കാഞ്ഞിരപ്പുഴ ∙ നാടിനും നാട്ടുകാർക്കും ഭീഷണിയായ പുലിയെ വനംവകുപ്പ് നാടുകടത്തി. കഴിഞ്ഞ ദിവസം രാത്രി വാക്കോടനിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു വനംവകുപ്പു സ്ഥാപിച്ച കൂട്ടിൽപെട്ട
പുലിയെയാണ് ഇന്നലെ പുലർച്ചെ നാലരയോടെ പ്രത്യേക വാഹനത്തിൽ കയറ്റി ശിരുവാണി വനമേഖലയിലെ ഉൾക്കാട്ടിലേക്കു തുറന്നുവിട്ടത്.
എന്നാൽ ഇത് എത്രത്തോളം ലക്ഷ്യം കൈവരിക്കുമെന്ന കാര്യത്തിൽ ആശങ്കയിലാണു നാട്ടുകാരും. പുലിശല്യം രൂക്ഷമായ വാക്കോടനിൽ കൊട്ടാരത്തിൽ ജോർജിന്റെ തോട്ടത്തിലാണു വനംവകുപ്പു കഴിഞ്ഞ നവംബർ 27നു കൂട് സ്ഥാപിച്ചത്.
ഒരുമാസം തികയും മുൻപേ കഴിഞ്ഞ ദിവസം രാത്രി പുലി അകപ്പെടുകയും ചെയ്തു.
നാലു വയസ്സു പ്രായം വരുന്ന പെൺപുലിയാണു കൂട്ടിലകപ്പെട്ടത്. ശബ്ദം കേട്ടു നാട്ടുകാരാണ് ആദ്യം എത്തിയത്.
തുടർന്നു വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ജനവാസ മേഖലയിൽ നിന്നു വളരെ ഉൾക്കാട്ടിൽ കൊണ്ടുപോയി തുറന്നു വിടണമെന്ന ആവശ്യവുമായി നാട്ടുകാർ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥരും ആർആർടിയും നാട്ടുകാരും ചേർന്നു രാത്രി തന്നെ വാഹനത്തിൽ കയറ്റി ശിരുവാണിയിലെ ഉൾക്കാട്ടിലേക്കു തുറന്നുവിട്ടു.
പുലിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും പൂർണ ആരോഗ്യമുണ്ടെന്നും കണ്ടതിനെ തുടർന്നാണു തുറന്നുവിട്ടത്. മണ്ണാർക്കാട് ഡിഎഫ്ഒ സി.അബ്ദുൽ ലത്തീഫ്, ഫോറസ്റ്റ് റേഞ്ച് ഓഫിസർ ഇമ്രോസ് ഏലിയാസ് നവാസ്, പാലക്കയം ഫോറസ്റ്റ് ഉദ്യോഗസ്ഥർ, ആർആർടി എന്നിവരുടെ നേതൃത്വത്തിലാണു പുലിയെ കാടു കയറ്റിയത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി വാക്കോടൻ അടക്കമുള്ള മലയോര മേഖലകളിൽ പുലിശല്യം രൂക്ഷമാണ്.
ഒട്ടേറെ വളർത്തുമൃഗങ്ങളെ പിടികൂടുകയും തൊഴിലാളികൾ ഭാഗ്യം കൊണ്ടു രക്ഷപ്പെടുന്ന അവസ്ഥയും ഉണ്ടായിരുന്നു. ഏറെ പ്രതിഷേധത്തെ തുടർന്നാണു വനംവകുപ്പ് കൂട് സ്ഥാപിച്ചതും പിന്നീട് പുലി അകപ്പെട്ടതും.
ഇനി പൂഞ്ചോലയിൽ കൂട് സ്ഥാപിക്കണം
കാഞ്ഞിരപ്പുഴ ∙ പുലി അടക്കമുള്ള വന്യമൃഗശല്യം രൂക്ഷമായ പൂഞ്ചോല മാന്തോണി മേഖലയിൽ വീണ്ടും കൂടു സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.
ഈ മാസം ആറിനു പൂഞ്ചോല കുറ്റിയാമ്പാടം പുലാവഴി വീട്ടിൽ സുനിലിന്റെ വീട്ടിലെ വളർത്തുനായയെ പുലി പിടികൂടിയിരുന്നു. ഇതിന് ഏതാനും ആഴ്ചകൾക്കു മുൻപു സുനിലിന്റെ വീട്ടിലെ മറ്റൊരു നായയെ പുലി കൊലപ്പെടുത്തി ഭക്ഷിച്ചു.
തുടർന്ന് അധികൃതർ ക്യാമറയും പുലിയെ പിടികൂടാനായി കൂടും സ്ഥാപിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
ഇതിനിടെ പുലിയെ പിടികൂടാനായി കൂട് വാക്കോടനിലേക്കു മാറ്റുകയും ചെയ്തു. കൂട് കൊണ്ടുപോയതിനു ശേഷം വീണ്ടും പുലിയെത്തിയത് ജനവാസ മേഖലയായതിനാൽ നാട്ടുകാർ ഏറെ ഭീതിയിലാണ്. ക്യാമറയല്ല, ഒരുവട്ടം സ്ഥാപിച്ച ശേഷം എടുത്തു കൊണ്ടുപോയ കൂട് വീണ്ടും കൊണ്ടുവരണമെന്നാണു നാട്ടുകാരുടെ ആവശ്യം.
പൂഞ്ചോല, മാന്തോണി തുടങ്ങി വിവിധ പ്രദേശങ്ങളിൽ വളരെയേറെ നാളുകളായി പുലിശല്യം രൂക്ഷമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

