
ഒരായിരം കിണറുകളുടെ സംരക്ഷണത്തിനായാണ് ഈ പോരാട്ടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ ഒന്നല്ല, ഒരായിരം കിണറുകൾ സംരക്ഷിക്കാൻ വേണ്ടിയായിരുന്നു വേദോപാസകൻ എസ്.ഗിരിധറിന്റെ സ്വയം പീഡനമേറ്റുള്ള പ്രതിഷേധം. പൊള്ളുന്ന വെയിലിൽ മണിക്കൂറുകളോളം മുട്ടുകുത്തി നിന്ന് ഉപവസിച്ചായിരുന്നു അത്. കിണർ സംരക്ഷിക്കുകയെന്ന മുദ്രാവാക്യവുമായി പാലക്കാട് ഹെഡ്പോസ്റ്റ് ഓഫിസിനു സമീപം കരാളാ സ്ട്രീറ്റിലേക്കു പ്രവേശിക്കുന്നിടത്തെ തകർന്നുകൊണ്ടിരിക്കുന്ന കിണറിനു സമീപം റോഡരികിലായിരുന്നു പ്രതിഷേധം. കണ്ടവരൊക്കെ വന്നു വിവരം തിരക്കി. ഒപ്പം സമീപത്തു തകർന്നു കൊണ്ടിരിക്കുന്ന കിണറും കണ്ടു. പ്രതിഷേധത്തിനു പിന്തുണ അറിയിച്ചു. ഒരിക്കൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ വീണ്ടെടുത്തു കൊടുത്ത കിണറാണ് സംരക്ഷണം ഇല്ലാതെ നശിക്കുന്നത്.
തുള്ളി വെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോഴും കിണറുകളും കുളങ്ങളുമെല്ലാം നശിപ്പിക്കുകയാണ്. ഇതിനെതിരെ പാലക്കാട് രാമനാഥപുരത്തു താമസിക്കുന്ന വേദാധ്യാപകൻ കൂടിയായ ഗിരിധറിന്റെ നേതൃത്വത്തിൽ പ്രയത്നം തുടരുകയാണ്. നഗരത്തിലും പരിസരത്തുമായി കുളം, കിണർ ഉൾപ്പെടെ 18 ജലാശയങ്ങൾ വൃത്തിയാക്കി ഇദ്ദേഹം നാടിനു വീണ്ടെടുത്തു നൽകിയിരുന്നു.
തമിഴ്നാട് കുംഭകോണം സ്വദേശിയായ ഗിരിധർ 20 വർഷം മുൻപ് വേദാധ്യാപകനായാണു പാലക്കാട്ടെത്തിയത്. അന്നു മുതൽ ജലസംരക്ഷണത്തിനായി പോരാട്ടം തുടരുന്നു.
കിണറിന്റെ ഇടിച്ചിൽ റോഡിലേക്കും: ആശങ്ക കനക്കുന്നു
പാലക്കാട് ഹെഡ്പോസ്റ്റ് ഓഫിസിനു സമീപം കരാളാ സ്ട്രീറ്റിലേക്കു പ്രവേശിക്കുന്നിടത്തെ പൊതു കിണറിന്റെ തകർച്ച റോഡിലേക്കും വ്യാപിക്കുന്നു. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ഏതു സമയവും റോഡിന്റെ ഭാഗവും കിണറിലേക്കു പതിക്കുന്ന സ്ഥിതിയാണ്. ഇവിടെ ഓട്ടോ സ്റ്റാൻഡുമുണ്ട്. കഴിഞ്ഞ മഴക്കാലത്താണ് കിണർ ഇത്രയേറെ തകർന്നത്. ഇതു നേരെയാക്കാൻ ചിലർ തയാറായി വന്നെങ്കിലും മറ്റു ചിലർ വൻതുക നോക്കുകൂലിയായി ചോദിച്ചതായും ആരോപണം ഉയർന്നിരുന്നു. പാലക്കാട് നഗരസഭ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ഇതുവഴിയുള്ള യാത്ര ആശങ്കയിലാകും.