
പാലക്കാട് ∙ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ പ്ലമർ ശ്വാസംമുട്ടി മരിച്ചു. നീന്തൽ പരിശീലകൻ കൂടിയായ അകത്തേത്തറ കല്ലേക്കുളങ്ങര മലയകണ്ടത്ത് എസ്.സുജീന്ദ്രനാണു (52) മരിച്ചത്.
രക്ഷിക്കാനിറങ്ങി ബോധമറ്റു വീണ ഹോട്ടൽ ഉടമ കല്ലേക്കുളങ്ങര സ്വദേശി എസ്.വിനീഷിനെ ജീവനക്കാർ രക്ഷപ്പെടുത്തി.ഇന്നലെ രാവിലെ എട്ടരയോടെ ഒലവക്കോടിനു സമീപം ഉമ്മിണി ഗവ.യുപി സ്കൂളിനു മുന്നിലെ നൈപുണ്യ ഹോട്ടൽ പരിസരത്താണു സംഭവം. അറ്റകുറ്റപ്പണിയുടെ ഭാഗമായി ഇന്നലെ ഹോട്ടൽ അവധിയായിരുന്നു.
പ്ലമിങ് ജോലിക്കായാണു സുജീന്ദ്രൻ ഇവിടെയെത്തിയത്. ഹോട്ടലിന്റെ ഓവുചാലിനോടു ചേർന്ന് 12 അടി താഴ്ചയുള്ള മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഏണി വഴി ഇറങ്ങുകയായിരുന്നു.
ടാങ്കിൽ നാലടിയോളം മലിനജലം കെട്ടിക്കിടന്നിരുന്നു.
കുറച്ചു സമയം കഴിഞ്ഞും സുജീന്ദ്രനെ കാണാതായതോടെ വിനീഷ് ടാങ്കിലേക്ക് ഇറങ്ങി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വിനീഷ് ഏണിയിൽ പിടിച്ചു നിന്നു നിലവിളിച്ചു.
ഇതുകേട്ട് ഹോട്ടൽ ജീവനക്കാർ അദ്ദേഹത്തെ മുകളിലേക്കു കയറ്റി. അപ്പോഴേക്കു ബോധം നഷ്ടമായിരുന്ന വിനീഷിനെ ഉടൻ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.ടോർച്ച് തെളിച്ചു നോക്കിയപ്പോൾ സുജീന്ദ്രൻ വെള്ളത്തിൽ കമഴ്ന്നു കിടക്കുന്നതാണു കണ്ടതെന്നു ജീവനക്കാർ പറഞ്ഞു.
ടാങ്കിൽ നിന്നു രൂക്ഷമായ ഗന്ധവുമുണ്ടായിരുന്നു. ഹേമാംബിക നഗർ പൊലീസും പാലക്കാട് അഗ്നിരക്ഷാസേനയും എത്തിയാണു സുജീന്ദ്രനെ പുറത്തെത്തിച്ചത്.
ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടാങ്കിനകത്തെ മീഥൈൻ വാതകമാണു മരണത്തിനു കാരണമായതെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിഷവാതകം ശ്വസിച്ച സുജീന്ദ്രൻ ബോധരഹിതനായി ചെളിയിലേക്കു വീഴുകയായിരുന്നു.
ശ്വാസകോശത്തിലും ചെളി കയറിയിരുന്നു. സുജീന്ദ്രന്റെ സംസ്കാരം നടത്തി. അവിവാഹിതനാണ്.
മലയകണ്ടത്ത് സേതുമാധവന്റെയും ഇന്ദിരയുടെയും മകനാണ്.
രക്ഷകയായി സീനത്ത്
മനോധൈര്യം കൈവിടാതെ ഹോട്ടൽ ജീവനക്കാരി പുതുപ്പരിയാരം സ്വദേശി എസ്.സീനത്ത് നടത്തിയ രക്ഷാപ്രവർത്തനമാണു ഹോട്ടൽ ഉടമ വിനീഷിന്റെ ജീവൻ രക്ഷിച്ചത്. ഹോട്ടലിനോടു ചേർന്ന ബേക്കറിയിൽ പാചകത്തിലായിരുന്നു സീനത്ത്. സുജീന്ദ്രനെ രക്ഷിക്കാനിറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട
വിനീഷിന്റെ നിലവിളി കേട്ടാണ് അപകടസ്ഥലത്തേക്ക് ഓടിയെത്തിയത്. ഉടനെ ബേക്കറിയിലെ ജീവനക്കാരായ സുമതി, സതീഷ് എന്നിവരുടെ സഹായത്തോടെ ടാങ്കിലിറങ്ങി വിനീഷിനെ പുറത്തെത്തിച്ചു.
