മംഗലംഡാം ∙ ഉടമസ്ഥാവകാശ തർക്കത്തെ തുടർന്ന് റീ ടാറിങ് നടത്താതെ തകർന്നുകിടക്കുന്ന റോഡ് യാത്രക്കാർക്കു ദുരിതമാകുന്നു. മംഗലംഡാം- കടപ്പാറ റോഡിൽ വെറ്റിലത്തോട് മുതൽ കടപ്പാറ വരെയുള്ള ഒരു കിലോമീറ്റർ റോഡാണ് പൂർണമായും തകർന്നു കിടക്കുന്നത്. 15 വർഷം മുൻപ് പ്രധാനമന്ത്രിയുടെ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണു മംഗലംഡാം കടപ്പാറ റോഡിലെ കുളികടവ് കഴിഞ്ഞുള്ള ഭാഗം മുതൽ കടപ്പാറ വരെയുള്ള ആറരക്കിലോമീറ്റർ റോഡ് പണി ചെയ്തത്.
ഇത്തരം റോഡുകൾ സ്വാഭാവികമായും നിശ്ചിത കാലാവധിക്കു ശേഷം പൊതുമരാമത്ത് ഏറ്റെടുക്കലാണു പതിവ്.
എന്നാൽ 14 കിലോമീറ്റർ ദൈർഘ്യമുള്ള മംഗലം ഡാം കടപ്പാറ റോഡിൽ 13 കിലോമീറ്റർ റോഡാണ് തങ്ങളുടെ നിയന്ത്രണത്തിലുള്ളതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വാദം. ഇതാണെങ്കിൽ വെറ്റിലത്തോട് വരെയാണ് എത്തുന്നത്. എന്നാൽ ബാക്കിയുള്ള ഭാഗം പഞ്ചായത്തും ഏറ്റെടുക്കാത്തതാണ് പ്രതിസന്ധിയായത്.
മൂന്നാലു വർഷമായി പൂർണമായും തകർന്നുകിടക്കുന്ന റോഡ് നന്നാക്കാൻ ആരുമില്ലാത്ത അവസ്ഥയാണിപ്പോൾ. കടപ്പാറ, തളികക്കല്ല് ആദിവാസി ഉന്നതികൾ, ഗവ.എൽപി സ്കൂൾ, അങ്കണവാടി , ആരാധനാലയങ്ങൾ, ആലിങ്കൽ വെള്ളച്ചാട്ടം തുടങ്ങി ജനസാന്ദ്രതയുള്ള കാർഷിക മേഖല കൂടിയാണു കടപ്പാറ.
കെഎസ്ആർടിസി അടക്കം 4 ബസുകൾ ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്.
ആലിങ്കൽ വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികളുടേതടക്കം ഒട്ടേറെ സ്വകാര്യ വാഹനങ്ങളും ആശ്രയിക്കുന്ന റോഡാണിത്. റോഡ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് 6 മാസം മുൻപ് കത്തുനൽകിയതായി പഞ്ചായത്ത് അധികൃതർ പറയുന്നുണ്ടെങ്കിലും ഇല്ലെന്നാണു പുതിയ വിവരം.
വണ്ടാഴി പഞ്ചായത്ത് ഈ കാര്യത്തിൽ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.
റോഡ് ഏറ്റെടുക്കാൻ പൊതുമരാമത്ത് വകുപ്പിനോട് ശുപാർശ ചെയ്യണമെന്നും റോഡ് ഗതാഗതയോഗ്യമാക്കാനുള്ള അടിയന്തര നടപടികൾ പഞ്ചായത്ത് ഭരണസമിതി സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. എൽദോ, വാർഡ് മെംബർ അച്ചാമ്മ ജോസഫ്, മുൻ പഞ്ചായത്തംഗം ബെന്നി ജോസഫ് എന്നിവർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

