പാലക്കാട് ∙ അമൃത് പദ്ധതിയിൽ സംസ്ഥാനതല ഉന്നതാധികാര സമിതിയുടെ അനുമതി വൈകുന്നതിനാൽ നഗരത്തിൽ വെട്ടിപ്പൊളിച്ച റോഡുകളുടെ നവീകരണം സ്തംഭനത്തിൽ. അമൃത് പദ്ധതിയിൽ ശുദ്ധജല വിതരണ പൈപ്പിടാനായി വെട്ടിപ്പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണിയാണ് അനന്തമായി നീളുന്നത്. സംസ്ഥാനതല ടെക്നിക്കൽ കമ്മിറ്റി വിളിക്കാൻ 5 മാസത്തോളം വൈകിയതോടെയാണു പ്രവൃത്തി നീണ്ടതെന്നു നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ അറിയിച്ചു.
സംസ്ഥാന സർക്കാരാണു കമ്മിറ്റി വിളിച്ചു ചേർക്കേണ്ടത്.
ഒടുവിൽ കഴിഞ്ഞ ആഴ്ചയാണു കമ്മിറ്റി ചേർന്നു പ്രവൃത്തികൾക്ക് അനുമതി നൽകിയത്. റോഡ് അറ്റകുറ്റപ്പണിക്കായി നഗരസഭ 37 പദ്ധതികളാണു സമർപ്പിച്ചിട്ടുള്ളത്.
ഇതിൽ 7 പദ്ധതികളുടെ ടെൻഡർ കഴിഞ്ഞു. ബാക്കി 30 പ്രവൃത്തികളുടെ ടെൻഡറിന് അനുമതിയായിട്ടുണ്ട്.
അതേസമയം, അമൃതിൽ സംസ്ഥാനതല ഉന്നതാധികാര സമിതി ചേർന്ന് അംഗീകാരം നൽകിയാൽ മാത്രമേ പ്രവൃത്തികൾക്കുള്ള ഫണ്ട് ലഭ്യത ഉറപ്പാക്കാനാകൂ.
ഇതുവരെ സമിതി യോഗം ചേർന്നിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം അധികം താമസിയാതെ ഇറങ്ങുമെന്നിരിക്കെ ഉടൻ അനുമതി ലഭിച്ചില്ലെങ്കിൽ പ്രവൃത്തി പെരുമാറ്റച്ചട്ടത്തിൽ കുടുങ്ങും. ഇക്കാര്യത്തിൽ നഗരസഭാധ്യക്ഷയും കൗൺസിലർമാരും ആശങ്ക രേഖപ്പെടുത്തി.
അറവുശാല: തടസ്സം നീങ്ങുന്നു
കിഫ്ബിയിൽ ഉൾപ്പെടുത്തി 11 കോടി രൂപ ചെലവുള്ള അറവുശാല നവീകരണത്തിനു തടസ്സങ്ങൾ നീങ്ങുന്നു.
റവന്യു വകുപ്പിന്റെ കൈവശമുള്ള സ്ഥലത്താണു നഗരസഭ അറവുശാല സ്ഥിതി ചെയ്യുന്നത്. ഇതിൽ 50 സെന്റ് സ്ഥലത്തിനു നഗരസഭയ്ക്ക് എൻഒസി അനുവദിച്ചിരുന്നു.
ബാക്കി 92 സെന്റ് സ്ഥലം വിലകൊടുത്തു വാങ്ങുകയോ പാട്ടത്തിന് എടുക്കുകയോ വേണമെന്നാണു റവന്യു വകുപ്പ് നിർദേശിച്ചിരുന്നത്.വില കൊടുത്തു വാങ്ങൽ അസാധ്യമെന്നു നഗരസഭ വ്യക്തമാക്കിയിരുന്നു.
തുടർന്നു വർഷം 74 ലക്ഷം രൂപ പാട്ടത്തുക നിശ്ചയിച്ചു. ഇത്രയും തുക നൽകാനാകില്ലെന്നു നഗരസഭ കത്തു നൽകിയിരുന്നു.
തുടർന്നു മുൻ കലക്ടർ ജി.പ്രിയങ്കയുടെ നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തിയിരുന്നു. പിന്നീടാണു പാട്ടത്തുക 5 ലക്ഷമാക്കി കുറച്ചത്.
നേരത്തെ ഉയർന്ന തുക നിശ്ചയിച്ചതു നടപടിക്രമങ്ങളിലെ വീഴ്ചയാണെന്നു റവന്യു വകുപ്പ് വ്യക്തമാക്കിയെന്നു നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി.സ്മിതേഷ് പറഞ്ഞു.
തീരുമാനത്തിനു സർക്കാർ അനുമതി ലഭിച്ചാൽ അറവുശാല നവീകരണവുമായി മുന്നോട്ടു പോകാനാകും. ഇക്കാര്യത്തിൽ ഇനിയും കാലതാമസം പാടില്ലെന്നു വാർഡ് കൗൺസിലർ എം.സുലൈമാൻ ആവശ്യപ്പെട്ടു.
ടൗൺഹാൾ നിർമാണം: ഫണ്ടിൽ അനിശ്ചിതത്വം
ടൗൺഹാൾ നിർമാണ പൂർത്തീകരണത്തിനായി എംഎൽഎ ഫണ്ടിൽ നിന്ന് 3 കോടി രൂപ നൽകാമെന്ന് അറിയിച്ചെങ്കിലും സർക്കാരിൽ നിന്നുള്ള അനുമതി ഇതുവരെ ലഭിച്ചില്ല.
അനുമതിയിൽ ഉറപ്പില്ലെന്നു നഗരസഭ സെക്രട്ടറി അറിയിച്ചു. ഈ സാഹചര്യത്തിൽ ടൗൺഹാളിന്റെ ബാക്കി പ്രവൃത്തികൾ പൂർത്തിയാക്കാൻ നഗരസഭ ഫണ്ട് കണ്ടെത്തേണ്ടി വരുമെന്ന് ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]