പാലക്കാട്∙‘ഇന്നലെ അവിടെ ഉണ്ടായത് ഞാൻ 3 മാസം മുൻപ് ചെയ്യേണ്ടിയിരുന്നതല്ലേ….? ഇനി ഞാനെന്നാ തർക്കൊല (ആത്മഹത്യ) ചെയ്യാന്ന് എനിക്ക് തന്നെ അറിയില്ല….’ ആനക്കട്ടിയിലെ ആദിവാസി വീട്ടമ്മ ചെല്ലമ്മ പറയുമ്പോൾ നിരാശയായിരുന്നില്ല, അന്യാധീനപ്പെട്ട മണ്ണ് വീണ്ടെടുക്കാനുള്ള നിശ്ചയദാർഢ്യമായിരുന്നു വാക്കുകളിൽ. കോട്ടത്തറ വില്ലേജിൽ മുത്തച്ഛൻ നഞ്ചന്റെ പേരിലുള്ള ഭൂമിയിലെ കയ്യേറ്റം ഒഴിവാക്കാനാണ് ഏതാനും മാസങ്ങളായി ചെല്ലമ്മയുടെ പോരാട്ടം.
അധികൃതരെ സമീപിച്ചു മടുത്തപ്പോഴാണു കോടതിയിലെത്തിയത്.
കോടതിയിൽ കേസ് നിലനിൽക്കെ എതിർ കക്ഷികൾക്ക് രേഖകൾ നൽകി കെട്ടിടം നിർമിക്കാൻ അവസരം കൊടുത്തതോടെ ചെല്ലമ്മ സ്വയം തീകൊളുത്തി മരിക്കാൻ തീയതി കുറിച്ച് കലക്ടറെ അറിയിച്ചു. ജൂലൈ 17ന് മണ്ണെണ്ണയുമായി ആത്മഹത്യയ്ക്കൊരുങ്ങിയ ചെല്ലമ്മയെ ഭൂമി അളന്നുനൽകി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകി പൊലീസ് പിന്തിരിപ്പിക്കുകയായിരുന്നു.
3 മാസമായിട്ടും പ്രശ്നം പരിഹരിക്കാത്ത സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്നറിയാത്ത അവസ്ഥയിലാണ് ചെല്ലമ്മ.
സമാന അവസ്ഥയിലാണ് ദരിദ്ര കർഷകരുൾപ്പെടെ ഒട്ടേറെ കുടുംബങ്ങൾ. അട്ടപ്പാടിയിലെ വില്ലേജുകളിൽ ഭൂരേഖകൾ നൽകുന്ന കാര്യത്തിൽ സാധാരണക്കാർക്കു ദുരനുഭവങ്ങളാണു പറയാനുള്ളത്.
പണവും സ്വാധീനവുമുള്ളവർക്കു കാര്യങ്ങൾ വേഗത്തിൽ നടക്കുമെന്നു കർഷകർ പറയുന്നു. ഇടനിലക്കാരും ഭൂമാഫിയകളുമാണ് റവന്യു ഓഫിസുകൾ നിയന്ത്രിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
ജില്ലയിലെ മുതിർന്ന സിപിഐ നേതാവിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമിയുടെ തണ്ടപ്പേർ വൻകിട കമ്പനിക്കു നൽകിയ സാഹചര്യമുണ്ടായെന്ന് ആരോപണമുണ്ട്. അട്ടപ്പാടിയിലെ ഭൂമി വിഷയവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ ഇടപെടലോടെ വില്ലേജ് ഓഫിസുകളിലും താലൂക്ക് ഓഫിസിലും ചില മാറ്റങ്ങൾ ഏർപ്പെടുത്തിയിരുന്നു.
പുതുതായി നിയോഗിക്കപ്പെട്ട സത്യസന്ധരായ ഉദ്യോഗസ്ഥരെ പുറത്തുചാടിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
റിപ്പോർട്ട് അപമാനകരം: ബിജെപി
അഗളി ∙ തണ്ടപ്പേർ കിട്ടാത്തതിന്റെ പേരിൽ അട്ടപ്പാടിയിൽ കൃഷ്ണസ്വാമി ആത്മഹത്യ ചെയ്തതിൽ വില്ലേജ് ഓഫിസർക്കു വീഴ്ച പറ്റിയിട്ടില്ല എന്ന റിപ്പോർട്ട് കീഴുദ്യോഗസ്ഥനെ രക്ഷിക്കാൻ വേണ്ടി ഉണ്ടാക്കിയതാണെന്ന് ബിജെപി പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി.വേണുഗോപാലൻ ആരോപിച്ചു..
ഈ റിപ്പോർട്ട് കൃഷ്ണസ്വാമിയുടെ കുടുംബത്തെ അപമാനിക്കുന്നതിനു തുല്യമാണ്. റിയൽ എസ്റ്റേറ്റ് മാഫിയയ്ക്കു വേണ്ടി ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതി വ്യക്തമാണ്.
ഇത്തരത്തിൽ ഒരു റിപ്പോർട്ട് അത്ഭുതപ്പെടുത്തുന്നതാണ്. അട്ടപ്പാടിയിലെ ഉദ്യോഗസ്ഥ അഴിമതിക്കെതിരെ ശക്തമായ സമരവുമായി ബിജെപി മുന്നോട്ടുപോകുമെന്ന് അറിയിച്ചു.
കർഷകന്റെ ആത്മഹത്യ; വില്ലേജ് ഓഫിസിന് പിഴവില്ലെന്നു റിപ്പോർട്ട്
പാലക്കാട് ∙ തണ്ടപ്പേർ ലഭിക്കാത്തതിനാൽ അട്ടപ്പാടിയിൽ കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ അഗളി വില്ലേജ് ഓഫിസിനോ ഓഫിസർക്കോ പിഴവു പറ്റിയിട്ടില്ലെന്നു പ്രാഥമികാന്വേഷണ റിപ്പോർട്ട്.
ഇതു സംബന്ധിച്ച അന്വേഷണത്തിനു ജില്ലാ കലക്ടർ നിയോഗിച്ച ഡപ്യൂട്ടി കലക്ടർ ശ്രീജിത്താണ് റിപ്പോർട്ട് നൽകിയത്. കൃഷ്ണസ്വാമിയുടെ അമ്മ വേലാത്താളുടെ പേരിലുള്ള ഭൂമിയുടെ അടിസ്ഥാനരേഖ ആദിവാസിയുടേതായി കാണുന്നതിനാൽ രേഖകൾ കൂടുതൽ പരിശോധിക്കാനായി വില്ലേജ് അധികൃതർ തീരുമാനിച്ചിരുന്നതായും പ്രാഥമികാന്വേഷണത്തിൽ ബോധ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം, സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് പോരെന്നും വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു.
അതിനിടെ, അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർ പി.എ.ഷാനവാസ് ഖാനെ പാലക്കാട്ടേക്കു സ്ഥലം മാറ്റി. മണ്ണാർക്കാട് ഭൂരേഖാ തഹസിൽദാർ ടിജോ ടി.
ഫ്രാൻസിസാണ് പുതിയ അട്ടപ്പാടി തഹസിൽദാർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

