
മലമ്പുഴ ∙ മൈസൂർ വൃന്ദാവൻ മാതൃകയിൽ മലമ്പുഴ ഉദ്യാനത്തെ അണിയിച്ചൊരുക്കാനുള്ള പ്രവൃത്തികൾക്കു തുടക്കമായി. കേന്ദ്ര സർക്കാരിന്റെ ‘സ്വദേശി ദർശൻ’ പദ്ധതിയിൽ ഉൾപ്പെടുത്തി 78.78 കോടി രൂപ ചെലവിലാണു നവീകരണം.
അടുത്ത വർഷം മാർച്ച് അവസാനത്തോടെ നവീകരണം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. ജലസേചന വകുപ്പിന്റെ സഹകരണത്തോടെയാണു പദ്ധതി.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിനാണു നവീകരണച്ചുമതല.
നവീകരണം എങ്ങനെ ?
നിലവിലെ രൂപകൽപനയിൽ മാറ്റം വരുത്തും. ഓർക്കിഡ് പുഷ്പങ്ങളുടെ പാർക്ക്, തീം പാർക്ക്, ജലധാരകൾ, സ്വദേശിയും വിദേശിയുമായി പൂച്ചെടികളുടെ ഉദ്യാനം, വാട്ടർ കം മ്യൂസിക് ഫൗണ്ടൻ, നീന്തൽക്കുളം, പുൽമൈതാനങ്ങൾ, കുട്ടികൾക്കായി കളി സ്ഥലം ഉദ്യാനത്തിനു നടുവിലൂടെ നടപ്പാതകളും ഇരിപ്പിടങ്ങളും ഉൾപ്പെടെയുണ്ടാകും.
ഓൺലൈൻ ബുക്കിങ് സൗകര്യം, താമസവും ഭക്ഷണവും, യാത്രാ സൗകര്യങ്ങൾ, വിവിധ ഭാഷകൾ കൈകാര്യം ചെയ്യാൻ ഗൈഡുകൾ, മാലിന്യ സംസ്കരണ മിനി പ്ലാന്റ് ഉൾപ്പെടെ സൗകര്യങ്ങളുണ്ടാകും.
ഭിന്നശേഷിക്കാർക്ക് ഉദ്യാനം ആസ്വദിക്കാൻ കഴിയുന്ന വിധം റാംപുകൾ, വീൽചെയർ, വിശ്രമകേന്ദ്രങ്ങൾ, ഭിന്നശേഷി സൗഹൃദ ശുചിമുറി എന്നിവ ഒരുക്കും.
സംസ്ഥാനത്തെ പരമ്പരാഗത കലാരൂപങ്ങൾ പ്രദർശിപ്പിക്കാൻ പ്രത്യേക വേദികൾ ഒരുക്കും. കലാകാരൻമാരെ ഇവിടെ എത്തിച്ചു വിവിധ പരിപാടികളും സംഘടിപ്പിക്കും.
ആദിവാസി ഉൽപന്നങ്ങളുടെ പ്രദർശനത്തിനും വിപണനത്തിനും സൗകര്യമുണ്ടാകും.
മാംഗോ ഗാർഡനും ഗവർണേഴ്സ് സീറ്റും നവീകരിക്കും
മാംഗോ ഗാർഡനിൽ ഇരിപ്പിടങ്ങളും പുൽമൈതാനങ്ങളും ഒരുക്കും. മാംഗോ ഗാർഡനിൽ വിളയുന്ന മാമ്പഴങ്ങൾ സന്ദർശകർക്കു വാങ്ങാൻ കഴിയുന്ന വിധം വിപണന സൗകര്യമൊരുക്കും.
തകർന്നു കിടക്കുന്ന ഗവർണേഴ്സ് സീറ്റ് നവീകരിക്കും. ഡാമിന്റെയും വൃഷ്ടിപ്രദേശത്തിന്റെയും മലനിരകളുടെയും സൗന്ദര്യം ഉയരത്തിൽ നിന്ന് ആസ്വദിക്കാൻ ഗവർണേഴ്സ് സീറ്റിൽ കെട്ടിടങ്ങൾ സ്ഥാപിക്കും.
മറ്റു പദ്ധതികൾ
∙ ഉദ്യാനത്തിനകത്തും പുറത്തും സിസിടിവി ക്യാമറകൾ.
സുരക്ഷാ ഉദ്യോഗസ്ഥർ ഇതു മോണിറ്റർ ചെയ്യും. ∙ സൗജന്യ വൈഫൈ സ്പോട്ടുകൾ ∙ മലമ്പുഴയിലും പരിസരത്തുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ ബോർഡ്. റൂട്ട് മാപ്പ്, താമസ സൗകര്യം, ഭക്ഷണശാല എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും ∙ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ∙ കാരവൻ പാർക്ക് ചെയ്യാനായി ഉദ്യാനത്തിനു സമീപം സൗകര്യം.
കൂടുതൽ കാരവൻ പാർക്കുകളും ഒരുക്കും
ഉദ്യാനം അടച്ചിടും
നവീകരണത്തിന്റെ ഭാഗമായി ഓണം അവധി കഴിഞ്ഞ് ഉദ്യാനം അടച്ചിടും. ഇതിന്റെ തീയതി തീരുമാനിച്ചിട്ടില്ല.
പ്രധാന പ്രവൃത്തികൾ നടക്കുന്ന സമയം വരെ അടച്ചിടാനാണു നിലവിലെ തീരുമാനം. രണ്ടു മാസം വരെ അടച്ചിടേണ്ടി വരുമെന്നു ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]