പാലക്കാട് ∙ ഈ തിരഞ്ഞെടുപ്പിനു മുൻപെങ്കിലും കമ്മിഷൻ ചെയ്തു പത്തു വർഷം പിന്നിട്ട പാലക്കാട് – പൊള്ളാച്ചി റൂട്ടിൽ അനുവദിച്ച ട്രെയിനുകളിൽ ഒന്നെങ്കിലും സർവീസ് തുടങ്ങുമോ? തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ അമൃത് ഭാരത് എക്സ്പ്രസ് ഉൾപ്പെടെ മൂന്നും നാലും ട്രെയിനുകൾ അടുത്ത ദിവസം ആരംഭിക്കുമ്പോഴും ട്രെയിനിനു വേണ്ടിയുള്ള പൊള്ളാച്ചി പാതയുടെ നീണ്ട
കാത്തിരിപ്പ് അവസാനിക്കുന്നില്ല.
10 മണിക്കൂർ ട്രെയിനില്ലാത്ത റൂട്ടിൽ സർവീസ് തുടങ്ങാത്തതിന്റെ കാരണം വിശദീകരിക്കാൻ റെയിൽവേ അധികൃതർക്കും കഴിയുന്നില്ല. തിരഞ്ഞെടുപ്പു വികസനനേട്ടമായെങ്കിലും ഇത്തവണ ട്രെയിൻ ആരംഭിച്ചേക്കുമെന്ന കണക്കുകൂട്ടലിലാണു യാത്രക്കാർ.
പാലക്കാട് – പൊള്ളാച്ചി, പാലക്കാട് – പൊള്ളാച്ചി – കോയമ്പത്തൂർ റൂട്ടിൽ പാസഞ്ചർ, മെമു സർവീസുകൾക്കായി കേന്ദ്രഭരണകക്ഷി നേതാക്കളും സംസ്ഥാന സർക്കാരും കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന പരാതിയും ശക്തമാണ്.
നവീകരണത്തിനു മുൻപു 10 സർവീസുകൾ മികച്ച രീതിയിൽ നടത്തിയിരുന്ന പൊള്ളാച്ചി റൂട്ടിൽ നിലവിലുള്ളതു തിരുവനന്തപുരം – രാമേശ്വരം എക്സ്പ്രസും പാലക്കാട് – ചെന്നൈ സൂപ്പർ ഫാസ്റ്റും പാലക്കാട് – തിരുച്ചെന്തൂർ എക്സ്പ്രസുമാണ്. നാലുവർഷം മുൻപു പൊള്ളാച്ചി വഴി മംഗളൂരു – രാമേശ്വരം പ്രതിവാര ട്രെയിനും രണ്ടു വർഷം മുൻപു കോയമ്പത്തൂർ – ബെംഗളൂരു ഡബിൾ ഡെക്കർ എക്സ്പ്രസും ഒരു വർഷം മുൻപു പാലക്കാട് – മയിലാടുംതുറൈ പാസഞ്ചറും റെയിൽവേ ബോർഡ് രേഖാമൂലം അനുവദിച്ചെങ്കിലും ഒരു ട്രെയിനും സർവീസ് ആരംഭിച്ചില്ല.
ആയിരക്കണക്കിനു സാധാരണക്കാരും ഒട്ടേറെ ജീവനക്കാരും ആശ്രയിക്കുന്ന റൂട്ടിൽ ട്രെയിനുകൾക്കായി എംപിമാരുൾപ്പെടെ പലതവണ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. മംഗളൂരൂ – പൊള്ളാച്ചി റൂട്ടിൽ സ്പെഷൽ സർവീസ് പരിഗണിക്കുന്നതായാണ് ഒടുവിലത്തെ വിവരം. അതേസമയം, തൊട്ടടുത്ത കോയമ്പത്തൂർ – പോത്തനൂർ – പൊള്ളാച്ചി, കോയമ്പത്തൂർ – ബെംഗളൂരു റൂട്ടിൽ പുതിയ ട്രെയിനുകൾക്കുള്ള തമിഴ്നാടിന്റെ ശക്തമായ രാഷ്ട്രീയ ഇടപെടലിൽ ഫലം കണ്ടു.
ഒരു വർഷത്തിനിടെ മേഖലയിൽ അവർക്കു 3 സർവീസുകൾ ലഭിച്ചു. പാലക്കാട് എത്തേണ്ട
ട്രെയിനും തിരിച്ചുവിട്ടു.
