നല്ലേപ്പിള്ളി ∙ അച്ഛനെ വീട്ടുമുറ്റത്തു വീണു മരിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്നു മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാളറ തോട്ടത്തുക്കളം സി.രാമൻകുട്ടി (58) ആണു മരിച്ചത്.
ബുധനാഴ്ച രാത്രി പത്തോടെയാണു രാമൻകുട്ടി വീട്ടുമുറ്റത്തു വീണുകിടക്കുന്നതായി മകൻ ആദർശ് (26) സമീപവാസികളെ അറിയിച്ചത്. സമീപവാസിയുടെ സഹായത്തോടെ രാമൻകുട്ടിയെ വീട്ടിനകത്തു കട്ടിലിൽ കിടത്തുകയായിരുന്നത്രെ. പിന്നീട് അച്ഛൻ മരിച്ചതായി ആദർശ് ബന്ധുക്കളെ വിളിച്ചറിയിച്ചു. വീട്ടിലെത്തി മൃതദേഹം കണ്ടവരിൽ ചിലർക്കു സംശയം തോന്നി കൊഴിഞ്ഞാമ്പാറ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
സ്വാഭാവികമരണമെന്നു വരുത്തിത്തീർത്തു സംസ്കാരം നടത്താനുള്ള ശ്രമമാണു നടന്നതെന്നും ആരോപണമുണ്ട്.
പൊലീസെത്തി നടത്തിയ പരിശോധനയിൽ രാമൻകുട്ടിയുടെ ശരീരത്തിൽ പലഭാഗത്തായി മർദനമേറ്റ പാടുകളും രക്തക്കറയും കണ്ടെത്തി. തുടർന്ന് ഫൊറൻസിക്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
രണ്ടു മാസം മുൻപു ഭാര്യ ചന്ദ്രിക മരിച്ച ശേഷം രാമൻകുട്ടിയും മകൻ ആദർശും മാത്രമാണു വീട്ടിലുള്ളത്.
പല അസുഖങ്ങൾ കാരണം രാമൻകുട്ടി ഏറെ പ്രയാസപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ബന്ധുവീട്ടിൽ പോയ രാമൻകുട്ടി തിരിച്ചെത്തിയ രാത്രിയാണു മരിച്ചത്. സംഭവസമയത്ത് ആദർശ് മദ്യപിച്ചിരുന്നതായും രാമൻകുട്ടിക്കും മദ്യം നൽകിയിരുന്നതായും ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
ഇന്നു പോസ്റ്റ്മോർട്ടം നടത്തി സംസ്കരിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്നും ആദർശിനെ ചോദ്യം ചെയ്തു വരികയാണെന്നും ഇൻസ്പെക്ടർ എം.ആർ.അരുൺകുമാർ പറഞ്ഞു. എസ്ഐ കെ.ബിജു, എഎസ്ഐ വി.ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]