
‘മലമ്പുഴയെന്നൊരു മണ്ണുണ്ടെങ്കിൽ സഖാവ് വിഎസ് എംഎൽഎ’– 2006 മാർച്ച് 30ന് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ആയിരങ്ങൾ തൊണ്ടപൊട്ടി മുദ്രാവാക്യം മുഴക്കി.പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ തരണംചെയ്തു മലമ്പുഴയിലെ സ്ഥാനാർഥിയായി എത്തിയ വിഎസ്. അച്യുതാനന്ദനെ സ്വീകരിക്കാൻ തടിച്ചുകൂടിയതായിരുന്നു അവർ.
രാവിലെ 7.18ന് വി.എസ്, അമൃത എക്സ്പ്രസിൽ മൂന്നാം പ്ലാറ്റ്ഫോമിൽ വന്നിറങ്ങുമ്പോൾ റെയിൽവേ സ്റ്റേഷൻ കടന്ന് ഒലവക്കോട് ജംക്ഷൻ വരെ ജനം തിങ്ങിനിറഞ്ഞു. വിഎസ് പാലക്കാടിന് ആരായിരുന്നു എന്നു ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയ ദിനമായിരുന്നു അന്ന്.
കമ്യൂണിസ്റ്റ് പാർട്ടികളുടെ ഇതുവരെയുള്ള ചരിത്രത്തിൽ പാർട്ടി തീരുമാനം പുറത്തുനിന്നുള്ള സ്വാധീനത്താൽ തിരുത്തേണ്ടിവന്ന സംഭവം അപൂർവമാണെന്നല്ല, ഒന്നേയുള്ളൂ.
അതു മലമ്പുഴയിൽ വിഎസ് മത്സരിക്കേണ്ട എന്ന സംസ്ഥാന കമ്മിറ്റി തീരുമാനം തിരുത്തിയതായിരുന്നു.സ്ഥാനാർഥിത്വം പാർട്ടിക്കുള്ളിൽ പൊരുതിനേടിയതായിരുന്നു അന്നു വിഎസിന്റെ ആദ്യ വിജയം.
എൽഡിഎഫ് വിജയിച്ചാൽ വിഎസ് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ വലിയതോതിൽ എതിർപ്രചാരണമുണ്ടായി. പാർട്ടിക്കു പുറത്തുള്ളവർ വരെ മലമ്പുഴയിൽ കേന്ദ്രീകരിച്ചു വിഎസിനെതിരെ പ്രചാരണം നടത്തി.
പക്ഷേ, ഫലം വന്നപ്പോൾ 20,017 എന്ന, മലമ്പുഴയുടെ ചരിത്രത്തിലെ അന്നുവരെയുള്ള ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിനു വിജയിച്ച് വിഎസ് മുഖ്യമന്ത്രിയായി.
സുരക്ഷിത മണ്ഡലം തേടി
1996ൽ മാരാരിക്കുളത്ത് തോറ്റ വിഎസ് 2001ൽ പാലക്കാട് ജില്ലയിലെ മലമ്പുഴയിൽ മത്സരിക്കാനെത്തിയത് യാദൃച്ഛികമായിരുന്നില്ല. പാർട്ടിക്കുള്ളിൽ വിഎസിനു സംരക്ഷണവലയം തീർത്തിരുന്ന ഒരു വിഭാഗത്തിന്റെ തീരുമാനമായിരുന്നു മലമ്പുഴ.
വിഎസ് പാർലമെന്ററി രംഗത്ത് അർഹിക്കുന്ന സ്ഥാനത്ത് എത്തണമെന്ന ആഗ്രഹം അവർ അദ്ദേഹത്തിന്റെ മനസ്സിലേക്കും പകർന്നിരുന്നു. 1998 ജനുവരി 2 മുതൽ 6 വരെ പാലക്കാട്ടു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായി എം.എം.ലോറൻസ്, കെ.എൻ.രവീന്ദ്രനാഥ്, വി.ബി.ചെറിയാൻ തുടങ്ങിയ 12 നേതാക്കൾ സംസ്ഥാന കമ്മിറ്റിയിൽ മത്സരം നേരിട്ടു തോറ്റു പുറത്തായി.
ഈ സമ്മേളനത്തോടനുബന്ധമായിട്ടാണ് വിഎസിനു സുരക്ഷിതമണ്ഡലം മലമ്പുഴ എന്ന തീരുമാനവും ഉരുത്തിരിയുന്നത്. ഔദ്യോഗികമായ ചർച്ചയോ ധാരണയോ അല്ല, സിഐടിയു പക്ഷത്തെ നിലംപരിശാക്കിയ വിഎസിന്റെ അനുയായികളുടെ അനൗദ്യോഗിക തീരുമാനമായിരുന്നു അത്. ചെറിയ എതിർപ്പുകൾ പോലും ഇല്ലാതെ പൂർണമായും വിഎസിനൊപ്പം നിന്ന രണ്ടു ജില്ലാ കമ്മിറ്റികൾ പാലക്കാടും കൊല്ലവുമായിരുന്നു.
ഇതും രാഷ്ട്രീയ പോരാട്ടത്തിൽ ഒരിക്കൽ പോലും സിപിഎമ്മിനു പരാജയം നേരിട്ടിട്ടില്ലാത്ത മണ്ഡലമെന്നതും മലമ്പുഴ തിരഞ്ഞെടുക്കാൻ കാരണമായിരുന്നു. അന്നു വിഎസിന്റെ പിന്നിൽ ഉറച്ചുനിന്ന് തന്ത്രങ്ങളൊരുക്കി നടപ്പാക്കിയവരിൽ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ.ബേബി തുടങ്ങിയ പേരുകൾ കാണുമ്പോൾ ഇപ്പോൾ അദ്ഭുതം തോന്നാം. പാലക്കാട് സമ്മേളനം വിഎസിനെ പാർട്ടിയിൽ അതിശക്തനാക്കി മാറ്റി.
