
ഒന്നിച്ച് പഠിച്ചു, ഒരുമിച്ച് സ്കൂളിനെ ഉയർത്തി, ഇനി ഈ അധ്യാപകർക്ക് പടിയറക്കം…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒറ്റപ്പാലം ∙ അവരിരുവർ, ഏഴുവർഷത്തെ കലാലയ ജീവിതത്തിൽ ഒരുമിച്ചു പഠിച്ചു. വിദ്യാഭ്യാസം പൂർത്തിയാക്കിയതോടെ വഴിപിരിഞ്ഞവർ പിന്നീട്, ഒരേ വിദ്യാലയത്തിൽ അധ്യാപകരായി. കാലം കാത്തുവച്ച നിയോഗമെന്നപോലെ, എയ്ഡഡ് വിദ്യാലയത്തിലെ മേധാവികളുമായി സഹപാഠികൾ… ദിവസങ്ങൾ മാത്രം അവശേഷിക്കുന്ന ഈ അധ്യയനവർഷത്തിൽ വിരമിക്കുകയാണ് അവർ ഇരുവരും. വാണിയംകുളം ടിആർകെ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.രാജീവും ഹൈസ്കൂൾ പ്രധാനാധ്യാപകൻ പി.ജഗദീഷുമാണു കൗതുകമുണർത്തുന്ന ജീവിതകഥയിലെ നായകർ. ചങ്ങനാശ്ശേരിയിൽ ജനിച്ച ജഗദീഷ്, ശൈശവപ്രായത്തിൽ മാതാപിതാക്കളുടെ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ഒറ്റപ്പാലത്തെത്തുകയായിരുന്നു. ചെർപ്പുളശ്ശേരി കാറൽമണ്ണ സ്വദേശിയാണു രാജീവ്.
ഒറ്റപ്പാലം എൻഎസ്എസ് കോളജിലായിരുന്നു പ്രീ-ഡിഗ്രി മുതൽ ബിരുദാനന്തര ബിരുദം (എംഎസ്സി മാത്സ്) പൂർത്തിയാക്കുന്നതുവരെ ഇരുവരുടെയും പഠനം. അതു പൂർത്തിയായതോടെ ഇരുവരും വഴിപിരിഞ്ഞു. 1993ൽ കെ.രാജീവ് ടിആർകെ സ്കൂളിൽ ഗണിതാധ്യാപകനായി. 2006ൽ ഹയർസെക്കൻഡറി പ്രിൻസിപ്പലുമായി. പി.ജഗദീഷ് 1996ലാണു ഗണിതാധ്യാപകനായി ഹൈസ്കൂൾ വിഭാഗത്തിലെത്തിയത്. 2023ൽ പ്രധാനാധ്യാപകനായി.ഒരുകാലത്തു പേരും പെരുമയുമൊന്നുമില്ലാതിരുന്ന ‘വാണിയംകുളം ഹൈസ്കൂൾ’ ഒരു വഴിത്തിരിവായി പുരോഗതിയിലേക്കു ചുവടുവച്ചതോടെ, തുടർച്ചയായുണ്ടായ ശ്രദ്ധേയ നേട്ടങ്ങളുടെ നെടുംതൂണുകളാണു കെ.രാജീവും പി.ജഗദീഷും.
രാജീവ് 1994ൽ രൂപീകരിച്ച ഗണിത ക്ലബ്, 1996ൽ ജോലിയിൽ പ്രവേശിച്ച ജഗദീഷിന്റെയും സഹപ്രവർത്തകരുടെയും ഉത്സാഹത്തിൽ സജീവമായി. 1999ൽ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഗണിതശാസ്ത്ര മേളയിൽ നേടിയ ജില്ലാതല കിരീടം ഊർജമായി. അതു മുതൽ തുടർച്ചയായി 25വർഷം നേട്ടം നിലനിർത്തി. 2002ൽ സംസ്ഥാനതലത്തിൽ വിദ്യാഭ്യാസ ജില്ലയ്ക്ക് ഒന്നാം സ്ഥാനവും ബെസ്റ്റ് സ്കൂൾ പദവിയും നേടി. സംസ്ഥാനതലത്തിൽ 5തവണയും ബെസ്റ്റ് സ്കൂൾ പദവി ലഭിച്ചു. 2002 മുതൽ, 6 സംസ്ഥാനങ്ങൾ പങ്കെടുക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ കേരളത്തെ പ്രതിനിധീകരിച്ചു സ്ഥിരം സാന്നിധ്യമായി. 2001ൽ സെൽഫ് നമ്പറുകളുടെ സൂത്രവാക്യം കണ്ടെത്തിയ ഗണിതശാസ്ത്രജ്ഞൻ ടി.തനൂപും, ഗണിതശാസ്ത്രത്തിൽ പിഎച്ച്ഡി നേടിയ ടി.രഞ്ജിത്തും ഇവിടത്തെ പൂർവവിദ്യാർഥികളാണ്. ആ നേട്ടങ്ങളുടെ ശിൽപികളാണ് അഭിമാനത്തോടെ പടിയിറങ്ങുന്നത്.