വാളയാർ ∙ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിനിരയായി അതിഥിത്തൊഴിലാളി രാംനാരായൺ ഭാഗേൽ കൊല്ലപ്പെട്ട
കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഡിവൈഎസ്പി പി.എം.ഗോപകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ഇന്നലെ ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവിറങ്ങി.
ക്രൈംബ്രാഞ്ചിലെയും വാളയാർ പൊലീസിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിട്ടുണ്ട്. ഡിവൈഎസ്പിയെ കൂടാതെ ഒരു ഇൻസ്പെക്ടറും ഒരു എസ്ഐയും ഉൾപ്പെടുന്നതാണ് പ്രത്യേക അന്വേഷണ സംഘം.
ആൾക്കൂട്ടമർദനം പോലുള്ള കേസുകൾ കൂടുതൽ ഗൗരവത്തോടെ അന്വേഷിക്കേണണ്ടതിനാലാണ് ക്രൈംബ്രാഞ്ചിനു കീഴിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതെന്നു ജില്ലാ പൊലീസ് മേധാവി അജിത് കുമാർ അറിയിച്ചു.
കേസിൽ നിലവിൽ 5 പേരാണ് റിമാൻഡിലുള്ളത്. ഇവർക്കെതിരെ കൊലപാതകം, സംഘംചേർന്നു മർദിക്കൽ, തടഞ്ഞുവയ്ക്കൽ, മാരകായുധങ്ങളുമായി ആക്രമിക്കൽ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്.
അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കുമെന്നാണു വിവരം.
രാംനാരായൺ ഭാഗേൽ ദലിത് വിഭാഗത്തിൽ ഉള്ള ആളായതിനാൽ ജാതീയമായി ആക്ഷേപിക്കൽ, വംശീയമായി അധിക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയേക്കും. രാംനാരായൺ 2 മണിക്കൂറോളം മർദനത്തിനിരയായെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം.
ക്രൂരമായ മർദനത്തിനിടെ രാംനാരായൺ ഭാഗേൽ ചോര ഛർദിച്ചു കുഴഞ്ഞുവീണ ശേഷവും വടികൊണ്ട് മർദിച്ചിട്ടുണ്ടെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം. നിലവിൽ ഇരുപതോളം പേർ നിരീക്ഷണത്തിലുണ്ട്.
എന്നാൽ പ്രതികളെന്നു സംശയിക്കുന്ന ചിലർ കടന്നുകളഞ്ഞതായും വിവരമുണ്ട്. സൈബർ പൊലീസിന്റെ കൂടി സഹായത്തോടെ മൊബൈൽ ഫോൺ ലൊക്കേഷൻ ഉൾപ്പെടെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
‘എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണം’
∙ അതിഥിത്തൊഴിലാളി രാംനാരായൺ ഭാഗേൽ കൊല്ലപ്പെട്ട
കേസ് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നു കുടുംബം ആവശ്യപ്പെട്ടു. നിലവിൽ കേസിന്റെ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.എം.ഗോപകുമാറിനാണ്.
അദ്ദേഹം പുതിയ ടീം രൂപീകരിച്ച് ഇന്നലെ അന്വേഷണം ഏറ്റെടുത്തിരുന്നു.
പൊലീസ് അലംഭാവം: എ.തങ്കപ്പൻ
പാലക്കാട് ∙ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിനിരയായി അതിഥിത്തൊഴിലാളി കൊല്ലപ്പെട്ട
കേസിൽ പൊലീസ് അലംഭാവം കാണിക്കുന്നതായി ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ. പ്രതികളിൽ പലരും ആർഎസ്എസ്, സിപിഎം ബന്ധമുള്ളവരാണ്.
അതുകൊണ്ടു തന്നെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യാൻ പൊലീസ് മടി കാണിക്കുന്നു.
കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാംനാരായണൻ ഭാഗേലിന്റെ കുടുംബത്തിനു സർക്കാർ ധനസഹായം നൽകണമെന്നും തങ്കപ്പൻ പറഞ്ഞു.
എന്തു കുറ്റം ചെയ്താലും സിപിഎം ബന്ധമുണ്ടെങ്കിൽ പൊലീസ് സംരക്ഷിക്കുമെന്ന ആത്മവിശ്വാസമാണു ക്രിമിനലുകൾക്കു പ്രചോദനമാകുന്നതെന്നു കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ ആരോപിച്ചു. ആഭ്യന്തര വകുപ്പിന്റേതു പൂർണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

