വാളയാർ ∙ പച്ചക്കറി ചാക്കിനടിയിൽ ഒളിപ്പിച്ചു കടത്തുന്നതിനിടെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ഡിറ്റനേറ്റർ ഫ്യൂസും ജലറ്റിൻ സ്റ്റിക്കും ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കൾ കേരളത്തിലേക്കു കടത്തി നൽകുന്ന സംഘത്തിലെ മുഖ്യകണ്ണിയായ പഴനി ധർമപുരി ഒടസൽപട്ടി സ്വദേശി സത്യരാജിനെയാണു (42) ജില്ലാ പൊലീസ് ക്രൈംബ്രാഞ്ച് ടീം അറസ്റ്റ് ചെയ്തത്. മേയ് 16നു വാളയാറിൽ പൊലീസിന്റെ വാഹനപരിശോധനയിൽ ലോറിയിൽ പച്ചക്കറി ചാക്കുകൾക്കടിയിൽ ഒളിപ്പിച്ചു കടത്തുന്നതിനിടെ 25,400 ജലറ്റിൻ സ്റ്റിക്കുകളും, 3600 നോൺ ഇലക്ട്രിക് ഡിറ്റനേറ്ററുകളും, 1500 ഇലക്ട്രിക് ഡിറ്റനേറ്ററുകളും പിടികൂടിയിരുന്നു.
കേസിൽ ലോറി ഡ്രൈവർ കാർത്തിക്കിനെയും അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസിന്റെ തുടരന്വേഷണം നിലവിൽ ക്രൈബ്രാഞ്ച് ടീമിനാണ്. ഇന്നലെ കാർത്തിക്കുമായി കോയമ്പത്തൂർ മധുക്കരയിൽ ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പു നടത്താൻ പോയപ്പോഴാണു കാർത്തിക്കിനു സ്ഫോടക വസ്തുക്കൾ കൈമാറിയ കേസിലെ മുഖ്യപ്രതിയായ സത്യരാജിനെ പൊലീസ് തിരിച്ചറിഞ്ഞതും പിടികൂടിയതും.
ഇയാളിൽ നിന്നു ഇടപാടുകാരുമായി ബന്ധപ്പെടാൻ ഉപയോഗിച്ച 12 മൊബൈൽ ഫോണുകളും 1,50,000 രൂപയും ഇരുപതോളം സിം കാർഡുകളും കണ്ടെടുത്തു. ഇയാൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
കേരളത്തിലെ ക്വാറികളിലേക്കും മറ്റുമായി അനധികൃതമായി സ്ഫോടക വസ്തുക്കൾ എത്തിച്ചു നൽകാൻ തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ചു പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ടെന്നും പിടിയിലായ സത്യരാജ് ഇതിലെ പ്രധാന കണ്ണിയാണെന്നും പൊലീസ് പറഞ്ഞു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റിലാകുമെന്നും ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി.എം.ഗോപകുമാർ അറിയിച്ചു.
എസ്ഐ കെ.വി.രാമസ്വാമി, ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ.ഉവൈസ്, സി.ശ്രീനിവാസൻ, വി.ജയൻ, സി.അനീസ്, പി.പ്രദീഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]