തൃത്താല ∙ സന്ദർശക വീസയിൽ ഒമാനിലെത്തി മകൻ ഫഹദ് യൂസഫിനും കുടുംബത്തിനുമൊപ്പം കുറച്ചു ദിവസം സന്തോഷത്തോടെ ചെലവഴിക്കാനായിരുന്നു റംലത്തിന്റെ ആഗ്രഹം. പക്ഷേ, ആ കൂടിക്കാഴ്ച ഒരുമിച്ചുള്ള അന്ത്യയാത്രയായി മാറിയത് നാടിനാകെ നൊമ്പരമായി.
തൃത്താല തച്ചറത്തൊടിയിൽ സ്വദേശിയായ ഫഹദ് യൂസഫ് (37) 10 വർഷമായി വിദേശത്ത് ബിസിനസ് നടത്തുകയാണ്. പെരുന്നാൾ ആഘോഷിക്കാനായി നാട്ടിൽ നിന്ന് ഉമ്മയെത്തിയത് കുടുംബത്തിനു സന്തോഷ നിമിഷങ്ങളായിരുന്നു.
അതിനിടെയാണ് അപ്രതീക്ഷിത പ്രളയം ഉമ്മയുടെയും മകന്റെയും ജീവൻ കവർന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ ഒമാനിൽ തന്നെ കബറടക്കിയതിനാൽ അവസാനമായി ഒരുനോക്കു കാണാൻ പോലും സാധിക്കാതിരുന്നത് നാട്ടുകാരുടെയും ബന്ധുക്കളുടെയും നൊമ്പരം വർധിപ്പിക്കുന്നു.
ഒമാനിലെ പ്രളയം: തൃത്താല സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി
മസ്കത്ത് / തൃത്താല ∙ ഒമാനിലെ പ്രളയത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി.
ശനിയാഴ്ച കാർ ഒഴുക്കിൽപെട്ടു കാണാതായ പാലക്കാട് തൃത്താല തച്ചറായത്തൊടിയിൽ റംലത്തിന്റെ (58) മൃതദേഹം ഇന്നലെ കണ്ടെത്തി. മകൻ ഫഹദ് യൂസഫ്, തൃത്താല കോട്ടപ്പാടം മാളിയേക്കൽ ഷംല ലുബിഷാദ് എന്നിവരുടെ മൃതദേഹങ്ങൾ ശനിയാഴ്ച തന്നെ കണ്ടെത്തിയിരുന്നു.
പ്രളയവുമായി ബന്ധപ്പെട്ട മറ്റൊരു അപകടത്തിൽ കൊല്ലം സ്വദേശി മഹേഷ് കുമാറും (50) മരിച്ചു.
റംലത്തിന്റെയും മകൻ ഫഹദ് യൂസഫിന്റെയും മൃതദേഹങ്ങൾ ഒമാനിൽ കബറടക്കി.
ഷംലയുടെ മൃതദേഹം ഇന്നലെ പുലർച്ചെ നാട്ടിലെത്തിച്ചു. ഒമാൻ എയർ വിമാനത്തിൽ നെടുമ്പാശേരിയിലെത്തിച്ച മൃതദേഹം കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി.
നാട്ടിലെത്തിച്ച് പട്ടിശ്ശേരി പള്ളിയിൽ കബറടക്കി. ഫഹദ് യൂസഫിന്റെയും, ഷംലയുടെ ഭർത്താവായ ലുബിഷാദിന്റെയും കുടുംബങ്ങൾ ഒരുമിച്ചു പെരുന്നാൾ ആഘോഷിക്കാൻ സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങും വഴിയായിരുന്നു അപകടം.
വലിയ നീർച്ചാൽ കുറുകെക്കടക്കുന്നതിനിടെ കുത്തിയൊലിച്ചെത്തിയ മലവെള്ളത്തിൽ കാർ ഒഴുകിപ്പോവുകയായിരുന്നു. 9 പേരാണു വാഹനത്തിൽ ഉണ്ടായിരുന്നത്.
നാലു കുട്ടികൾ ഉൾപ്പെടെ 6 പേരെ രക്ഷപ്പെടുത്തി.
അപകടം നടന്ന സ്ഥലത്തു നിന്നു 2 കിലോമീറ്ററോളം അകലെയാണു കാർ കണ്ടെത്തിയത്. ഷംലയുടെയും ഫഹദ് യൂസഫിന്റെയും മൃതദേഹം ശനിയാഴ്ച തന്നെ കണ്ടെത്തിയിരുന്നു.
ഒമാൻ പൊലീസ് സംഘം നടത്തിയ തിരച്ചിലിലാണു ഇന്നലെ റംലത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മസ്കത്ത് കെഎംസിസി സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു.
കൊല്ലം അഷ്ടമുടി വടക്കേകര കരിങ്ങോട്ട് മഹേഷ് ഭവനിൽ ജനാർദനൻ പിള്ളയുടെയും വിജയലക്ഷ്മി അമ്മയുടെയും മകനാണു മഹേഷ് കുമാർ. ഇലക്ട്രിഷ്യനായിരുന്നു.
കരുനാഗപ്പള്ളി എസ്ബിഐയിലെ താൽക്കാലിക ജീവനക്കാരി വി.മായ ആണു ഭാര്യ. മക്കൾ: കീർത്തന, കാർത്തിക്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

