വടക്കഞ്ചേരി∙ പഞ്ചായത്തിലെ ആനക്കുഴിപ്പാടം–കണക്കൻതുരുത്തി റോഡ് തകർന്നു. റോഡിലെ പാതാളക്കുഴികളിൽ പെട്ട് അപകടമുണ്ടായിട്ടും കാൽനട
യാത്രയ്ക്ക് പോലും പറ്റാത്ത രീതിയിൽ തകർന്നിട്ടും പഞ്ചായത്തോ ജനപ്രതിനിധികളോ തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ജലജീവൻ മിഷന്റെ ശുദ്ധജല പദ്ധതിയിൽ പൈപ്പ് ഇടുന്നതിനു വേണ്ടി പത്തോളം ഭാഗങ്ങളിൽ റോഡ് കുറുകെ വെട്ടിപ്പൊളിച്ച സ്ഥലങ്ങളിൽ കുഴിയായി കിടക്കുകയാണ്.
കുഴികളടയ്ക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
കുഴിയിൽപെട്ട് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് സ്ഥിരം കാഴ്ചയാണ്. മഴയിൽ പല ഭാഗത്തും റോഡ് തന്നെ ഒലിച്ചു പോയി.
വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത രീതിയിൽ റോഡിന്റെ പല ഭാഗവും ഇടിഞ്ഞ് താഴ്ന്ന് ടാറിങ് പോലും ഇല്ലാത്ത അവസ്ഥയാണ്. ആനക്കുഴിപ്പാടത്ത് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു.
റോഡിൽ അഴുക്കുചാൽ ഇല്ലാത്തതിനാൽ ചെളിവെള്ളം കെട്ടിനിൽക്കുകയാണ്. റോഡിലൂടെയാണ് മഴവെള്ളം ഒഴുകുന്നത്.
ഇവിടെ ഇരു ഭാഗത്തും കുറ്റിക്കാടുകൾ വളർന്നുനിൽക്കുകയാണ്. വഴിവിളക്കുകളും ഇല്ല.
കാട്ടുപന്നി ശല്യം മൂലം രാത്രിയിൽ വഴി നടക്കാൻ പറ്റാത്ത അവസ്ഥയാണ്.
മുൻപ് പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ പെടുത്തി കണ്ണംകുളം മുതൽ കണക്കൻതുരുത്തി വരെ 2 കിലോമീറ്റർ റോഡ് നിർമിച്ചിരുന്നു. വർഷങ്ങളോളം ഈ റോഡ് കേടുകൂടാതെ നിന്നു. പിന്നീട് പഞ്ചായത്തുകൾ റോഡ് ഏറ്റെടുത്ത് ടാറിങ് നടത്തിയതോടെ റോഡ് തകർച്ചയും ആരംഭിച്ചു.
വിദ്യാലയത്തിലേക്കും ദേവാലയങ്ങളിലേക്കും പോകുന്ന പ്രധാന റോഡ് നന്നാക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]