ഒറ്റപ്പാലം∙ തമിഴ് കുടുംബത്തിന്റെ വീടു പട്ടാപ്പകൽ കുത്തിത്തുറന്നു പുതിയ വീടു നിർമാണത്തിനായി സൂക്ഷിച്ച സ്വർണവും പണവും കവർന്നു. റെയിൽവേ സ്റ്റേഷന്റെ കിഴക്കു ഭാഗത്തു മായന്നൂർ മേൽപാലത്തിനു സമീപം നാലകത്ത് ആനന്ദിയുടെ (46) വീടു കുത്തിത്തുറന്നാണു 2 പവൻ സ്വർണവും 42,000 രൂപയും കവർന്നത്.റെയിൽവേ ട്രാക്കിനോടു ചേർന്ന വീട്ടിൽ ആനന്ദി തനിച്ചാണു താമസം.രാവിലെ എട്ടരയോടെ ഇവർ വീടു പൂട്ടി പുഴയിലേക്കു കുളിക്കാൻ പോയ ഘട്ടത്തിലായിരുന്നു കവർച്ച.
വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിലാണ്.
അലമാരയിലെ ലോക്കറിലായിരുന്നു പണവും സ്വർണവും. പൂട്ടിയിട്ടിരുന്ന ലോക്കർ മടവാൾ ഉപയോഗിച്ചു കുത്തിത്തുറന്നാണു സ്വർണ മാലയും പണവും കൊണ്ടുപോയത്. ഒൻപതരയോടെ ആനന്ദി തിരിച്ചെത്തിയപ്പോഴാണു വാതിൽ തുറന്നിട്ട
നിലയിൽ കാണപ്പെട്ടത്.വീടിനുള്ളിലെ മറ്റൊരു അലമാരയിലെയും സാധനങ്ങൾ പുറത്തേക്കു വലിച്ചിട്ട നിലയിലായിരുന്നു.
പുതിയ വീടിന്റെ പണി തുടങ്ങാനായി ബാങ്കിൽ പണയപ്പെടുത്താൻ ലക്ഷ്യമിട്ടാണു 10 ദിവസം മുൻപു പൊള്ളാച്ചിയിലെ മകളുടെ ആഭരണം ഇവിടേക്കു കൊണ്ടുവന്നത്.
നേരത്തെ ആനന്ദി മകൾക്കു നൽകിയിരുന്ന ആഭരണമാണിത്. പണവും വീടു നിർമാണത്തിനായി സൂക്ഷിച്ചിരുന്നതാണ്.നിലവിലെ വീട് ശോച്യാവസ്ഥയിലായ സാഹചര്യത്തിലാണ് ഇതേ ഭൂമിയിൽ പുതിയ വീടു നിർമാണത്തിനു പദ്ധതി.
കഴിഞ്ഞ 40 വർഷത്തോളമായി ആനന്ദി ഒറ്റപ്പാലത്താണു താമസം. മകൻ കോഴിക്കോട്ടാണു ജോലി ചെയ്യുന്നത്.വിവരമറിഞ്ഞു പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തു ട്രെയിനുകൾക്കു നേരെ അതിക്രമം പതിവായതിനു പിന്നാലെ സ്ഥാപിക്കപ്പെട്ട
നിരീക്ഷണ ക്യാമറകൾ ഉൾപ്പെടെ പ്രയോജനപ്പെടുത്തി അന്വേഷണം ഊർജിതമാക്കാനാണു പൊലീസിന്റെ ശ്രമം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]