എലപ്പുള്ളി ∙ അച്ഛന്റെയും മകന്റെയും അപ്രതീക്ഷിത വേർപാട് നെല്ലിക്കാട് പോണംയംപാടത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തി. ഇന്നലെ അപകട
വിവരം അറിഞ്ഞതു മുതൽ നാട്ടുകാർ ഇവരുടെ വീട്ടിലേക്ക് ഒഴുകിയെത്തുകയായിരുന്നു. കൃഷ്ണകുമാറിന്റെ മരണം സ്ഥിരീകരിച്ചതോടെ ആരവിന്റെ ജീവനു വേണ്ടി പ്രാർഥനയിലായിരുന്നു കുടുംബവും നാട്ടുകാരും.
എന്നാൽ രാത്രിയോടെ നാടിനെ വേദനയിലാക്കി ആരവും മരണപ്പെട്ടു. സരികയെയും അമലിനെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും പ്രയാസത്തിലായി.
നാടിന്റെയും സ്കൂളിന്റെയും പ്രിയപ്പെട്ടവനായിരുന്നു ആരവ്. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കനായിരുന്നു.
സ്കൂളിലെ സഹപാഠികളും അധ്യാപകരും വിവരമറിഞ്ഞതു മുതൽ ഇവിടേക്ക് എത്തിക്കൊണ്ടിരുന്നു.
സ്കൂട്ടർ കാറിൽ ഇടിച്ച് റോഡിലേക്കു വീണ അച്ഛനും മകനും മറ്റൊരു കാറിടിച്ച് മരിച്ചു
എലപ്പുള്ളി ∙ പാറ പേട്ടയിൽ കാറിലിടിച്ച സ്കൂട്ടറിൽ നിന്നു റോഡിലേക്കു തെറിച്ചുവീണ അച്ഛനും മകനും പിന്നാലെയെത്തിയ മറ്റൊരു കാർ ഇടിച്ചു മരിച്ചു. അപകടത്തിനു ശേഷം ഈ കാർ നിയന്ത്രണം തെറ്റി തൊട്ടപ്പുറത്തുണ്ടായിരുന്ന മിനിവാനിലേക്കും ഇടിച്ചുകയറി.
കാറിലെ യാത്രക്കാർക്കും നേരിയ പരുക്കേറ്റു. മങ്കര കല്ലൂർ നെല്ലിക്കാട് പോണംയംപാടം കൃഷ്ണകുമാർ (42), മകൻ ആരവ് കൃഷ്ണ (13) എന്നിവരാണു മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്നോടെ പാലക്കാട്– പൊള്ളാച്ചി സംസ്ഥാനാന്തരപാതയിൽ പേട്ടയിലാണ് അപകടമുണ്ടായത്. ഓടിക്കൂടിയ യാത്രക്കാരും വ്യാപാരികളും ചേർന്നു കൃഷ്ണകുമാറിനെ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
തലയ്ക്കും ഇടുപ്പിനും ഗുരുതര പരുക്കേറ്റ ആരവ് കൃഷ്ണയെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി എട്ടോടെ മരിച്ചു.
എലപ്പുള്ളി പാറയിലുള്ള ഭാര്യവീട്ടിൽ നിന്നു മങ്കരയിലേക്ക് മടങ്ങുകയായിരുന്നു കൃഷ്ണകുമാറും ആരവും. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ എതിരെ വന്ന കാറിന്റെ പിൻചക്രത്തിലിടിച്ച് റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു.
ഈ സമയം തൊട്ടു പിന്നിൽ വന്നിരുന്ന കാർ ഇരുവരുടെയും ശരീരത്തിലൂടെ കയറിയിറങ്ങുകയും നിയന്ത്രണം തെറ്റി റോഡിന്റെ വലതുവശത്ത് നിർത്തിയിട്ടിരുന്ന വാനിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ കാർ ഓടിച്ച യുവതിക്കും ഭർത്താവിനും 2 മക്കൾക്കും നിസ്സാര പരുക്കേറ്റിട്ടുണ്ട്.
കാറിന്റെ മുൻഭാഗം പൂർണമായും തകർന്നിരുന്നു.
കൃഷ്ണകുമാർ മങ്കരയിൽ നിർമാണത്തൊഴിലാളിയാണ്. പറളി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ആരവ് കൃഷ്ണ.
പേട്ടയിൽ നിന്നു സമീപത്തെ സ്കൂളിലേക്കു തിരിയുന്ന വളവിലായിരുന്നു അപകടം. വളവിൽ നിന്ന് കയറിയെത്തിയ സ്കൂട്ടർ പെട്ടെന്നു മുന്നിലെത്തിയ കാറിലിടിച്ച് കൃഷ്ണകുമാറും ആരവ് കൃഷ്ണയും റോഡിലേക്കു തെറിച്ചു വീണതായാണു സിസിടിവി ദൃശ്യങ്ങളിലുള്ളതെന്ന് കസബ പൊലീസ് പറഞ്ഞു.
പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ഇന്ന് ഇരുവരുടെയും മൃതദേഹങ്ങൾ മങ്കരയിലെ വീട്ടിലെത്തിക്കും. സരികയാണു കൃഷ്ണകുമാറിന്റെ ഭാര്യ.
അമൽ കൃഷ്ണയാണ് മറ്റൊരു മകൻ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

