കൂറ്റനാട് ∙ ചാലിശ്ശേരി മുലയംപറമ്പത്തുകാവ് മൈതാനത്ത് 2 മുതൽ 11 വരെ നടക്കുന്ന ഗ്രാമീണ സ്ത്രീ സംരംഭക വ്യാപാരോത്സവമായ ദേശീയ സരസ് മേളയ്ക്കുള്ള പവിലിയൻ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമായി. മൂന്ന് വേദികളുടെ പണികളാണ് തുടങ്ങിയത്.
വിവിധ ഇനം സ്റ്റാളുകൾ, ഭക്ഷണശാല, പ്രധാനവേദി തുടങ്ങിയ മൂന്ന് വേദികൾ ഉൾപ്പെടെ ഏകദേശം ഒരു ലക്ഷം ചതുരശ്ര അടി വലുപ്പമുള്ള പന്തലുകളുടെ പണികളാണ് നടക്കുന്നത്. കൊല്ലം അസീസ് കമ്പനിക്കാണ് നിർമാണ ചുമതല.
പതിനഞ്ചോളം പേർ മൈതാനത്തു താമസിച്ചാണ് പന്തൽ പണി നടത്തുന്നത്. രണ്ടിന് വൈകിട്ട് 5.30നു മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും.
നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ വിശിഷ്ടാതിഥിയാകും.
മന്ത്രി കെ.കൃഷ്ണൻകുട്ടി, പൊന്നാനി, പാലക്കാട് എംപിമാരായ അബ്ദുൽ സമദ് സമദാനി, വി.കെ.ശ്രീകണ്ഠൻ എന്നിവർ പങ്കെടുക്കും. കേരളം ഉൾപ്പെടെ 28 സംസ്ഥാനങ്ങളിൽ നിന്ന് 8 കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 250 പ്രദർശന വിപണന സ്റ്റാളുകളിൽ കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, ഗൃഹോപകരണങ്ങൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങി വിവിധ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും നടക്കും.
ഫുഡ്കോർട്ട്, സംഗീത നൃത്തനിശകൾ, സെമിനാറുകൾ, പുഷ്പമേള എന്നിവയും ഉണ്ടാകും. 11ന് വൈകിട്ട് 6ന് സമാപന സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
വിവിധ ദിവസങ്ങളിൽ മന്ത്രിമാരായ പി.എ.
മുഹമ്മദ് റിയാസ്, കെ.രാജൻ, സജി ചെറിയാൻ, ആർ.ബിന്ദു, പി.രാജീവ്, പി. പ്രസാദ്, അബ്ദുറഹിമാൻ, ആലത്തൂർ എംപി കെ.രാധാകൃഷ്ണൻ, നടി മഞ്ജു വാരിയർ എന്നിവർ പങ്കെടുക്കും.
മേളയുടെ പ്രചാരണത്തിന്റെ ഭാഗമായി ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ ഗൃഹസന്ദർശനവും 28ന് ശുചീകരണ പ്രവർത്തനങ്ങളും നടക്കും. 30ന് കൂട്ടുപാത മുതൽ ചാലിശ്ശേരി വരെ മിനി മാരത്തണും ഉണ്ടാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

