മലയോര ഹൈവേ ആദ്യഘട്ടം തുടങ്ങുന്നു: കോഴിക്കോട്– പാലക്കാട് ദേശീയപാതയുമായി ബന്ധിപ്പിക്കും
പാലക്കാട് ∙ ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളെ ബന്ധിപ്പിച്ചു നിർമിക്കുന്ന മലയോര ഹൈവേയുടെ ആദ്യഘട്ട
നിർമാണത്തിന്റെ പ്രാരംഭ പ്രവൃത്തികൾ ആരംഭിച്ചു. ജില്ലയുടെ അതിർത്തിപ്രദേശമായ കാഞ്ഞിരംപാറയിൽ നിന്നു കുമരംപുത്തൂർ ചുങ്കം വരെ 18 കിലോമീറ്റർ ദൂരമാണ് ഒന്നാംഘട്ട
നിർമാണം. ഇതു കോഴിക്കോട്– പാലക്കാട് ദേശീയപാതയിൽ എത്തിച്ചേരും.
പാരിസ്ഥിതിക പഠനവും മറ്റും പൂർത്തീകരിച്ചു. മണ്ണു പരിശോധനയും (സിവിആർ) ആരംഭിച്ചു.
READ ALSO
ഒന്നര മണിക്കൂറിൽ എത്താവുന്ന കോഴിക്കോട്– പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ; സർവീസ് റോഡ് ഇല്ല, അടിപ്പാത മാത്രം
Kozhikode News
നിലവിലെ കുമരംപുത്തൂർ- ഒലിപ്പുഴ സംസ്ഥാനപാതയാണ് മലയോര ഹൈവേയുടെ ഭാഗമായി മാറുന്നത്.
ആദ്യ റീച്ചിനായി മാത്രം 94 കോടി രൂപ ചെലവ് കണക്കാക്കുന്നുണ്ട്. 12 മീറ്റർ വീതിയിൽ അഴുക്കുചാലോടു കൂടിയാണു റോഡ്. ഇതിൽ 9 മീറ്ററിൽ പൂർണമായും ടാറിങ് നടത്തും.
അലനല്ലൂർ, കോട്ടോപ്പാടം ടൗണുകൾക്കു പുറമേ പ്രധാന ജംക്ഷനുകളായ ഭീമനാട്, മേലേ അരിയൂർ ഉൾപ്പെടെ പത്തോളം ഇടങ്ങളിൽ കൈവരികളോടു കൂടിയ നടപ്പാതയുണ്ടാകും. പാതയുടെ അരികിൽ ടൈൽവിരിക്കും, യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും ബസ് ബേയും, കാത്തിരിപ്പുകേന്ദ്രങ്ങളും ഒരുക്കും. അഴുക്കുചാലിനു മുകളിൽ സ്ലാബിട്ടാണു നടപ്പാത സംവിധാനം ഒരുക്കുക. ഒട്ടേറെ വളവുകളുള്ള പാതയിൽ സാധ്യമായ സ്ഥലത്തെല്ലാം വളവുകൾ നിവർത്തി സുഗമമായ ഗതാഗതം സാധ്യമാകുന്ന തരത്തിലാണ് റോഡ് രൂപകൽപന ചെയ്തിട്ടുള്ളത്.
ജില്ലയിലെ റീച്ചുകളിൽ പാലം നിർമിക്കില്ല. ഹൈവേ കടന്നുപോകുന്ന പ്രദേശത്ത് അധികമായി സ്ഥലമേറ്റെടുപ്പ് ആവശ്യമായി വന്നില്ലെന്ന് അധികൃതർ പറഞ്ഞു. മരങ്ങൾ മുറിച്ചുമാറ്റുകയും വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കുകയും ചെയ്തു.
കേരള റോഡ് ഫണ്ട് ബോർഡ് മേൽനോട്ടം വഹിക്കുന്ന പദ്ധതിയിൽ ഊരാളുങ്കൽ ലേബർ കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണു നിർമാണച്ചുമതല. രണ്ടു വർഷമാണ് ആദ്യ റീച്ചിന്റെ നിർമാണ കാലാവധി.
അഞ്ച് റീച്ചായി പ്രവൃത്തി
ജില്ലയിൽ അഞ്ചു റീച്ചുകളിലായാണ് ഹൈവേയുടെ നിർമാണം പൂർത്തീകരിക്കുക. ഗോപാലപുരത്തു നിന്നു കന്നിമാരി വരെ രണ്ടാം റീച്ചും കന്നിമാരിയിൽ നിന്നും നെടുമണി വരെ മൂന്നാം റീച്ചും നെടുമണി മുതൽ പനങ്ങാട്ടിരി വരെ നാലാം റീച്ചും നിർമിക്കും.
ഇതിലെ അഞ്ചാം റീച്ചായാണ് വടക്കഞ്ചേരി മേഖലയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യം നിശ്ചയിച്ചിരുന്ന മേഖലകളെ ഒഴിവാക്കി പുതിയ പഠനം നടത്തിയാണു മറ്റു മേഖലകളെ ഹൈവേക്കായി തിരഞ്ഞെടുത്തത്.
നാലാം റീച്ചിൽ തെന്മലയോരത്തെ പൊതുമരാമത്ത് പാതകളും പഞ്ചായത്ത് പാതകളും നവീകരിച്ച് മലയോര ഹൈവേയാക്കാനായിരുന്നു മുൻപ് പ്രാഥമിക പഠനം നടത്തിയത്. ഇതൊഴിവാക്കിയാണ് അഞ്ചാം റീച്ചിൽ ഉൾപ്പെടുത്തിയത്.
ഗോപാലപുരം മുതൽ വടക്കഞ്ചേരി തങ്കം ജംക്ഷൻ വരെയാണു പാതയൊരുക്കുന്നത്. എന്നാൽ ഈ മേഖലകളിലെ സ്ഥലമേറ്റെടുപ്പ് നടപടികൾ ആരംഭിച്ചിട്ടില്ല.
സ്ഥലമേറ്റെടുപ്പിനുള്ള പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]