
വാളയാർ ∙ ഒന്നര മാസത്തെ ഇടവേളയ്ക്കു ശേഷം ജനവാസമേഖലയിൽ തിരിച്ചെത്തിയ അക്രമകാരിയായ ‘തമിഴ്നാട് കൊമ്പൻ’ എന്ന ഒറ്റയാന്റെ കൊലവിളിയിലും പരാക്രമത്തിലും നടുങ്ങി വാളയാർ വാധ്യാർചള്ള ഗ്രാമം. ഒരു രാത്രി മുഴുവൻ ജനവാസമേഖലയിലൂടെ നാശം വിതച്ചു നടന്നു നീങ്ങിയ ഒറ്റയാന്റെ മുന്നിൽ നിന്നു പലരും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.
ഞായറാഴ്ച വൈകിട്ട് പതിനാലാംകല്ല് ഭാഗത്തു ദേശീയപാതയിലേക്ക് ഇറങ്ങിയ ആന, പിന്നീട് വട്ടപ്പാറ വഴി രാത്രി പതിനൊന്നരയോടെയാണു വാധ്യാർചള്ളയിലെത്തിയത്. വാധ്യാർചള്ള റെയിൽവേ ഗേറ്റ് റോഡിലുള്ള ആർ.ബാലകൃഷ്ണന്റെ വീടിന്റെ മതിൽ തകർത്ത് അകത്തു കയറിയ ആന വീട്ടുമുറ്റത്തു നിർത്തിയിട്ട
കാർ കുത്തിമറിച്ചിടാനും നോക്കി.
കൊമ്പു കൊണ്ടു കാർ തൂക്കിയെടുത്തെങ്കിലും വീട്ടുകാർ ബഹളം വച്ചതോടെ ശ്രമം ഉപേക്ഷിച്ച് ആന പുറത്തേക്കു നീങ്ങി. കാറിന്റെ പിൻവശത്ത് ആനയുടെ കുത്തേറ്റ് വലിയ ദ്വാരമുണ്ടായി.
ഇതിനു തൊട്ടു മുൻപു മതിൽ തകർന്ന ശബ്ദം കേട്ടു പുറത്തിറങ്ങിയ ബാലകൃഷ്ണനെയും ആന ആക്രമിക്കാൻ ശ്രമിച്ചു. ഇദ്ദേഹം തിരിഞ്ഞോടി വീടിനകത്തു കയറി രക്ഷപ്പെട്ടു.
ഇതിന്റെ അരിശം തീർക്കാനെന്ന പോലെയാണു മുറ്റത്തു നിർത്തിയിട്ട കാർ ആക്രമിച്ചത്.
വീടിന്റെ ഇരുവശത്തെയും മതിലും ഗേറ്റും ചവിട്ടി നശിപ്പിച്ചു. ശുദ്ധജല പൈപ്പ് ലൈനുകളും പൊട്ടിയിട്ടുണ്ട്.
ആന നടന്നു പൂന്തോട്ടവും നശിച്ചിട്ടുണ്ട്. 20 മിനിറ്റോളം ആന ഇവരുടെ വീട്ടുമുറ്റത്തു കറങ്ങി നടന്നു.
ഇതിനിടെയിൽ ഒട്ടേറെത്തവണ വീടിനു മുന്നിലെ വാതിലിലേക്കു കയറിയെത്തി.
ആനയുടെ പരാക്രമത്തിൽ ഭയന്ന് വീടിനകത്തുണ്ടായിരുന്ന ബാലകൃഷ്ണനും ഭാര്യ കവിതയും മക്കളായ മോനിഷ്കുമാറും അഭിനേഷും ടെറസിലേക്കു കയറി രക്ഷപ്പെട്ടു. ഇവരുടെ ശബ്ദം കേട്ടു സമീപവാസികൾ ഓടിയെത്തി. വനംവകുപ്പ് വാച്ചർമാരും സ്ഥലത്തെത്തി.
പുലർച്ചെ നാലര വരെ നീണ്ട പരിശ്രമത്തിനൊടുവിൽ തീയിട്ടും പടക്കമെറിഞ്ഞുമാണ് ആനയെ ഉൾവനത്തിലേക്കു കയറ്റിവിട്ടത്.
മുൻപ് ഈ ഒറ്റയാൻ കർഷകനായ ബാലകൃഷ്ണന്റെ ഇതേ വീടിനോടു ചേർന്നുള്ള പറമ്പിലെ അൻപതോളം വാഴകളും തെങ്ങും നശിപ്പിച്ചിരുന്നു. ഇതിനിടെ ഏക്കർ കണക്കിനു നെൽപാടങ്ങളും വാഴക്കൃഷിയും ആന നശിപ്പിച്ചു. ഈ കഴിഞ്ഞ മേയ് 31നാണ് ഒരു പകൽ മുഴുവൻ നീണ്ട
ദൗത്യത്തിനൊടുവിൽ തമിഴ്നാട്ടിൽ നിന്നെത്തിയ ഒറ്റയാനെ വാളയാർ വഴി വീണ്ടും തമിഴ്നാട് വനത്തിലേക്കു വനംവകുപ്പ് കയറ്റി വിട്ടത്. പിന്നീട് നീണ്ട
ഇടവേളയ്ക്കു ശേഷമാണ് ആന ജനവാസമേഖലയിൽ തിരിച്ചെത്തുന്നത്.
തമിഴ്നാട്ടിലേക്ക് കടത്തി; കേരളത്തിൽ തിരിച്ചെത്തി
കോയമ്പത്തൂർ മധുക്കര ഭാഗത്തേക്കു നീങ്ങിയ ആനയെ തമിഴ്നാട് വനംവകുപ്പ് വീണ്ടും കേരളത്തിലേക്കു തുരത്തി വിട്ടതാകാമെന്ന സംശയത്തിലാണു വനംവകുപ്പ്. വിസ്തൃതി കൂടിയ വനമേഖലയാണു കോയമ്പത്തൂരിലുള്ളത്.
ഇതിനാലാണ് ആനയെ വീണ്ടും തമിഴ്നാട്ടിലേക്കു തിരിച്ചു കയറ്റിയത്. എന്നാൽ, ഇതിനു മദപ്പാടുള്ളതിനാൽ വീണ്ടും തമിഴ്നാട് വനംവകുപ്പ് കേരള അതിർത്തിയിലേക്കു തന്നെ കടത്തിവിട്ടു.
മുൻപ് ആഴ്ചകൾ മാത്രമാണ് ഈ ഒറ്റയാന്റെ സാന്നിധ്യമുണ്ടായിരുന്നതെങ്കിലും കഞ്ചിക്കോട്–വാളയാർ വനയോരമേഖലയിൽ വലിയ രീതിയിൽ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. 2 കർഷകരെയും ആടുകളെയും പശുക്കളെയും ആക്രമിച്ചു.
കാലിത്തൊഴുത്തുകളും നെല്ലു സംഭരണ കേന്ദ്രങ്ങളും തകർത്തു. ഇതോടെയാണു വനംവകുപ്പ് കുങ്കിയാനകളെ ഉൾപ്പെടെ എത്തിച്ച് ഇതിനെ തമിഴ്നാട്ടിലേക്കു കടത്തിവിട്ടത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]