പാലക്കാട് ∙ റെയിൽവേ പാലക്കാട് ജംക്ഷൻ വളപ്പിൽ വാഹനങ്ങൾ നിർത്തിയാൽ നിമിഷങ്ങൾക്കകം ചങ്ങലയിട്ടു പൂട്ടുന്ന ‘അനധികൃത പദ്ധതിയുമായി’ റെയിൽവേ സുരക്ഷാസേനയും വാഹന പാർക്കിങ് കരാർ ജീവനക്കാരും. വാഹനം തിരിച്ചു കിട്ടാൻ റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ് നടത്തിപ്പുകാർക്കു ‘നോക്കുകൂലിയും’ ആർപിഎഫുകാർക്ക് പിഴയും നൽകണം.
പിന്നെ കേസും. ട്രെയിനിൽ പോകാനുള്ള ബന്ധുക്കളെയോ സുഹൃത്തുക്കളെയോ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിടാനെത്തുന്നവരോടാണ് ആർപിഎഫിന്റെയും കരാറുകാരുടെയും ക്രൂരത. കാറായാലും ഇരുചക്രവാഹനമായാലും ചങ്ങല ഉപയോഗിച്ചു പൂട്ടിയിടും.
യാത്രക്കാരെ കൊണ്ടുവിടാനെത്തുന്നവർ വാഹനം മൂന്നോ, നാലോ മിനിറ്റു മാത്രമാണ് ഇവിടെ നിർത്തിയിടാറ്.
ബന്ധുവിനെ ട്രെയിൻ കയറ്റിവിട്ടു തിരിച്ചെത്തുമ്പോഴേക്കും വാഹനം ചങ്ങലയിട്ടു പൂട്ടിയിട്ടിട്ടുണ്ടാകും. വാഹന പാർക്കിങ് കരാർ ഓഫിസിലെ ജീവനക്കാരാണു പൂട്ടിയിടുക.
ഇതിന് ആർപിഎഫ് അനുമതി നൽകിയിട്ടുണ്ടെന്നാണു ജീവനക്കാർ പറയുന്നത്. പൂട്ട് തുറന്നുകിട്ടാൻ ആദ്യം ആർപിഎഫ് സ്റ്റേഷനിലെത്തി പിഴ അടയ്ക്കണം.
കേസുമെടുക്കും. ശേഷം അവർ സീലുവച്ചു നൽകുന്ന പേപ്പറുമായി കരാർ ജീവനക്കാരെ കണ്ട് ‘നോക്കുകൂലി’ നൽകണം.
50 മുതൽ 200 രൂപ വരെയാണ് ഇതിനു വാങ്ങുക. പണം നൽകി വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യമുള്ളപ്പോൾ റെയിൽവേ സ്റ്റേഷൻ വളപ്പിൽ വാഹനം പാർക്ക് ചെയ്യുന്നതിലൂടെ കരാറുകാരനു വലിയ നഷ്ടമുണ്ടാകുമെന്നാണ് ആർപിഎഫ് ഉദ്യോഗസ്ഥർ പറയുന്നത്.
റെയിൽവേയ്ക്കു വലിയ തുക കൊടുത്താണു കരാർ ഏറ്റെടുത്തതെന്നു കരാറുകാരനും പറയുന്നു. അതേ സമയം മൂന്നോ, നലോ മിനിറ്റ് മാത്രം വാഹനം നിർത്തിയിടാൻ വലിയ തുക പാർക്കിങ് ഫീ നൽകേണ്ടതുണ്ടോയെന്നാണു യാത്രക്കാരുടെ ചോദ്യം.
4 വയസ്സുള്ള മകളുമായി എത്തിയ യുവതിയോടും ക്രൂരത
∙ സഹോദരിയെ ട്രെയിൻ കയറ്റി വിടാൻ സ്കൂട്ടറിൽ നാലു വയസ്സുള്ള കുഞ്ഞുമായെത്തിയ പുതുപ്പരിയാരം സ്വദേശിയായ യുവതിയോടും വാഹന പാർക്കിങ് ഓഫിസിലെ ജീവനക്കാരുടെ ക്രൂരത.
കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെയാണു സംഭവം.സ്കൂട്ടർ റെയിൽവേ സ്റ്റേഷൻ വളപ്പിലെ ആളൊഴിഞ്ഞ സ്ഥലത്തു നിർത്തിയാണു യുവതി സഹോദരിയെ ട്രെയിൻ കയറ്റി വിടാൻ പോയത്. കുഞ്ഞും കൂടെയുണ്ടായിരുന്നു.
ലഗേജ് കൊടുക്കാനുണ്ടായിരുന്നതിലാനാണു സഹോദരിക്കൊപ്പം പ്ലാറ്റ്ഫോമിലേക്കു പോയതെന്നു യുവതി പറഞ്ഞു.
രണ്ടു മിനിറ്റിനുശേഷം തിരിച്ചെത്തിയപ്പോൾ സ്കൂട്ടർ ചങ്ങലയിട്ടു പൂട്ടിയിരിക്കുന്നു. പാർക്കിങ് ഓഫിസിലെ ജീവനക്കാരാണു പൂട്ടിയത്.
ആർപിഎഫ് സ്റ്റേഷനിൽ പോയി പിഴ അടച്ച് തിരിച്ചെത്തിയപ്പോൾ ജീവനക്കാരനെ കാണാനില്ല. രണ്ടര മണിക്കൂറിനു ശേഷമാണു ജീവനക്കാരൻ തിരിച്ചെത്തിയത്. യുവതിയും കുഞ്ഞും വീട്ടിലേക്കു മടങ്ങിയത് അർധരാത്രി 12ന്.
റെയിൽവേ ജനറൽ മാനേജർക്കു പരാതി നൽകുമെന്നു യുവതി അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥന്റെ വാഹനവും ചങ്ങലയിട്ടു പൂട്ടിയിട്ടു. ഉദ്യോഗസ്ഥനും പിഴ അടയ്ക്കേണ്ടിവന്നു.
വാഹനങ്ങൾക്ക് കേടുപാടുകളെന്ന് പരാതി
∙ പാർക്കിങ് ഓഫിസിലെ ജീവനക്കാർ ചങ്ങലയിട്ടു പൂട്ടിയ ഒട്ടേറെ ഇരുചക്ര വാഹനങ്ങൾക്കു കേടുപാടുകളെന്നും പരാതി. ജീവനക്കാരെ അറിയിച്ചെങ്കിലും അവർ ഭീഷണിപ്പെടുത്തിയെന്നാണു പലരുടെയും പരാതി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

