പാലക്കാട് ∙ ഇടവേളയ്ക്കു ശേഷം അനധികൃത ലോൺ, ട്രേഡിങ് ആപ്പുകൾ സജീവമാകുന്നതായി സൈബർ പൊലീസിന്റെ മുന്നറിയിപ്പ്. കേന്ദ്ര സർക്കാരും കേരള പൊലീസും ഇടപെട്ട് 2023–24 വർഷങ്ങളിൽ പ്ലേസ്റ്റോറിൽ നിന്നു നീക്കം ചെയ്ത ആപ്പുകളിൽ പലതും വേഷം മാറി തിരികെയെത്തി.
കഴിഞ്ഞ ദിവസം മേനോൻപാറ സ്വദേശി എസ്.അജീഷ് (37) ആത്മഹത്യ ചെയ്തതു ലോൺ ആപ്പുകാരുടെ ഭീഷണിയെത്തുടർന്നാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന സന്ദേശം അയച്ചായിരുന്നു ഭീഷണി. സന്ദേശങ്ങൾ പൊലീസ് പരിശോധിച്ചു.
ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്റർ നേരത്തേ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ലോൺ ആപ്പിൽ നിന്നാണു ഭീഷണി സന്ദേശമെത്തിയതെന്നാണു വിവരം. ജില്ലയിൽ 5 വർഷത്തിനിടെ സൈബർ തട്ടിപ്പിനിരയായ 16 പേരാണു ജീവനൊടുക്കിയത്.
അനധികൃത ലോൺ ആപ്പുകൾ മാത്രം 9 പേരുടെ ജീവനെടുത്തു.
ചതിയാണ് വീഴരുത്
സിബിൽ സ്കോർ വേണ്ട, രേഖകൾ സമർപ്പിക്കുന്നതിന്റെ നൂലാമാലകളില്ല, ബാങ്കിൽ പോയി കാത്തിരിക്കേണ്ട. ഒറ്റ ക്ലിക്കിൽ ലോൺ പാസാകും– മൊബൈൽ ലോൺ ആപ്പുകളിലേക്ക് ആളുകളെ ആകർഷിക്കുന്നത് ഇക്കാരണങ്ങളാണ്.
10 മിനിറ്റു കൊണ്ടു പണം കയ്യിൽ കിട്ടുമെന്ന്, സമൂഹമാധ്യമങ്ങളിൽ പരസ്യം കാണുന്നതോടെയാണു തുടക്കം. ആപ് ഡൗൺലോഡ് ചെയ്യുന്നതോടെ തട്ടിപ്പു സംഘം ഫോൺ സംബന്ധിച്ച പലവിധ അനുമതികൾ നേടും.
പിന്നെ ആധാർ കാർഡും പാൻ നമ്പറും മേൽവിലാസവും ചോദിക്കും. മിനിറ്റുകൾക്കുള്ളിൽ വായ്പ നൽകും.
ഒരാഴ്ചയാണു തിരിച്ചടവിനുള്ള സമയം. 7 ദിവസത്തേക്ക് 800 മുതൽ 1,500 രൂപ വരെയാണു പലിശ.
പണം നൽകിയില്ലെങ്കിൽ ആദ്യം ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തും. അടുത്ത ഘട്ടം കോൺടാക്ട് ലിസ്റ്റിൽ ഉള്ളവരുടെ വാട്സാപ്പിലേക്ക് അശ്ലീല സന്ദേശങ്ങൾ അയയ്ക്കുന്നതാണ്.
എന്നിട്ടും പണം തിരിച്ചടച്ചില്ലെങ്കിൽ ഫോണിൽ നിന്നു തട്ടിയെടുത്ത ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയോ ചെയ്യും. ഭയന്നു പലരും ചോദിക്കുന്ന പണം നൽകും.
ചിലർ പൊലീസിനെ സമീപിക്കും. പണം തിരിച്ചടച്ചാലും രക്ഷയുണ്ടാകില്ല.
