
ഒറ്റപ്പാലം ∙ മായന്നൂർ റെയിൽവേ മേൽപാലത്തിനു താഴെ ട്രെയിനുകൾക്കു നേരെ കല്ലെറിഞ്ഞ കേസുകളിൽ 4 ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിലായി. ബിഹാർ സ്വദേശികളായ അമിത്കുമാർ (23), നിതീഷ്കുമാർ (19), ഭോലകുമാർ (23), രന്തീർകുമാർ(23) എന്നിവരെയാണ് പാലക്കാട് റെയിൽവേ സുരക്ഷ സേന അറസ്റ്റ് ചെയ്തത്.
വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന സ്ഥാപനത്തിലെ തൊഴിലാളികളാണിവരെന്ന് ആർപിഎഫ് അറിയിച്ചു. കഴിഞ്ഞ 2 മാസത്തിനിടെയുണ്ടായ 2 കേസുകളിലാണു 4 പേരുടെയും അറസ്റ്റ്.
കഴിഞ്ഞ 18നു പുലർച്ചെ 1.10നു തിരുവനന്തപുരം സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിനു നേരെയും ജൂലൈ 13ന് ഐലൻഡ് എക്സ്പ്രസിനു നേരെയും കല്ലെറിഞ്ഞ കേസുകളിലാണു നടപടി.
സംഭവത്തിൽ ആർപിഎഫ് പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്. ട്രാക്കിനോടു ചേർന്നു സ്ഥാപിച്ചത് ഉൾപ്പെടെ 22 നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ പങ്കാളിത്തം കണ്ടെത്തിയത്.
ഇവർ മായന്നൂർ പാലത്തിനു താഴെയെത്തി മദ്യപിക്കുന്നതു പതിവാണെന്നും ഇതിനു ശേഷമാണു കല്ലെറിയുന്നതെന്നുമാണ് ആർപിഎഫിന്റെ കണ്ടെത്തൽ.
കഴിഞ്ഞ ഒരു വർഷത്തിനിടെ പലവട്ടം മായന്നൂർ പാലത്തിനു സമീപം ട്രെയിനുകൾക്കു നേരെ കല്ലേറുണ്ടായി. കഴിഞ്ഞ മാസം ഇതേ സ്ഥലത്തു റെയിൽവേ ട്രാക്കിൽ ഇരുമ്പ് ക്ലിപ്പുകൾ കയറ്റി ട്രെയിൻ അട്ടിമറിശ്രമം നടന്നതായും കണ്ടെത്തിയിരുന്നു.
ഇതിനു പിന്നാലെയാണു പ്രദേശത്തു പൊലീസ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്. ആർപിഎഫ് പാലക്കാട് ഇൻസ്പെക്ടർ ക്ലാരി വൽസ, എസ്ഐമാരായ യു.രമേഷ്കുമാർ, വി.ബിനോയ് കുര്യൻ, എഎസ്ഐ പി.ഷാജുകുമാർ, ഹെഡ് കോൺസ്റ്റബിൾ പ്രതീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണു പ്രതികളെ പിടികൂടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]