അമൃത് ഭാരതിന് പാലക്കാട്ട് സ്റ്റോപ്പ്
നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന അമൃത് ഭാരത് എക്സ്പ്രസുകളിൽ ചെർലാപ്പള്ളി (ആന്ധപ്രദേശ്) – നാഗർകോവിൽ എക്സ്പ്രസിന് പാലക്കാട് ജംക്ഷനിലും നാഗർകോവിൽ – മംഗളൂരു അമൃത് ഭാരതിനു ഷൊർണൂരും സ്റ്റോപ്പുണ്ട്. സമയക്രമം അടുത്ത ദിവസം അറിയിക്കും.
അമൃത് ഭാരത് എക്സ്പ്രസിന്റെ ശുചീകരണം ഷൊർണൂരിൽ
ഷൊർണൂർ ∙ പുതുതായി സർവീസ് ആരംഭിക്കുന്ന നാഗർകോവിൽ മംഗളൂരു അമൃത് ഭാരത് എക്സ്പ്രസിന്റെ ശുചീകരണത്തിനു കൂടുതൽ സൗകര്യം ഷൊർണൂരിൽ.
320 കിലോമീറ്റർ യാത്ര ചെയ്യുന്ന സാഹചര്യത്തിലാണു ട്രെയിനിനു ഷൊർണൂരിൽ കൂടുതൽ സൗകര്യം റെയിൽവേ ഒരുക്കിയിട്ടുള്ളത്.
നാഗർകോവിലിൽ നിന്നു മംഗളൂരുവിലേക്കുള്ള ട്രെയിൻ (16329) ചൊവ്വാഴ്ചകളിൽ രാവിലെ 11.40നു പുറപ്പെട്ട് ബുധനാഴ്ച രാവിലെ അഞ്ചിനു മംഗളൂരുവിലെത്തും. തിരിച്ച് (16330) മംഗളൂരു ജംക്ഷനിൽ നിന്നു രാവിലെ എട്ടിനു പുറപ്പെട്ട് രാത്രി 10.05നു നാഗർകോവിലിലെത്തും.
തിരുവനന്തപുരം, കോട്ടയം, ഷൊർണൂർ വഴിയാണു യാത്ര. ആകെ 19 സ്റ്റോപ്പുകൾ.
ആഴ്ചയിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ മാത്രമാണു സർവീസ്. ട്രെയിനിന്റെ അറ്റകുറ്റപ്പണികൾക്കുള്ള ഷെഡ് നാഗർകോവിലിലാണ്. ട്രെയിൻ ശുചീകരിക്കാൻ ഷൊർണൂരിൽ മാത്രമാണ് ഇടയിൽ സൗകര്യമുള്ളത്.
ഒരു ബോഗിയിൽ 2 പേർ വച്ചാണ് ഷൊർണൂർ എത്തുമ്പോൾ ബോഗികൾ ശുചീകരിക്കുക. നാൽപത്തഞ്ചിലധികം തൊഴിലാളികളാണ് ഇതിനു വേണ്ടി ഉണ്ടാവുക.
22 കോച്ചുകളുള്ള ട്രെയിനിൽ 11 ജനറലും 8 സ്ലീപ്പറുമാണുള്ളത്.
മറ്റ് 2 അമൃത് ഭാരത് എക്സ്പ്രസുകളായ താംബരം – തിരുവനന്തപുരം അമൃത് ഭാരത് (16121) ബുധനാഴ്ചകളിൽ വൈകിട്ട് 5.30നു പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ എട്ടിനു തിരുവനന്തപുരത്തെത്തും. തിരിച്ച് (16122) വ്യാഴാഴ്ച രാവിലെ 10.40നു പുറപ്പെട്ട് അന്നു രാത്രി 11.45നു താംബരത്തെത്തും. ചെർലാപ്പള്ളി – തിരുവനന്തപുരം നോർത്ത് അമൃത് ഭാരത് എക്സ്പ്രസ് ആവട്ടെ ചൊവ്വാഴ്ചകളിൽ രാവിലെ 7.15നു പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 2.45നു തിരുവനന്തപുരത്തെത്തും.
മടക്ക ട്രെയിൻ ബുധനാഴ്ചകളിൽ വൈകിട്ട് 5.30നു പുറപ്പെട്ടു വ്യാഴാഴ്ചകളിൽ രാത്രി 11.30നു ചെർലാപ്പള്ളിയിൽ (ഹൈദരാബാദ്) എത്തും.
കോട്ടയം വഴിയാണ് ഈ സർവീസ്. വെള്ളിയാഴ്ച തിരുവനന്തപുരത്തു പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് അമൃത് ഭാരത് ട്രെയിനുകളും ഉദ്ഘാടനം ചെയ്യും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

