ആലത്തൂർ∙ കുഞ്ഞു സിയാദ് ആദത്തെ വരവേൽക്കാനായി കാത്തിരുന്ന കാവശ്ശേരി പത്തനാപുരം ചേറുങ്കോട്ടെ വീട്ടിലേക്ക് ഇന്നലെ ഉച്ചയോടെ ആ കുഞ്ഞ് എത്തി. എന്നാൽ സന്തോഷം അലയടിക്കേണ്ട
വീട്ടിൽ ദുഃഖം താങ്ങാനാവാതെ പലരും വിതുമ്പി. കുഞ്ഞിനെ ഓമനിക്കാനായി കാത്തിരുന്നവർ ആ മൃതദേഹം കാണാനാവാതെ മാറിനിന്നു.
കഴിഞ്ഞ ദിവസം രാത്രി 7.45ന് പാടൂർ ആനവളവിനു സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് ചേറുംങ്കോട് ജാഫറിന്റെയും റസീനയുടെയും ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞ് സിയാദ് ആദം മരിച്ചത്.
ഇവർ പഴയന്നൂർ പൊറ്റയിലെ ബന്ധുവീട്ടിൽ നിന്ന് സ്വന്തം വീടായ തോലന്നൂർ തരുമണ്ണിലെ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.
അപകടത്തിൽ സിയാദ് ആദത്തിന്റെ മാതാവ് റസീന (21), റസീനയുടെ അമ്മ റഹ്മത്ത് (47), ഓട്ടോഡ്രൈവർ ബാലസുബ്രഹ്മണ്യൻ എന്നിവർക്കു പരുക്കേറ്റിരുന്നു. ഇവർ ആലത്തൂർ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. റഹ്മത്തും ബാലസുബ്രഹ്മണ്യനും തീവ്രപരിചരണ വിഭാഗത്തിലാണ്. പ്രസവത്തിനായി തോലന്നൂരിലെ വീട്ടിലേക്കു പോയ റസീന അടുത്ത മാസം കുഞ്ഞുമായി പത്തനാപുരത്തെ വീട്ടിലേക്കു വരാനിരിക്കെയാണ് ദുരന്തം.
ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.
ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന കുഞ്ഞിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം പന്ത്രണ്ടോടെ വീട്ടിൽ എത്തിച്ചു. പിന്നീട് രണ്ടു മണിയോടെ തോണിപ്പാടം ആനകുത്താംപാറ ജുമാമസ്ജിദിൽ കബറടക്കി.
കാർ ഡ്രൈവർ തൃശൂർ കരിക്കാട് ജെറി ജോസഫിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

