത്തിലും മുറിവേറ്റിട്ടുണ്ട്. മായന്നൂർ ഭാഗത്തുനിന്ന് ഓടിവന്ന നായ ആദ്യം കോമളവല്ലിയെയാണു കടിച്ചത്. കണ്ടുനിന്നവർ ബഹളം വച്ചതോടെ പാലത്തിന്റെ മറുഭാഗത്തെ കൈവരിക്കടുത്തേക്കു മാറി ഒറ്റപ്പാലം ഭാഗത്തേക്കു പാഞ്ഞ നായ മുഹമ്മദ് റഷീദിനെയും കടിച്ചു. റോഡിൽ വീണ റഷീദിനെ നായ നിലത്തിട്ടു കടിച്ചെന്നു ബന്ധുക്കൾ പറഞ്ഞു. ഇതുവഴി ബൈക്കിലെത്തിയയാളാണ് നായയെ തുരത്തിയത്. പിന്നീട് ഈസ്റ്റ് ഒറ്റപ്പാലത്തേക്ക് ഓടിയ നായ മറ്റു പലരെയും ആക്രമിക്കാൻ ശ്രമിച്ചു.
വിവരമറിഞ്ഞ് ഒറ്റപ്പാലം തഹസിൽദാർ സി.എം.അബ്ദുൽ മജീദ് നഗരസഭയിലെയും മൃഗസംരക്ഷണ വകുപ്പിലെയും ഉദ്യോഗസ്ഥരോടു പ്രശ്നത്തിന്റെ ഗൗരവം അറിയിച്ചു. പിന്നാലെ വെറ്ററിനറി പോളിക്ലിനിക്കിലെ നായ പിടിത്തക്കാരും നാട്ടുകാരും ചേർന്നു നായയെ ശ്രമകരമായി പിടികൂടി കൂട്ടിനുള്ളിലാക്കി മൃഗാശുപത്രിയിലെത്തിച്ചു. പേവിഷബാധയുണ്ടോയെന്ന് നിരീക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
വീട്ടിൽ കളിച്ചു കൊണ്ടിരുന്ന നാലു വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു
മണ്ണാർക്കാട്∙ ചേലേങ്കരയിൽ വീടിന്റെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു. മുഖത്തും പുറത്തും പരുക്കേറ്റ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ചേലേങ്കര നെടുങ്ങോട്ടിൽ സുധീഷിന്റെ മകൻ ധ്യാനിനാണ് (4) പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്നരയോടെയാണ് സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്.
മദ്രസയിലും സ്കൂളിലും കുട്ടികൾക്ക് നടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്. എംഇടി സ്കൂൾ പ്രവർത്തിക്കുന്നത് ഇവിടെയാണ്. സ്കൂൾ തുറക്കുന്നതോടെ കൂടുതൽ കുട്ടികൾ ഇവിടെയെത്തും. നായകളെ പിടികൂടാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ചേലേങ്കര പ്രദേശത്തെ തെരുവുനായ ശല്യം പരിഹരിക്കണമെന്ന് പലതവണ പഞ്ചായത്തിൽ ആവശ്യപ്പെട്ടെങ്കിലും ഭരണ സമിതിയുടെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് പഞ്ചായത്തംഗം സ്മിത ജോസഫ് പറഞ്ഞു.