വ്യാജ സെർവറുകളിൽ നിന്നാണ് ഇത്തരം ആപ്പുകൾ പ്രവർത്തിക്കുന്നതെന്നതിനാൽ ഇവരെ പിടികൂടുക എളുപ്പമല്ല.
ചതിക്ക് അനുമതി നൽകരുത്
ആപ് ഇൻസ്റ്റാൾ ചെയ്യാൻ നൽകുന്ന അനുമതികളിലൂടെയാണു തട്ടിപ്പു സംഘം ചതിക്കുഴി ഒരുക്കുന്നതെന്നു പാലക്കാട് സൈബർ സ്റ്റേഷൻ എസ്ഐ വി.ആർ.റെനീഷ് പറയുന്നു. ഫോണിലെ എല്ലാ കോൺടാക്ടുകളും ഇതുവഴി വായ്പ നൽകുന്നവർക്കു ലഭ്യമാകും.
ഫോണിൽ കുറച്ചെങ്കിലും വ്യക്തികളുടെ നമ്പറുകൾ ഉണ്ടെന്നു വിലയിരുത്തിയശേഷം മാത്രമേ അവർ ലോൺ അനുവദിക്കൂ. ഫോൺ ഗാലറിയിലുള്ള ഫോട്ടോ, വിഡിയോ എന്നിവ പെർമിഷനിലൂടെ അവരുടെ സെർവറിലേക്കു കോപ്പി ചെയ്യുന്നു.
ആ ഫോട്ടോകളും വായ്പയെടുത്തവരെ സമ്മർദത്തിലാക്കാൻ ഉപയോഗിക്കുന്നു. ഫോണിൽ വരുന്ന ഓരോ എസ്എംഎസും ട്രാക്ക് ചെയ്യുന്നതുവഴി ഒടിപികളും തട്ടിപ്പു സംഘത്തിനു ലഭിക്കും.
അംഗീകൃത ആപ്പുകൾ പരിശോധിക്കാം
∙ rbi.org.in എന്ന വെബ്സൈറ്റ് തുറന്നു ‘സിറ്റിസൻസ് കോർണർ’ തിരഞ്ഞെടുക്കുക.
ഇതിന്റെ താഴെ DLA’s deployed by Regulated Entities എന്ന മെനു തുറക്കുക. അംഗീകൃത ആപ്പുകളുടെ പട്ടിക കാണാം.
∙ ആപ്പുകൾ ഏതു ധനകാര്യസ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ്, ആപ്പിന്റെ ലിങ്ക്, പരാതിപരിഹാര ഓഫിസറുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നീ വിവരങ്ങളും ലഭ്യമാണ്. അംഗീകൃത ആപ്പുകളുമായി ബന്ധപ്പെട്ട
പരാതികളും അറിയിക്കാം
ഇരകൾക്ക് തത്സമയ സഹായം (1930ൽ വിളിക്കാം)
ലോൺ ആപ്പുകളിലൂടെ കുടുങ്ങിയവർക്കു സൈബർ പട്രോൾ യൂണിറ്റ് സഹായം നൽകും. സഹായങ്ങൾ ഇവ:
∙ സ്പൈ സോഫ്റ്റ്വെയറുകൾ നീക്കം ചെയ്തു ഫോൺ സുരക്ഷ പുനഃസ്ഥാപിച്ചു നൽകും.
∙ ലോൺ ആപ്പുകൾ പണം സ്വീകരിക്കുന്ന അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിക്കും. ∙ സാങ്കേതിക തെളിവുകൾ ശേഖരിച്ചു ബന്ധപ്പെട്ട
സൈബർ പൊലീസ് സ്റ്റേഷനുകൾക്കു കൈമാറും. ∙ മാനസിക സമ്മർദത്തിലായ ഇരകൾക്കു കൗൺസലിങ് നൽകും.
∙ സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

