ഒറ്റപ്പാലം∙ മലയാള ചലച്ചിത്ര പ്രവർത്തകരെ ഒറ്റപ്പാലത്തേക്കു വരവേറ്റ ‘മാനവനിലയ’ത്തിന് 75 തികഞ്ഞു. മുക്കാൽ നൂറ്റാണ്ടിന്റെ പഴക്കവും പ്രൗഢിയും ആഘോഷിക്കാൻ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും തറവാട്ടുമുറ്റത്ത് കലാവിരുന്നുകളോടെ ഒത്തുചേർന്നതു വേറിട്ട
കാഴ്ചയും അനുഭവവുമായി. നിലമ്പൂർ കോവിലകത്തെ രാജാവായിരുന്ന മാനവേദൻ രാജയുടെ മൂത്ത മകൻ രാമൻകുട്ടി മേനോനും സാമൂതിരി കോവിലകത്തെ മാനവിക്രമൻ രാജയുടെ പേരക്കുട്ടിയായ ലക്ഷ്മിക്കുട്ടിയും ദമ്പതികളായതിനു പിന്നാലെയാണ് 1948ൽ ഒറ്റപ്പാലം കണ്ണിയംപുറത്തു ‘മാനവനിലയം’ തറവാട് നിർമിച്ചത്.
വീടിന്റെ വിസ്തീർണം 5,000 ചതുരശ്രയടി. അതിൽ 13 മുറികളും, അതിനൊത്തുള്ള ഇടനാഴികളും. ഭരതൻ 1981ൽ നിർമാണവും സംവിധാനവും നിർവഹിച്ച ‘പാർവതി’യെന്ന സിനിമയാണു മാനവനിലയത്തിൽ ആദ്യമായി ചിത്രീകരിച്ചത്. പ്രേംനസീറും തമിഴ് നടി ലതയുമായിരുന്നു പ്രധാന താരങ്ങൾ.
പിന്നീട്, 1987ൽ പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘തൂവാനത്തുമ്പികളു’ടെ പ്രധാന ലൊക്കേഷനായിരുന്നു മാനവനിലയം.അതിനുശേഷം വാർധക്യപുരാണം, മേലേപ്പറമ്പിലെ ആൺവീട്, ആറാം തമ്പുരാൻ, നരസിംഹം, വല്യേട്ടൻ, ഉദ്യാനപാലകൻ, കിന്നരിപ്പുഴയോരം, അരയന്നങ്ങളുടെ വീട്, മീശമാധവൻ, അവിട്ടം തിരുനാൾ ആരോഗ്യശ്രീമാൻ, കൊച്ചുകൊച്ചു സന്തോഷങ്ങൾ തുടങ്ങിയ സിനിമകളും ഇവിടെ ചിത്രീകരിച്ചു.
കൃഷ്ണപ്രവീൺ പൊതുവാൾ നയിച്ച തായമ്പകയും ചെമ്പുള്ളിത്തറവാട്ടിലെ കുടുംബാംഗങ്ങളായ ജയലക്ഷ്മി (നൃത്തം), മകൻ വരുൺ മേനോൻ (ഗിറ്റാർ), ദേവിക റോമൽ (ദേവീസ്തുതി) എന്നിവരും ബെംഗളൂരുവിലെ പ്രമുഖ നൃത്താധ്യാപികയായ അപർണ വിനോദ് മേനോനും ശിഷ്യരും അവതരിപ്പിച്ച നൃത്തവും സിദ്ധാർഥ് മേനോന്റെ ഹിന്ദുസ്ഥാനി കച്ചേരിയും മാനവനിലയത്തിന്റെ മുറ്റത്ത് അരങ്ങേറി. സംവിധായകൻ ലാൽ ജോസ്, നടൻ മഹേഷ്, കഥകളിനടൻ കലാമണ്ഡലം രാമദാസ് തുടങ്ങിയവരും പങ്കെടുത്തു.
ഐഎസ്ആർഒയുടെ ചന്ദ്രയാൻ–1 ദൗത്യത്തിൽ വെഹിക്കിൾ ഡയറക്ടറായിരുന്ന ചെമ്പുള്ളി വേണുഗോപാൽ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു സംഘാടനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