ജനപിന്തുണയുടെ ബലം
2001ൽ വിഎസ് ആദ്യമായി മലമ്പുഴയിൽ മത്സരിക്കാനെത്തിയത് ആളും ആരവവും ഇല്ലാതെയാണ്.
പക്ഷേ, ജയിച്ചു പ്രതിപക്ഷ നേതാവായപ്പോൾ അന്നുവരെ കേരളം കാണാത്ത മറ്റൊരു വിഎസിനെയാണു കണ്ടത്. സംസ്ഥാനത്തുടനീളം വിവിധ പ്രശ്നങ്ങളിൽ ഇടപെട്ട
വിഎസ് ജനപിന്തുണ നേടിയെടുത്തു.പാലക്കാട്ട് എംഎൽഎ ഓഫിസും തിരുവനന്തപുരത്തു പ്രതിപക്ഷ നേതാവിന്റെ ഓഫിസും കേന്ദ്രീകരിച്ചു മലമ്പുഴയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു നടപ്പാക്കി. മാസത്തിലൊരിക്കൽ ഉറപ്പായും പറ്റുമെങ്കിൽ രണ്ടു തവണയും അദ്ദേഹം മണ്ഡലത്തിലെത്തിയിരുന്നു.
മത്സരിച്ച തിരഞ്ഞെടുപ്പുകളിൽ ഒന്നിലും ഒരാഴ്ചയിൽ കൂടുതൽ വിഎസ് മലമ്പുഴയിൽ പ്രചാരണം നടത്തിയിട്ടില്ല. തങ്ങളുടെ സ്വന്തമാണെങ്കിലും കേരളത്തിന്റെ ജനകീയ നേതാവിനെ സന്തോഷപൂർവം മലമ്പുഴക്കാർ മറ്റുള്ളവർക്കു വിട്ടുനൽകി.
പരിഭവമേതുമില്ലെന്നു തെളിയിക്കാൻ അവർ ആദ്യ തിരഞ്ഞെടുപ്പിലെ ചെറിയ ഭൂരിപക്ഷം ഓരോ തവണയും പതിനായിരങ്ങൾ കടത്തി വർധിപ്പിച്ചു. വിഎസിന്റെ പാർലമെന്ററി ജീവിതത്തിലെ പ്രധാന സ്ഥാനങ്ങളെല്ലാം ലഭിച്ചതു മലമ്പുഴയുടെ പ്രതിനിധിയായിട്ടാണ്.
ജന്മസ്ഥലമായ ആലപ്പുഴയിൽ രണ്ടു തവണ തിരഞ്ഞെടുപ്പുകളിൽ കാലിടറിയ അദ്ദേഹത്തെ ഒന്നുലയുകപോലും ചെയ്യാതെ ചേർത്തു നിർത്തിയതു പാലക്കാടാണ്.
ഇലക്കറികളോട് ഇഷ്ടം
പാർട്ടിയിലെ കടുപ്പക്കാരൻ സഖാവ് ഭക്ഷണക്കാര്യത്തിലും കടുകട്ടിയായിരുന്നു. രാവിലെ 2 ഇഡ്ഡലി അല്ലെങ്കിൽ 2 ദോശ.
അൽപം ചട്ണിയോ സാമ്പാറോ. കാപ്പിയും ചായയും കുടിക്കില്ല.
ഞവര അരിയുടെ ഇഷ്ടക്കാരൻ. ഞവരക്കർഷകൻ പി.നാരായണനുണ്ണിയുടെ പക്കൽ നിന്നാണ് അരി വിഎസിന് എത്തിക്കുക.
ഇലക്കറികളോടും കടുത്ത ഇഷ്ടം. ഏതു പ്രദേശത്ത് എത്തിയാലും അവിടുത്തെ ഇലക്കറികളെക്കുറിച്ചു പ്രകൃതിചികിത്സകരോടും മറ്റും ചോദിച്ചു മനസ്സിലാക്കും.
ബോധ്യപ്പെട്ട ശേഷം കഴിക്കും.
അതാണു രീതി.
താമസത്തിന് താരേക്കാട് റെസ്റ്റ് ഹൗസ്
മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട്ടെത്തിയാൽ താമസിക്കുന്നത് സുൽത്താൻപേട്ട റോഡിലുള്ള കെഎസ്ഇബി ഇൻസ്പെക്ഷൻ ബംഗ്ലാവിലാണ്.
വി.എസ്.അച്യുതാനന്ദൻ പാലക്കാട്ടെത്തിയാൽ താമസിക്കുന്നതു താരേക്കാടുള്ള പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലാണ്. അദ്ദേഹം അവിടെ മാത്രമേ താമസിക്കൂ.
എന്തുകൊണ്ടെന്നു ചോദിച്ചാൽ അധികം സൗകര്യങ്ങളൊന്നും ഇല്ലെങ്കിലും വീടിന്റെ (ഹോംലി) അന്തരീക്ഷമാണ്. ഒരു സംതൃപ്തി ഫീൽ ചെയ്യും.
ഇതായിരുന്നു വിഎസിന്റെ ഉത്തരമെന്നു മുൻപ് അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്ന പഴ്സനൽ അസിസ്റ്റന്റ് എ.സുരേഷ് ഓർക്കുന്നു. വീട്ടുമുറ്റത്തെന്ന പോലെ റെസ്റ്റ് ഹൗസിനു ചുറ്റും നടക്കാം.
വേണ്ടത്ര സ്ഥലമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]