ഷൊർണൂർ ∙ 1992 നവംബർ ഒന്ന്. രാവിലെ 11.10ന് ഗുണ്ടക്കല്ലിൽ നിന്ന് ബെംഗളൂരുവിലേക്ക് ആ റൂട്ടിലെ ആദ്യത്തെ രാജധാനി എക്സ്പ്രസ് ചൂളംവിളിച്ച് യാത്ര ആരംഭിച്ചു.
ഷൊർണൂർ പരുത്തിപ്ര ഹേമയിൽ വീട്ടിൽ രാമൻകുട്ടി നായരായിരുന്നു (91) ലോക്കോ പൈലറ്റുമാരിൽ ഒരാൾ. അക്കാലത്തെ ഏറ്റവും വേഗം കൂടിയ ട്രെയിൻ.
എയർ ബ്രേക്കിങ് സിസ്റ്റമുള്ള ഡീസൽ എൻജിൻ ഘടിപ്പിച്ച ട്രെയിൻ ഓടിക്കാൻ രാമൻകുട്ടി നായർ കയറി. സ്റ്റേഷനിൽ നിന്ന് ഹോൺ മുഴക്കി ട്രെയിൻ മുന്നോട്ടുനീങ്ങി… രാമൻകുട്ടി നായരെ പിന്നീട് ഷൊർണൂരുകാർ ‘രാജധാനി’ എന്ന പേരു ചേർത്തു വിളിച്ചു തുടങ്ങി.
ചരിത്രത്തിലേക്ക് ട്രെയിനോടിച്ച രാമൻകുട്ടി നായർ ഇന്ത്യൻ റെയിൽവേയിൽ ജോലിക്കു ചേർന്നിട്ട് ഇന്നലെ 70 വർഷം തികഞ്ഞ സന്തോഷത്തിലാണു കുടുംബം. പരേതരായ ഷൊർണൂർ മല്ലിശേരി രാമൻ നായരുടെയും തിരുവില്വാമല മലേശമംഗലം പുത്തൻ മാരിയിൽ ഇത്തുക്കുട്ടി അമ്മയുടെയും രണ്ടാമത്തെ മകനാണ് രാമൻകുട്ടി നായർ.
റെയിൽവേ ജോലിക്കാരനായിരുന്ന അച്ഛന്റെ ജീവിതവഴിയേ രാമൻകുട്ടി നാ യരും മുന്നോട്ടുപോകാൻ തീരുമാനിച്ചു. 1955 സെപ്റ്റംബർ 20ന് ആന്ധ്രാപ്രദേശിലെ ഗുണ്ടക്കല്ലിൽ അപ്രന്റിസ് ഫയർമാനായി ജോലിയിൽ പ്രവേശിച്ചു.
പിന്നീട് അസിസ്റ്റന്റ് ലോക്കോ ഫോർമാൻ, പവർ കൺട്രോളർ, ജൂനിയർ ഫ്യുവൽ ഇൻസ്പെക്ടർ എന്നിങ്ങനെയുള്ള തസ്തികകളിൽ ജോലിചെയ്തു.
രാജയോഗമായി രാജധാനി നിയോഗം
1990 കാലത്ത് ന്യൂഡൽഹി – ബെംഗളൂരു പാതയിൽ പുതിയ ട്രെയിനിനു വേണ്ടിയുള്ള ആവശ്യം ഉയർന്നു. ഇതു പരിഗണിച്ച റെയിൽവേ റൂട്ടിൽ പുതിയ രാജധാനി എക്സ്പ്രസ് സർവീസിന് അനുമതി നൽകി.
1992 നവംബർ ഒന്നിന് സർവീസ് ആരംഭിച്ചു. ആദ്യ സർവീസിന് ഗുണ്ടക്കൽ ഡിവിഷനിൽ ലോക്കോ പൈലറ്റ് ആവുന്നത് രാമൻകുട്ടി നായർ ആണെന്ന് റെയിൽവേ നേരത്തെ അറിയിച്ചിരുന്നതിനാൽ 3 മാസം മുൻപ് തന്നെ പ്രത്യേക പരിശീലനം പൂർത്തിയാക്കി.
1992 നവംബർ ഒന്നിനു രാവിലെ 11.05ന് ഗുണ്ടക്കൽ സ്റ്റേഷനിൽ എത്തിയ ട്രെയിനിന്റെ കാബിനിലേക്ക് രാമൻകുട്ടി നായർ കയറി. കൂടെ മറ്റൊരു ലോക്കോ പൈലറ്റായി ഗുണ്ടക്കൽ സ്വദേശിയായ എൽ.എസ്.കർക്കാണിയും ഉണ്ടായിരുന്നു.
സമയം ആയതോടെ ഹോൺ മുഴക്കി ട്രെയിൻ മുന്നോട്ടുനീങ്ങി.
16 കോച്ചുകളുള്ള രാജധാനിക്ക് അടുത്ത സ്റ്റോപ് ധർമവര മായിരുന്നു. പിന്നെ നേരെ ബെംഗളൂരു.
അങ്ങനെ ഗുണ്ടക്കൽ മുതൽ ബെംഗളൂരു വരെ 308 കിലോമീറ്റർ രാജധാനിയുടെ ആദ്യയാത്രയിൽ ഗുണ്ടക്കൽ ഡിവിഷനു കീഴിലെ ആദ്യ ലോക്കോ പൈലറ്റ് എന്ന വിശേഷണവും രാമൻകുട്ടി നായർ സ്വന്തമാക്കി. 38 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ഫ്യുവൽ ഇക്കണോമി അവാർഡ്, മെയിന്റനൻസ് ഓഫ് ലോക്കോ അവാർഡ് എന്നിവയും മികച്ച സേവനത്തിന് റെയിൽവേ ജനറൽ മാനേജരിൽ നിന്ന് മികച്ച ലോക്കോ പൈലറ്റിനുള്ള അംഗീകാരവും ലഭിച്ചു.
1993 ജൂൺ 30ന് സർവീസിൽ നിന്നു വിരമിച്ചു. വിരമിച്ച ശേഷവും 30 വർഷക്കാലം ഷൊർണൂരിലാണു താമസിച്ചിരുന്നത്.
പിന്നീട് കോയമ്പത്തൂരിലെ മകളുടെ വീട്ടിലേക്കു താമസം മാറി. മുൻ മഹാരാഷ്ട്ര ഗവർണർ കെ.ശങ്കരനാരായണന്റെ ചെറിയമ്മയുടെ മകളായ പരേതയായ ഹേമാവതിയാണു ഭാര്യ.
ബിന്ദു. സുനിൽ, പരേതനായ രാജേഷ് എന്നിവർ മക്കളാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

