
പാലക്കാട് ∙ നിറയെ ബസുകളുമായി മുനിസിപ്പൽ സ്റ്റാൻഡ് ഇന്നു മുതൽ വീണ്ടും പഴയ പ്രൗഢിയിലേക്ക്. ഇന്നു വൈകിട്ടു 4നു വി.കെ.ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യും.
നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ അധ്യക്ഷയാകും. ജില്ലാ കലക്ടർ എം.എസ്.മാധവിക്കുട്ടി, ജില്ലാ പൊലീസ് മേധാവി അജിത്കുമാർ, ആർഡിഒ സി.യു.മുജീബ്, നഗരസഭ ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ്, നഗരസഭാംഗങ്ങൾ, വ്യാപാരി, ബസ് സംഘടന പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുക്കുമെന്നു വാർഡ് കൗൺസിലർ സെയ്ദ് മീരാൻ ബാബു അറിയിച്ചു.
നാളെ രാവിലെ മുതൽ സ്റ്റാൻഡിൽ നിന്നു പൂർണതോതിലുള്ള ബസ് സർവീസ് ആരംഭിക്കും.കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി, കോങ്ങാട്, മുണ്ടൂർ വഴിയുള്ള എല്ലാ സ്വകാര്യ ബസുകളും നാളെ മുതൽ മുനിസിപ്പൽ സ്റ്റാൻഡിൽ നിന്നാണു സർവീസ് തുടങ്ങേണ്ടത്. തിരിച്ചെത്തേണ്ടതും മുനിസിപ്പൽ സ്റ്റാൻഡിലാണ്.പഴയതുപോലെ വിക്ടോറിയ കോളജ്–താരേക്കാട്– ജില്ലാ വെറ്ററിനറി ആശുപത്രി വഴിയാണു സ്റ്റാൻഡിലേക്കെത്തേണ്ടത്.
തിരിച്ചു പോകേണ്ടതും ഇതു വഴി തന്നെ. സ്റ്റേഡിയം സ്റ്റാൻഡിലേക്കു പോകേണ്ടതില്ല.ഇത്തരത്തിലുള്ള ബസ് സർവീസ് ഉറപ്പാക്കാൻ നാളെ മുതൽ സ്റ്റാൻഡിലും താരേക്കാട്ടും ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിന്റെ സേവനവും ഉണ്ടാകും.
വ്യാപാര മേഖലയ്ക്കും ഗുണം
സ്റ്റാൻഡ് പൂർണതോതിൽ പ്രവർത്തന സജ്ജമാകുന്നതോടെ സമീപത്തെ വ്യാപാര മേഖലയും ഉണരും. സ്റ്റാൻഡിന്റെ പ്രവർത്തനം ഇവിടെ നിന്നു മാറ്റിയതോടെ പരിസരത്തെ വ്യാപാര മേഖല തകർച്ചയുടെ വക്കിലായിരുന്നു.
എംപിയുടെ 2.26 കോടി, നഗരസഭയുടെ 1.1 കോടി
7 വർഷം മുൻപു സമീപത്തെ സ്വകാര്യ കെട്ടിടം തകർന്നുവീണപ്പോഴാണു മുനിസിപ്പൽ സ്റ്റാൻഡ് കെട്ടിടത്തിന്റെ ബലക്ഷയത്തെക്കുറിച്ചു സംശയം ഉയർന്നത്.
പരിശോധനയിൽ ബലക്ഷയം സ്ഥിരീകരിച്ചു. 2018ലായിരുന്നു ഇത്.
2019 ആദ്യം സ്റ്റാൻഡ് പൂർണമായും പൊളിച്ചുമാറ്റി. ബസുകൾ സ്റ്റേഡിയം സ്റ്റാൻഡിലേക്കു മാറ്റി.
തുടർന്നു വർഷങ്ങളോളം ഒരു നടപടിയും ഉണ്ടായില്ല. പിന്നീടു നഗരസഭ അഭ്യർഥിച്ചതോടെ വി.കെ.ശ്രീകണ്ഠൻ എംപി ആസ്തിവികസന ഫണ്ടിൽ നിന്ന് 2.26 കോടി രൂപ അനുവദിച്ചു.
ഇതോടെ തടസ്സങ്ങളെല്ലാം നീക്കി മുനിസിപ്പൽ ബസ് ടെർമിനൽ നിർമിച്ചു. നഗരസഭ 1.1 കോടി രൂപ ചെലവിൽ യാഡും ശുചിമുറി സംവിധാനം ഉൾപ്പെടെ നിർമിച്ചു. ഹൈമാസ്റ്റ് ലാംപിനും എംപി തുക അനുവദിച്ചു. ഇരിപ്പിടം ഉൾപ്പെടെയുള്ള അടിസ്ഥാന സുരക്ഷാ സൗകര്യങ്ങളെല്ലാം ഒരുക്കി.
ഉദ്ഘാടനച്ചടങ്ങിൽ രാഹുലിനെ വിലക്കി പാലക്കാട് നഗരസഭ
പാലക്കാട് ∙ മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കരുതെന്നു രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കു നഗരസഭ കത്തു നൽകി.
ഇന്നു വൈകിട്ട് നാലിനു നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായി രാഹുലിനെ ഉൾപ്പെടുത്തിയിരുന്നു. രാഹുൽ യോഗത്തിൽ പങ്കെടുക്കില്ലെന്നാണു വിവരം. ഗുരുതരമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ചില സംഘടനകൾ സമരപരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് ഉദ്ഘാടനത്തിന്റെ ശോഭ കെടുത്തുമെന്നതിനാൽ വിട്ടുനിൽക്കണം എന്നും നഗരസഭ ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ് നൽകിയ കത്തിൽ പറയുന്നു.
പാലക്കാട് നഗരസഭ ഭരിക്കുന്നതു ബിജെപിയാണ്.
ബിജെപിയുടെ ചില കൗൺസിലർമാരും രാഹുലിനൊപ്പം വേദി പങ്കിടില്ലെന്ന് അറിയിച്ചിട്ടുണ്ട്. നഗരസഭാ ബസ് സ്റ്റാൻഡ് ഉദ്ഘാടനത്തിനു പുറമേ കേരള കോഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സംസ്ഥാന കൗൺസിൽ ഉദ്ഘാടനം ഉൾപ്പെടെ ഏതാനും പൊതുപരിപാടികൾ ഇന്നു മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനുണ്ട്.
എന്നാൽ അദ്ദേഹം ഇന്നു ജില്ലയിലെത്തില്ലെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]