തൃശൂർ ∙ വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട
അതിഥിത്തൊഴിലാളി രാംനാരായൺ ഭാഗേലിന്റെ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ചു ഭാര്യയും മക്കളുമടക്കമുള്ള ബന്ധുക്കൾ. കൊലപാതക വിവരമറിഞ്ഞു ഛത്തീസ്ഗഡ് ശക്തി ജില്ലയിലെ കർഹി ഗ്രാമത്തിൽ നിന്നു ഭാര്യ ലളിത, മക്കളായ അനൂജ് (8), ആകാശ് (10), ലളിതയുടെ മാതാവ് ലക്ഷ്മിൻഭായ് എന്നിവരാണു ട്രെയിൻമാർഗം തൃശൂർ ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്.
മൃതദേഹം തിരിച്ചറിഞ്ഞു പൊട്ടിക്കരഞ്ഞു തളർന്ന ഇവരെ ആശ്വസിപ്പിക്കാനോ വേണ്ട സഹായങ്ങളൊരുക്കാനോ ആദ്യം ഉന്നത ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ എത്തിയില്ല.
ആൾക്കൂട്ടക്കൊലപാതകക്കേസ് ചുമത്തണമെന്നതടക്കം വിവിധ ആവശ്യങ്ങളിൽ ഉറപ്പു ലഭിക്കുന്നതുവരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ഇവർ അറിയിച്ചു.
വൈകിട്ട് എട്ടു മണിയോടെ പാലക്കാട് ആർഡിഒ കെ. മണികണ്ഠൻ എത്തിയെങ്കിലും നഷ്ടപരിഹാരം അടക്കമുള്ള ആവശ്യങ്ങളിൽ തീരുമാനമായില്ല.
ബന്ധുക്കൾ രാത്രി വൈകിയും ആശുപത്രി മോർച്ചറിക്കു മുന്നിൽ ഇരിപ്പു തുടരുകയാണ്. രാംനാരായൺ ഭാഗേലിന്റെ സഹോദരൻ ശശികാന്തും ബന്ധു രഥ്റാമും ചേർന്നാണു ലളിതയെയും അമ്മയെയും കുട്ടികളെയും തൃശൂരിലെത്തിച്ചത്.വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർ ഇവർക്കു തുണയായി ഒപ്പമെത്തിയിരുന്നു. ഉച്ചയ്ക്കു മൂന്നരയോടെ ഇവർ ആശുപത്രി മോർച്ചറിയിൽ കയറി മൃതദേഹം തിരിച്ചറിഞ്ഞു.
മൃതദേഹം ഏറ്റെടുത്ത് ഇവർ ഛത്തീസ്ഗഡിലേക്കു മടങ്ങുമെന്നായിരുന്നു സൂചനയെങ്കിലും പിന്നീടു സ്ഥിതി മാറി.ആൾക്കൂട്ടക്കൊ ലപാതകക്കുറ്റം ചുമത്തി രാമനാരായണിനെ മർദിച്ച എല്ലാവർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം.
പട്ടികജാതി – വർഗ അതിക്രമം തടയൽ നിയമം ചുമത്തണമെന്നും സുപ്രീംകോടതി വിധി പ്രകാരം 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.
രണ്ടു മക്കളുടെ പഠനമടക്കം കുടുംബം നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നും ഇവർ പറയുന്നു . എന്നാൽ, ഇത്തരം കാര്യങ്ങളിൽ ഉറപ്പു നൽകാൻ പാകത്തിന് ഉത്തരവാദിത്തപ്പെട്ട ആരും ആശുപത്രിയിലെത്തിയിരുന്നില്ല. രാത്രി എട്ടു മണിയോടെയാണ് പാലക്കാട് ആർഡിഒ സ്ഥലത്തെത്തിയത്.
മൃതദേഹം സർക്കാർ ചെലവിൽ ഛത്തീസ്ഗഡിലെത്തിച്ചു നൽകാമെന്നും നഷ്ടപരിഹാരമടക്കം മറ്റ് ആവശ്യങ്ങൾ സർക്കാരിനു ശുപാർശ ചെയ്യാമെന്നും ആർഡിഒ വ്യക്തമാക്കി.
എന്നാൽ, ഇക്കാര്യത്തിൽ ഉറപ്പു ലഭിക്കാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിൽ വീട്ടുകാർ ഉറച്ചു നിന്നു. സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരുസഹായവും ലഭിക്കാത്തതിൽ പ്രതിഷേധവും അറിയിച്ചു.
ഇതോടെ ആർഡിഒ മടങ്ങി. രാത്രി വൈകിയും ബന്ധുക്കൾ പിരിഞ്ഞുപോയിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

