
ചേതോഹരം ചേറമ്പറ്റപ്പൂരം; വിസ്മയക്കാഴ്ചയായി മുതലിയാർ തെരുവിലെ അലങ്കാരത്തേര്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെർപ്പുളശ്ശേരി ∙ തലയെടുപ്പുള്ള നാൽപതോളം ഗജവീരന്മാർ, മുഖഭംഗിയിൽ വെട്ടിത്തിളങ്ങിയ ഇണക്കാളകൾ, പാലക്കോട് മുതലിയാർ തെരുവിലെ 9 തട്ടുകളുള്ള അലങ്കാരത്തേര്, കോട്ടപ്പുറത്തെ കുതിര, അവകാശക്കാളകൾ– എല്ലാം തികഞ്ഞ ചേലൊത്ത പൂരം ഭഗവതിക്കു സമർപ്പിച്ച് കോതകുർശ്ശി ചേറമ്പറ്റ ഭഗവതിക്ഷേത്രത്തിന്റെ തട്ടകം ദേശക്കരുത്തിന്റെ ആവേശം ഏറ്റുവാങ്ങി. ആഹ്ലാദം അലതല്ലിയ പകലിൽ ഓരോ വേലയോടൊപ്പവും ഒഴുകിയെത്തിയ പതിനായിരങ്ങൾ ചേറമ്പറ്റക്കാവിൽ അരങ്ങേറിയ ചാരുതയാർന്ന പകൽപ്പൂരത്തിനു സാക്ഷികളായി.
ഉച്ചകഴിഞ്ഞ് അവകാശക്കാളയായ നൊട്ടത്ത് കാള ക്ഷേത്രത്തിൽ എത്തിയ ശേഷം വെളിച്ചപ്പാട് തേരിനെ വരവേൽക്കാൻ പാലക്കോട് മുതലിയാർ തെരുവിൽ എത്തിയപ്പോൾ മാരിയമ്മൻ കോവിലിൽ പാനപിടിത്തം തുടങ്ങിയിരുന്നു. പാനച്ചടങ്ങുകൾ പൂർത്തിയാക്കി കിഴക്കൻവേലയോടൊപ്പം നൂറുകണക്കിനാളുകളുടെ ചുമലിലേറി നീങ്ങിയ തേര് കാവുതീണ്ടിയതോടെ പകൽപൂരത്തിനു തുടക്കമായി. ഇതോടൊപ്പം തട്ടകദേശങ്ങളിൽ നിന്നുള്ള വേലകളും കൊട്ടിപ്പുറപ്പെട്ടതോടെ ഗ്രാമീണ പാതകളും കൊയ്ത്തൊഴിഞ്ഞ പാടങ്ങളും നാട്ടിടവഴികളുമെല്ലാം ഉത്സവനിറമണിഞ്ഞു.
തേരു ക്ഷേത്രത്തിൽ ഒരു വലം വച്ച ശേഷം അവകാശക്കാളകളായ 52ലെ കാള, നൊട്ടത്ത് കാള, അരീക്കത്ത് കാള, തൃക്കടീരി ദേശക്കാള എന്നിവയും തട്ടകദേശങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ഇണക്കാളകളും ക്രമമനുസരിച്ചു കാവേറി കാഴ്ചവട്ടങ്ങളുടെ കലവറ തുറന്നു. തിറ,പൂതനുകളും തെയ്യവും കാവടിയാട്ടവും വേഷങ്ങളും വിവിധ വാദ്യഘോഷങ്ങളും പൂരത്തിനു പ്രൗഢിയേകി.
ഇതേസമയം ചളവറ, പുലിയാനംകുന്ന്, കുറ്റിക്കോട്, തരുവക്കോണം, പാവുക്കോണം, അനങ്ങനടി, തൃക്കടീരി, പത്തംകുളം, പാലക്കോട് എന്നീ ദേശങ്ങളിൽ നിന്നുള്ള ഗജവീരന്മാർ പടിഞ്ഞാറും കിഴക്കും വടക്കും ഭാഗങ്ങളിലായി നിലയുറപ്പിച്ച് കൂട്ടിയെഴുന്നള്ളിപ്പു തുടങ്ങി. പഞ്ചവാദ്യത്തിന്റെയും പാണ്ടിമേളത്തിന്റെയും താളലയത്തിൽ ആനപ്പുറമേറിയ ആലവട്ടവും വെൺചാമരവും വാനിൽ ഉയർന്നു. പുലിയാനംകുന്ന് ശ്രീകൃഷ്ണക്ഷേത്രം വേലയിൽ വർണക്കുടമാറ്റവും ഉണ്ടായി. ക്ഷേത്രപ്രദക്ഷിണം പൂർത്തിയാക്കിയ ഇണക്കാളകൾ ‘എ’, ‘ബി’ വിഭാഗങ്ങളായി പൂരപ്പറമ്പിൽ അണിനിരന്നതും ചേറമ്പറ്റ പൂരത്തെ ചേതോഹരമാക്കി.
മുഴുവൻ വേലകളും പ്രദക്ഷിണം പൂർത്തിയാക്കി ഭഗവതിയെ തൊഴുതു കാവിറങ്ങിയതോടെ പകൽപൂരത്തിനു സമാപനമായി. തുടർന്നു ചളവറ ദേശത്തിന്റെയും പുലിയാനംകുന്ന് ദേശത്തിന്റെയും വെടിക്കെട്ടുമുണ്ടായി. രാത്രിപൂരത്തിനു വിവിധ പൂരാഘോഷകമ്മിറ്റികളുടെ നേതൃത്വത്തിൽ തായമ്പക അരങ്ങേറി. മേളത്തിന്റെ അകമ്പടിയോടെയായിരുന്നു രാത്രിപൂരം എഴുന്നള്ളിപ്പ്.
രാവിലെ തന്ത്രി പനാവൂർ മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന വിശേഷാൽപൂജകൾക്കു ശേഷം കോട്ടപ്പുറത്തെ കുതിര ക്ഷേത്രത്തിൽ പ്രവേശിച്ചതോടെയാണു പൂരച്ചടങ്ങുകൾക്കു തുടക്കമായത്.