
അൻവറും അൻഷാദും എത്തി: മുഹമ്മദ് മുസ്തഫ ജീവിതത്തിലേക്ക് തിരിച്ചെത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അലനല്ലൂർ ∙ അൻവറും അൻഷാദും രക്ഷകരായി എത്തിയതോടെ മുഹമ്മദ് മുസ്തഫ കുളത്തിന്റെ ആഴങ്ങളിൽ നിന്ന് ജീവിതത്തിലേക്കു തിരിച്ചുകയറി. വഴങ്ങല്ലിയിലെ കീടത്ത് അബ്ദുൽ കരീമിന്റെ മകൻ മുഹമ്മദ് മുസ്തഫ (12) ആണ് ഇന്നലെ ഉച്ചയോടെ വഴങ്ങല്ലി ജുമാമസ്ജിന്റെ കുളത്തിൽ മുങ്ങിത്താഴ്ന്നത്. കൃത്യസമയത്ത് കൂട്ടുകാരായ കുട്ടികളുടെ ഇടപെടലും അൻവറിന്റെയും അൻഷാദിന്റെയും രക്ഷാപ്രവർത്തനവുമാണു മുസ്തഫയ്ക്കു ഭാഗ്യമായത്.
കൂട്ടുകാരൊടൊപ്പം കുളിക്കാനെത്തിയ മുസ്തഫ ഇന്നലെ രാവിലെ 11.40നാണ് അപകടത്തിൽപെട്ടത്. ഒപ്പമുണ്ടായിരുന്ന കുട്ടികൾ മുസ്തഫ കുളത്തിൽ താഴുന്നത് കണ്ടെങ്കിലും തമാശ കാണിക്കുകയാകുമെന്നു വിചാരിച്ച് ആദ്യം കാര്യമാക്കിയില്ല. കുറച്ചുനേരം കഴിഞ്ഞിട്ടും പൊങ്ങിവരാത്തതു കണ്ടതോടെ ഇവർക്ക് അപകടം മണത്തു.
കൂട്ടത്തിൽ നീന്തൽ അറിയാവുന്ന ഒരാൾ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.ഉടൻ തൊട്ടടുത്ത വീട്ടിലെത്തി അപകടവിവരം പറഞ്ഞതോടെ ഓടിയെത്തിയ മയമൂച്ചിക്കൽ അൻവറും കണ്ണംകുണ്ട് സ്വദേശി കൊടുവള്ളി അൻഷാദും മറ്റു കുട്ടികൾ കാണിച്ചുകൊടുത്ത ഭാഗത്തേക്ക് ചാടി മുങ്ങിത്തപ്പിയാണു കുട്ടിയെ പുറത്തെടുത്തത്. ബോധം നഷ്ടപ്പെട്ട നിലയിലാരുന്നു.
ഇരുവരും ചേർന്ന് കുളത്തിന്റെ ചവിട്ടുപടിയിൽ കിടത്തി വായ ഉപയോഗിച്ച് ശ്വാസം നൽകിയും മറ്റും രക്ഷാപ്രവർത്തനം നടത്തിയതോടെ കുട്ടി ഛർദിക്കുകയും കണ്ണുതുറക്കുകയും ചെയ്തു. ഉടൻ അലനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. അപകടനില തരണം ചെയ്ത കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.