അപ്പോഴേക്കും വിനീഷിന്റെ ബോധം നഷ്ടപ്പെട്ടിരുന്നു. സീനത്തിന്റെ നേതൃത്വത്തിലാണു വിനീഷിനെ ആശുപത്രിയിലെത്തിച്ചത്.
വില്ലനാകും വിഷവാതകം
കിണർ, മാലിന്യ ടാങ്ക്, ഓവുചാൽ, സെപ്റ്റിക് ടാങ്ക് എന്നിവയിലെല്ലാം വൃത്തിയാക്കാൻ ഇറങ്ങുമ്പോൾ ശ്രദ്ധവേണമെന്ന് അഗ്നിരക്ഷാ സേനയുടെ മുന്നറിയിപ്പ്.
കിണറിൽ ഓക്സിജൻ കുറവുണ്ടാകും. മലിനജലം കെട്ടിക്കിടക്കുന്ന മാലിന്യ ടാങ്കിലും മറ്റും മീഥൈൻ, ഹൈഡ്രജൻ സൾഫൈഡ് തുടങ്ങി വിഷവാതകങ്ങളുടെ സാന്നിധ്യമുണ്ടാകാം.
ഓക്സിജൻ ഇല്ലാത്ത സ്ഥലത്തു ജൈവമാലിന്യങ്ങൾ വിഘടിച്ചാണു വിഷവാതകങ്ങളുണ്ടാകുക. ഇവ കുറച്ചു നേരം ശ്വസിച്ചാൽ പോലും ബോധമറ്റു മരണത്തിനു കാരണമാകാം.
മാലിന്യ ടാങ്കിൽ ഗ്യാസ് എക്സ്ഹോസ്റ്റ് പൈപ്പുകൾ സ്ഥാപിച്ച് വിഷവാതകം പുറത്തേക്കു കളയാം. മാലിന്യം കെട്ടിക്കിടക്കാതെ ഇടയ്ക്കിടെ ശ്രദ്ധയോടെ വൃത്തിയാക്കാം.
പാത്രങ്ങളും മറ്റും കഴുകുന്ന രാസവസ്തുക്കളടങ്ങിയ ഡിറ്റർജന്റുകൾ അമിതമായി മാലിന്യ ടാങ്കിലെത്തുന്നതു മാലിന്യം തിന്നു ജീവിക്കുന്ന സൂക്ഷമ ജിവികളെ നശിപ്പിക്കും. ഇതോടെ മാലിന്യം കൂടും.
നഷ്ടമായതു മികച്ച നീന്തൽ പരിശീലകനെ
ജില്ലയിലെ വിവിധ സ്കൂളുകളിൽ ആയിരത്തിലേറെ കുട്ടികൾക്കു നീന്തൽ പരിശീലനം നൽകിയ ആളായിരുന്നു സുജീന്ദ്രൻ.
രണ്ടു വർഷം മുൻപ് അകത്തേത്തറയിലെ പാറമടയിൽ അബദ്ധത്തിൽ കാൽവഴുതി വീണ രണ്ടു വിദ്യാർഥികളെ സുജീന്ദ്രൻ രക്ഷിച്ചതു നാട്ടുകാർ ഓർക്കുന്നു. പ്ലമിങ്, ഇലക്ട്രിഷ്യൻ ജോലികൾ ചെയ്യുമായിരുന്നു.
നൈപുണ്യ ഹോട്ടൽ ഉടമ വിനീഷിന്റെ അടുത്ത സുഹൃത്തു കൂടിയായിരുന്നു. ഹോട്ടലിലെ മാലിന്യ ടാങ്ക് വൃത്തിയാക്കാനുള്ള ദൗത്യം കൂടി ഏറ്റെടുക്കുകയായിരുന്നു.
എന്നാൽ അതു സുജീന്ദ്രന്റെ മരണത്തിലേക്കായിരിക്കുമെന്നു വിനീഷ് കരുതിയില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]