
കൊഴിഞ്ഞാമ്പാറ ∙ യുവാവിനെ വീടിനകത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തിന്റെ ഭർത്താവ് അറസ്റ്റിലായി.
കൊഴിഞ്ഞാമ്പാറ കരംപൊറ്റ പരേതനായ മാരിമുത്തുവിന്റെ മകൻ സന്തോഷിനെയാണു (42) ചൊവ്വ രാത്രി പത്തോടെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോപാലപുരം മൂങ്കിൽമട
എൻ.ആറുച്ചാമിയാണ് (ആറുമുഖൻ – 45) അറസ്റ്റിലായത്. ഒറ്റയ്ക്കു താമസിക്കുകയായിരുന്ന സന്തോഷിനെ ആറുച്ചാമി രാത്രി വീട്ടിൽകയറി മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. സന്തോഷ് മർദനമേറ്റ് അവശനിലയിൽ കിടക്കുന്ന വിവരം ആറുച്ചാമിയുടെ ഭാര്യയാണു സ്റ്റേഷനിലെത്തി പൊലീസിനെ അറിയിച്ചത്
.
സന്തോഷും ആറുച്ചാമിയുടെ ഭാര്യയും നാലു വർഷത്തോളമായി സൗഹൃദത്തിലായിരുന്നു. ഇതേത്തുടർന്നുള്ള വൈരാഗ്യമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. ദിവസങ്ങൾക്കു മുൻപും സന്തോഷിനെ ആറുച്ചാമി മർദിച്ചിരുന്നു. സന്തോഷിന്റെ നെറ്റിയിൽ മർദനമേറ്റതിന്റെയും ടിവിയുടെ കേബിൾ ഉപയോഗിച്ചു കഴുത്തിൽ മുറുക്കിയതിന്റെയും പാടുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ ഫൊറൻസിക്, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവരുടെ തെളിവെടുപ്പ് നടത്തി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഗോപാലപുരം നരസിംഹപുരത്തു നിന്നു ഇന്നലെ പുലർച്ചെയോടെയാണ് ആറുച്ചാമിയെ പൊലീസ് പിടികൂടിയത്.
ഇന്നലെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പിന്നീട് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]