വാളയാർ ∙ മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള അതിർത്തി ചെക്പോസ്റ്റുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ യുപിഐ വഴിയുള്ള കൈക്കൂലിയിടപാടുകൾ കണ്ടെത്തി.വാളയാർ, നടുപ്പുണി, ഗോവിന്ദാപുരം, ഗോപാലപുരം, മീനാക്ഷിപുരം എന്നീ ചെക്പോസ്റ്റുകളിൽ ഒരേ സമയമായിരുന്നു പരിശോധന.ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മൃഗസംരക്ഷണ വകുപ്പിലെ മുഴുവൻ ഉദ്യോഗസ്ഥരും ഫോണുകളിൽ നിന്നു യുപിഐ ആപ്പുകൾ നീക്കിയതിൽ സംശയം തോന്നി വിജിലൻസ് നടത്തിയ പരിശോധനയിലാണു കൈക്കൂലി ഇടപാടു കണ്ടെത്തിയത്.പണം ട്രാൻസ്ഫർ ചെയ്ത ഉടൻ ആപ്പുകൾ ഡിലീറ്റാക്കുന്നതായിരുന്നു തന്ത്രമെന്നും വിജിലൻസ് പറഞ്ഞു.
വാളയാറിൽ കൈക്കൂലിയായി ലൈവ്സ്റ്റോക് ഇൻസ്പെക്ടർ വാങ്ങി സൂക്ഷിച്ച 4000 രൂപ പിടികൂടി.മറ്റിടങ്ങളിൽ പരിശോധന നടത്തുന്നതിലും രേഖകൾ സൂക്ഷിക്കുന്നതിലും വ്യാപക ക്രമക്കേടു കണ്ടെത്തി. ബുധനാഴ്ച അർധ രാത്രി ആരംഭിച്ച പരിശോധന പൂർത്തിയാക്കിയത് ഇന്നലെ പുലർച്ചെ ആറോടെയാണ്.വാളയാറിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ കെ.പ്രിജുവിൽ നിന്നാണു കൈക്കൂലിപ്പണം പിടിച്ചത്.
കേരളത്തിലേക്കു കൊണ്ടുവരുന്ന കന്നുകാലികൾക്കു പ്രതിരോധ കുത്തിവയ്പുകൾ എടുത്തിട്ടുണ്ടോ എന്നും പകർച്ചവ്യാധികൾ ഉണ്ടോയെന്നും പരിശോധിക്കാതെ കൈക്കൂലി വാങ്ങി വാഹനങ്ങൾ കടത്തിവിടുന്നതായി കണ്ടെത്തി.
കോഴിമുട്ടയും കോഴിക്കുഞ്ഞുങ്ങളെയും കൊണ്ടുവരുമ്പോൾ സംസ്ഥാനത്തിനു ലഭിക്കേണ്ട നികുതി കൈക്കൂലി കൈപ്പറ്റി കുറച്ചു നൽകുന്നതും ശ്രദ്ധയിൽപെട്ടു.
പല ചെക്പോസ്റ്റുകളിലും ഡോക്ടറുടെ സേവനമുണ്ടായിരുന്നില്ല. കന്നുകാലിയുമായി വരുന്നവർ തന്നെ ചെക്പോസ്റ്റ് സീൽവച്ചു വാഹനവുമായി കടന്നുപോകുന്നതായും കണ്ടെത്തി.വിജിലൻസ് സിഐമാരായ ടി.ഷിജു ഏബ്രഹാം, സി.അരുൺ പ്രസാദ്, എസ്.ശ്രീജിത്ത്, എം.ബിജു എന്നിവരുടെ നേതൃത്വത്തിൽ ഇരുപതിലേറെ ഉദ്യോഗസ്ഥർ ഒരുമിച്ചാണു പരിശോധന നടത്തിയത്.ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കു ശുപാർശ ചെയ്തു വിജിലൻസ് ഡയറക്ടർക്കു റിപ്പോർട്ട് സമർപ്പിക്കുമെന്ന് വിജിലൻസ് ഡിവൈഎസ്പി ബെന്നി ജേക്കബ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

